പേജുകള്‍‌

2010 നവംബർ 25, വ്യാഴാഴ്‌ച

ഹോപ്പ്‌



ഈ കഥയ്ക്കുമേല്‍ എനിക്ക്‌ യാതൊരു വിധ പേറ്റന്റുമില്ല. ഗോപാലന്‍ നായരുടെ പശു വായിച്ചതില്‍ പിന്നെ ബിനോയ്‌ മാഷ്‌ പറഞ്ഞു തന്നതാണ്‌. അപ്പോള്‍ത്തന്നെ നാട്ടുവിശേഷത്തില്‍ ചേര്‍ക്കുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിസ്വസിച്ചിട്ടില്ല. കാണുമ്പോള്‍ യുക്തം പോലെ ഞെട്ടുകയോ കേസു കൊടുക്കുകയോ ചെയ്തോട്ടെ.

പണ്ട്‌ ഒരു നാട്ടില്‍ ഒരു അലക്കുകാരനും ഭാര്യയും ജീവിച്ചിരുന്നു. പണ്ടെന്നു വച്ചാല്‍ ഇംഗ്ലീഷ്‌ ഭാഷയൊക്കെ നാട്ടില്‍ പ്രചാരമായതിനു ശേഷമാണ്‌. കാര്‍ണം ഈ കഥയിലെ താക്കോല്‍ വാക്ക്‌ ഒരു ആംഗലപദമാണ്‌. അവര്‍ക്ക്‌ ജ്യേഷ്ഠാനുജന്മാരായ രണ്ടു കഴുതകളും ഉണ്ടായിരുന്നു.

വിഴുപ്പലക്കുന്നതിന്റെ ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സുകൊണ്ടായിരിക്കണം, അലക്കുകാരന്‍ കഴുതകളെ കഴിയാവുന്നിടതോളം ചീത്ത പറയും.

അലക്കുകാരനുമൊത്തുള്ള ഈ ജീവിതം മടുത്ത ജ്യേഷ്ഠന്‍ കഴുത ഒരു ദിവസം വേല കഴിഞ്ഞ്‌ പുല്ലുമേയുന്നതിനിടെ അനിയനോടു പറഞ്ഞു:
"എടാ ഞാന്‍ എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ തീരുമാനിച്ചു. ഇങ്ങനെ ഇനി ജീവിക്കാന്‍ കഴിയില്ല. നടുവൊടിയും വരെ വിഴുപ്പെടുക്കണം. വൈകുവോളം ഈ ചെളിയില്‍ നില്‍ക്കണം. അതൊക്കെ സഹിക്കാം, ആ തെണ്ടിയുടെ വായില്‍ വരുന്നതൊക്കെ വൈകുവോളം കേള്‍ക്കണം. അതു മാത്രമാകില്ല. നീ വരുന്നോ എന്റെ കൂടെ?"

"നീ പറഞ്ഞതൊക്കെ ശരിയാണ്‌. പക്ഷെ, ഞാന്‍ വരുന്നില്ല." അനിയന്‍ ബഹുമാന  പുരസ്സരം അറിയിച്ചു.

"നിനക്കെന്തിന്റെ കുഴപ്പമാണു മോനെ? ഈ നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതല്ലെ നല്ലത്‌?"
ജ്യേഷ്ഠന്‍ അനിയനോട്‌ കുറച്ചുകൂടെ ചേര്‍ന്നു നിന്നു.
അനിയന്‍ ഗൗരവത്തിലായി. "എനിക്ക്‌ ചെറിയ ഒരു ഹോപ്പുണ്ട്‌."
"ഉം?" ജ്യേഷ്ഠന്‍ ചോദ്യച്ചിഹ്നമായി.

"ഏട്ടാ, ഇന്നലെ ഞാന്‍ യജമാനന്റെ വീട്ടിനടുത്തെത്തിയപ്പോള്‍ അവിടെ നല്ല വഴക്ക്‌. കുറച്ചു കഴിഞ്ഞപ്പോള്‍ യജമാനത്തി എന്നെ ചൂണ്ടി അദ്ദേഹത്തോടു പറഞ്ഞു:
"നിങ്ങളോടൊപ്പം കഴിയുന്നതിനേക്കാള്‍ ഭേദം ആ കഴുതയോടൊപ്പം കഴിയുന്നതാണ്‌." അതുകൊണ്ട്‌, പിരിയുന്നതില്‍ വിഷമമുണ്ട്‌. എന്നാലും ഏട്ടന്‍ പൊയ്ക്കോളൂ."