2011 മാർച്ച് 26, ശനിയാഴ്‌ച
മലയാളം മീഡിയം രക്ഷിതാക്കൾക്ക് സംഘടന
അധ്യാപകരും അനദ്ധ്യാപകരുമായി 20-ഓളം ആളുകളുണ്ട് എന്റെ സ്റ്റാഫ് റൂമില്‍. ഇതില്‍ 3 പേര്‍ വിവാഹിതരല്ല. ഒരാള്‍ക്ക് സ്കൂളില്‍ ചേര്‍ക്കാറായ കുട്ടികളില്ല. ബാക്കി 16-ല്‍ 15 പേരും ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇതില്‍ 2 പേരുടെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിലാണ്. കുട്ടിയെ മലയാളം മീഡിയത്തില്‍ ചേര്‍ത്ത ഒരേയൊരു ധീരന്‍ ഞാനാണ്.
എന്റെ ധീരത സ്റ്റാഫ് റൂമില്‍ ഒരു ചൂളലായാണ് അനുഭവപ്പെടാറ്. കുട്ടികളുടെ പഠിപ്പുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലും എനിക്കു പങ്കെടുക്കാന്‍ പറ്റാറില്ല. ജില്ലയിലെ മേല്‍ത്തരം സ്കൂളുകളിലെ പഠിപ്പും, പഠിപ്പില്ലായ്മയും, ചിട്ടയും ചിട്ടവട്ടങ്ങളും പ്രിന്‍സിപ്പാളിന്റെ തന്റേടവും പാരന്റ്സ് മീറ്റിങ്ങിലെ മാനേജരുടെ പ്രസംഗത്തിലെ പ്രബുദ്ധതയുമൊക്കെ വിഷയമാകുമ്പോല്‍ ലോകത്തിലെ ഏതു കാര്യവും വര്‍ത്തമാനത്തിനു വഴങ്ങുന്ന ഞാന്‍ നിശ്ശബ്ദനാകും. ഇടയ്ക്കൊക്കെ മലയാളികള്‍ ഇംഗീഷ് മീഡിയിത്തില്‍ മക്കളെ ചേര്‍ത്തുന്നതിന്റെ സൈദ്ധാന്തിക മണ്ടത്തരം ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്. പൊരുതിത്തോല്‍ക്കുന്നതില്‍ ഒരു കുളിരും എനിക്കിതുവരെ തോന്നിയിട്ടില്ല. ഇവിടെ സംഭവിക്കുന്നത് വല്ലാത്തൊരവഗണയാണ്. ഇത്തരം മണ്ടത്തരങ്ങൊളൊന്നും കേള്‍ക്കാന്‍ ആധുനികരില്‍ ആധുനികരായ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരമില്ല. ഒന്നും രണ്ടും പറഞ്ഞ് ഒന്നു കളിയാക്കി ഒന്നു ചിരിച്ച് അവര്‍ അവഗണിച്ചു കളയും.
എന്റെ നാലാം ക്ലാസുകാരിയായ മോളും വേറൊരു തരത്തില്‍ ഇതനുഭവിക്കുന്നുണ്ട്. എന്റെയും ഭാര്യയുടെയും കൂട്ടുകാരൊക്കെ ആധുനികോത്തര പ്രഭൃതികളും ഇംഗ്ലീഷ്‌മീഡിയം കുട്ടികളുടെ രക്ഷിതാക്കളുമാണ്. വിദ്യാസപ്രവര്‍ത്തകരായ ഇവരുടെ വര്‍ത്തമാനത്തിനിടയില്‍ സ്വാഭാവികമായും ഇംഗ്ലീഷ്മീഡിയം വമ്പുകള്‍ കടന്നു വരും. അപ്പോഴൊക്കെ പിടിച്ചു നില്‍ക്കാന്‍ കുഞ്ഞ് പാടുപെടുന്നത് ഞാന്‍ നിസ്സഹായനായി കണ്ടുനിന്നിട്ടുണ്ട്. മലയാളം, കണക്ക്, പരിസരപഠനം, കോപ്പിയെഴുത്ത്, കേട്ടെഴുത്ത് എന്നൊക്കെ ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടാറുണ്ട്. അവള്‍ക്ക് തിരിച്ചെന്താണ് പറയാനുള്ളത്? വായിച്ച് അടുക്കടുക്കായി കെട്ടിവച്ച കളിക്കുടുക്കകള്‍, ബാലഭൂമികള്‍, ബഷീറും എം.ടി.യും കുഞ്ഞുണ്ണിമാഷുമൊക്കെയായി ഒരു കൂട്ടം പുസ്തകങ്ങള്‍..? അപ്പോഴും പ്രശ്നം. കുഞ്ഞുണ്ണി എന്നാണോ കുഞ്ചുണ്ണി എന്നാണോ പ്രനണ്‍സ് ചെയ്യേണ്ടത്? എം.ടി.യോ എംറ്റിയോ? മഹാബുദ്ധിശാലികളും ആധുനികരും സംസ്കാരശീലരും സഹായമനസ്കരുമായ ചില അഭിവന്ദ്യസുഹൃത്തുക്കള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ചോദിച്ചു കളയും: "എന്താ മാഷേ മോളെ നല്ല ഏതെങ്കിലും സ്കൂളില്‍ ചേര്‍ത്തു കൂടെ? കൂടെ ഉപദേശവും വരും ആദര്‍ശമൊക്കെ പറയാനേ കൊള്ളൂ. പ്രാക്റ്റിക്കലാകണം. ഇല്ലെങ്കില്‍ വളര്‍ന്നാല്‍ മക്കള്‍ ചോദിക്കും അപ്പോള്‍ സമാധാനം പറയേണ്ടി വരും."
മീഡിയം മലയാളമാണെങ്കിലും മക്കള്‍ക്ക് ബുദ്ധിക്കു കുറവൊന്നുമില്ല എന്നാണ് എന്റെ ധാരണ(അതോ തെറ്റിദ്ധാരണയൊ)ചിലപ്പോള്‍ ഹൃദയത്തോട് പറ്റിച്ചേര്‍ന്നുനിന്ന് അവള്‍ ചോദിക്കും: "ശരിക്കും ഈ ഇംഗ്ലിഷ് മീഡിയമാണോ നല്ലത്?"
തെരഞ്ഞു പിടിച്ചാണ് മനസ്സിനു പിടിച്ച ഒരു മതൃഭാഷാബോധനമാധ്യമപാഠശാല(തായ്മൊഴില്‍ പേശും പള്ളിക്കൂടം എന്ന് മലയാളം)കണ്ടു പിടിച്ചത്. ഞങ്ങളുടെ പഠിപ്പ്, പദവി, സാമ്പത്തികശേഷി, കുലമഹിമ, സംസ്കാരം എന്നിവയൊക്കെ പരിഗണിച്ചാല്‍ ഏതു മിനുത്ത വിദ്യാലയത്തിലും ഒരു മൂല കിട്ടും. എന്നാല്‍ അതല്ല ഇതാണ് മൂല്യം എന്ന് ഒന്നു രണ്ടു കൊല്ലം ഉറക്കമൊഴിഞ്ഞ് എത്തിച്ചേര്‍ന്ന ധാരണയും കൊണ്ടാണ് ഇപ്പോള്‍ കുട്ടി പഠിക്കുന്ന സ്കൂളിലെത്തിയത്. അവിടെ ഡിവിഷന്‍ രണ്ട്. എ. മലയാളം മീഡിയം, ബി. ഇംഗ്ലീഷ്മീഡിയം. മിനുപ്പും കൊഴുപ്പുമുള്ള ടീച്ചര്‍മാരെല്ലാം ഇംഗ്ലിഷ് മീഡിയത്തില്‍. എല്ലാ കാര്യത്തിലും ബി.യിലെ കുട്ടികള്‍ക്ക് ഒരുരുള കൂടുതല്‍. നാലു കൊല്ലമായി ഈ പരാതി മുക്കലും മൂളലുമായി ഞാന്‍ പ്രധിരോധിക്കുന്നു.(മോളുടെ അദ്ധ്യാപകര്‍ ഇതു വായിക്കാനിടയുള്ളതുകൊണ്ടും യുദ്ധങ്ങള്‍ പലതു നടത്തി തളര്‍ന്നതുകൊണ്ടും സര്‍വ്വോപരി നാണംകൊണ്ടും ഇതു സംബന്ധമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കു മുതിരുന്നില്ല.)
എന്തെല്ലാം പറഞ്ഞാണ് കുഞ്ഞിന്റെ മ്ലാനതയൊന്ന് നീക്കിയെടുക്കുന്നത്. മലയാളത്തിന്റെ പാരമ്പര്യം, മാതൃഭാഷയുടെ ശക്തി, പെഡഗോഗിക്കല്‍ ഡിസ്പ്യൂട് സ്... ഇതൊന്നും കുഞ്ഞുമനസ്സുകള്‍ക്കുമുന്നില്‍ ഏശുകയില്ലല്ലോ. നല്ല മൊഞ്ചുള്ള കഥകള്‍, പാട്ടുകള്‍ ഇവയൊക്കെ ചെറിയൊരു കുളിരാകും.
മാതൃഭാഷാമാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. സൈദ്ധാന്തികത, ചിന്ത,ന്യായം,നാക്കിന്റെ നീളം എന്നിവ കൊണ്ടും കുറേയൊക്കെ ഗതികേടുകൊണ്ടുമാണ് ഇക്കൂട്ടര്‍ പിടിച്ചു നില്‍ക്കുന്നത്. അരോടെക്കെയാണ് പടവെട്ടേണ്ടി വരുന്നത്? സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാഭ്യാസത്തെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത നാട്ടുകാര്‍, ടെലിവിഷന്‍, പരസ്യങ്ങള്‍, സിനിമ...കൃഷ്ണനും ഭീഷ്മദ്രോണാചാര്യന്മാരും കുരുക്ഷേത്രത്തിൽ സഹിച്ചതിനേക്കാള്‍ വലിയ സഹനം.
എല്ലാ വിഭാഗം ജനങ്ങളും സംഘടിക്കുന്നു.(ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നൊക്കെ പറഞ്ഞ് ഒരു കൂട്ടരെയും അപഹസിക്കാന്‍ ഞാനാളല്ല)സുഹൃത്തുക്കളെ, നമുക്കെന്തുകൊണ്ട് സംഘടിച്ചു കൂട. കുട്ടികള്‍ മാതൃഭാഷാമാധ്യമത്തില്‍ പഠിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റ് അഭ്യുദയകംക്ഷികളുടെയും കൂട്ടം എന്നു പേരും കൊടുക്കാം. സംഘടിച്ചു ശക്തരാവുക എന്ന ഗുരുവചനവും സംഘം ശരണം ഗച്ഛാമി എന്ന ബൗദ്ധമന്ത്രവും ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്. നമുക്കും പൊങ്ങച്ചം പറയാൻ ഒരിടം വേണ്ടേ? കുഞ്ഞുങ്ങൾക്ക് മാനസികമായ തട്ടും തടവും കൂടാതെ ഒന്ന് ഉരിയാടേണ്ടേ?
പ്രിയപ്പെട്ടവരെ, ഈ കുറിപ്പ് ഒരു തമാശയായി വായിച്ചു തള്ളരുത്. വീയെസ്സിന് സീറ്റു കിട്ടാത്തതിനേക്കാള്‍ വലിയ പ്രത്യയശാസ്ത്രപ്രശ്നമാണിത്. സംഘടിക്കുക:
ലത്തീഫ് ചെമ്പരത്തി
2011 മാർച്ച് 21, തിങ്കളാഴ്‌ച
വീ യെസ് ഫോര്‍ വി.എസ്.
പരാജയപ്പെട്ടുപോയെങ്കിലും മനോഹരമായൊരു മുദ്രാവാക്യമായിരുന്നു, വീ യെസ് ഫോര്‍ വി.എസ്. എന്നത്. മലയാളത്തിന്റെ മനസ്സില്‍ വി.എസ്. എത്ര മഹാനായിരുന്നു എന്ന് ഈ മുദ്രാവാക്യം വ്യക്തമാക്കും. വി. എസിന്റെ മഹത്വം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. വി.എസിനൊപ്പം ഭരിക്കുന്നതിനെക്കാള്‍ വി.എസില്ലാതെ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത് എന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.
പാര്‍ടി നിലപാടുകളെ പാര്‍ട്ടിക്കകത്തും ഗതികെട്ട് പാര്‍ട്ടിക്കു പുറത്തും എതിര്‍ത്തതാണ് അദ്ദേഹം ചെയ്ത പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം. ഭരണം കളഞ്ഞുപോലും വി.എസിന്റെ ഇടപെടലുകളില്‍നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കണം എന്നു അഭിനവ സ്റ്റാലിനിസ്റ്റുകള്‍ പറയുമ്പോള്‍ വി.എസ്. ചെയ്തുകൊണ്ടിരുന്നതോര്‍ത്ത് മലയാളികള്‍ക്ക് കക്ഷിരാഷ്ട്രീയഭേദമെന്യെ ആഹ്ലാദിക്കാം. ഇക്കൂട്ടര്‍ കൊണ്ടു വരാന്‍ പോകുന്ന വിപ്ലവത്തെ കരുതിയിരിക്കുകയും ചെയ്യാം.
വി. എസ്. എതിര്‍ത്ത ചില കര്യങ്ങള്‍ നോക്കാം.
1. എ.ഡി.ബി.യില്‍നിന്ന് കണ്ണും പൂട്ടി കടമെടുക്കരുത്.
2. വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കരുത്.
3. അബ്ദുല്‍ നാസര്‍ മദനി, സുലൈമാന്‍ സേട്ട് തുടങ്ങിയ വര്‍ഗീയവാദികളുമായി കൂട്ടു ചേരരുത്.
4. ലോട്ടറിമാഫിയയുമായുള്ള ബന്ധം നല്ലതിനല്ല. കോടികള്‍ കൊള്ളയടിക്കുന്ന അവരെ നാട്ടില്‍നിന്നോടിക്കണം
5. ഫാരിസ് അബൂബക്കറിനെപ്പോലുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയ വെറുക്കപ്പെടേണ്ടവരാണ്.
6. ലാവലിന്‍ പോലുള്ള അഴിമതികള്‍ പാര്‍ട്ടിക്കകത്തുനിന്നയാലും അഴിമതി തന്നെയാണ്.
7. പി. ശശിയെപ്പോലുള്ള ഞരമ്പുരോഗികളെ പാര്‍ട്ടിക്കു പുറത്താക്കണം.
8. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള സ്ത്രീപീഡകരെ പാര്‍ട്ടി സഹായിക്കേണ്ടതില്ല.
9. ആഗോളവല്‍ക്കരണത്തെ നല്ല മനസ്സോടെ സമീപിച്ചാല്‍ ദേശത്തിനും ജനങ്ങള്‍ക്കും ഗുണപരമായി മാറ്റിയെടുക്കാനാവും.
10. പൊതുസ്വത്ത് തീറെഴുതിക്കൊടുക്കാതെയും നാട്ടില്‍ വ്യവസായങ്ങള്‍ വരും
11 വനഭൂമി, റവന്യുഭൂമി എന്നിവ കൈയേറുന്നവരെ തടയേണ്ടതുണ്ട്. ഇങ്ങനെ പോകുന്നു.
ആഗോളവല്‍ക്കരണത്തിന്റെ സവിശേഷ സാമൂഹികാന്തരീക്ഷത്തില്‍ വി. എസ്. ഒരു രാഷ്ട്രീയപ്രതിഭാസമായിരുന്നു. നിലവിലുള്ള സാമൂഹ്യാവസ്ഥകളെ ക്രിയാത്മകമായി ഉപയൊഗപ്പെടുത്തിയും സ്വയം പരുവപ്പെട്ടുമാണ് വി.എസ്. ഇത്തരത്തില്‍ മാറിയത്. എല്ലാം മാര്‍ക്കറ്റ് തീരുമാനിക്കും എന്ന ആഗോളവല്‍ക്കരണയുക്തിയില്‍ യുവാക്കളും പൊതുമണ്ഡലംതന്നെയും അരാഷ്ട്രീയവാദത്തിലേക്ക് വഴുതുമ്പോഴാണ് രഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആവശ്യവും ആവേശവും വി.എസ്. ജനങ്ങളിലേക്കു പകരുന്നത്.
ഇടത് വലത് വ്യത്യാസമില്ലാതെ ജനങ്ങളെ ആവേശംകൊള്ളിച്ച വി.എസ്.പ്രഭാവം അവസാനിക്കുകയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സി.പി.എം. ന്റെ വമ്പത്തരത്തിനും മണ്ടത്തരങ്ങള്‍ക്കും ബാലറ്റിലൂടെ മറുപടികൊടുത്ത ഇടതുപക്ഷപൊതുബോധം നിലയ്ക്കുനിന്നാല്‍ ഇടതു തുടര്‍ഭരണത്തിനു സഹായിക്കാം എന്ന മനസ്ഥിതിയിലായിരുന്നു. വി.എസി.നെ പടി കടത്തിയതോടെ ആയിരക്കണക്കിനാളുകള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ലെന്ന് തീരുമാനമെടുത്തു കഴിഞ്ഞു. കേരളത്തിലെ ഇടതുനെതൃത്വം ചരിത്രത്തിലാദ്യമായി സംഭവിക്കുമായിരുന്ന ഇടതു തുടര്‍ഭരണം എന്ന സ്വപ്നത്തെ വലിയൊരു മണ്ടത്തരംകൊണ്ട് തടഞ്ഞിരിക്കുകയാണ്.
തോറ്റു പോയ ആ മുദ്രാവാക്യത്തിന്റെ സൗന്ദര്യം ഒന്നുകൂടി നുണയാം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)