പേജുകള്‍‌

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

മുഹമ്മദ്ക്കാന്റെ വാഴയും ഗോപാലന്നായരുടെ പശുവും

ഥാനായകന്മാര്‍ രണ്ടുപേരും അയല്‍ വാസികളാണ്‌. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയിലെ അവസാന ഘട്ടത്തിലെ പാര്‍ട്‌ ടൈം കൃഷിക്കാര്‍. മുഹമ്മദ്ക്കായുടെ പ്രധാന തൊഴില്‍, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സഞ്ചരിക്കുന്ന ഫാന്‍സിക്കട നടത്തുകയാണ്‌. പണ്ടത്തെ വര്‍ത്തമാനത്തില്‍ പെട്ടിക്കാരന്‍. വള, മാല, സൂചി, നൂല്‍,പിന്ന്, മുടിക്കുത്തി, പൊട്ട്‌, കണ്മഷി, ക്യൂട്ടെക്സ്‌ തുടങ്ങിയ അവശ്യസാധനങ്ങള്‍ അത്രയൊന്നും മനോഹരമല്ലാത്ത ഒരു പെട്ടിയിലാക്കി വീടുവീടാന്തരം നടന്നു വില്‍ക്കുന്ന പണിയാണിത്‌. കടകളും ചന്തകളും ആവശ്യത്തിന്‌ ഇല്ലാതിരുന്ന കാലത്ത്‌ മുഹമ്മദ്ക്കായെ പോലുള്ള മൊബെയില്‍ ഫാന്‍സികളെ ആളുകള്‍ കാത്തുനില്‍ക്കുമായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഈ കടകള്‍ ആളുകള്‍ക്കു മുമ്പിലെത്തും. ഈ പ്രസ്ഥാനത്തെ ആളുകള്‍ വിളിക്കുന്നത്‌ "പെട്ടിക്കാരന്‍" എന്നാണ്‌. കോഴിമുട്ടവ്യപാരം കൂടിയുള്ളതുകൊണ്ട്‌ മുട്ടക്കാരന്‍ എന്നും ഒരു വിളിയുണ്ട്‌. പെട്ടിക്കാരന്റെ പെട്ടിയില്‍ കുട്ടികള്‍ക്കും വേണ്ടത്ര കൗതുകങ്ങള്‍ കരുതിയിട്ടുണ്ടാകും, കളിപ്പാട്ടങ്ങളും മറ്റുമായി. അതിനൊക്കെ അപ്പുറമാണ്‌ പെട്ടി തുറക്കുമ്പോഴുള്ള മണം. സോപ്പ്‌, ചീപ്പ്‌ കണ്ണാടികള്‍ക്കൊപ്പം കൂറ(പാറ്റ) മിഠായിയും കലര്‍ന്നു ജനിപ്പിക്കുന്ന മണം ഒരു ഫാന്‍സി കടക്കും ഒരിക്കലും ഉണ്ടാക്കന്‍ പറ്റില്ല.
പുതുതായി വാങ്ങുന്ന വള പെണ്മണികളുടെ കയ്യിലിട്ടുകൊടുക്കുന്നത്‌ പെട്ടിക്കാരനാണ്‌. അത്‌ പെണ്മണികളെ സംബന്ധിച്ച്‌ ഉള്ളില്‍ ആവേശവും പുറത്ത്‌ നാണവുമുള്ള അനുഭവമാണ്‌. പെട്ടിക്കാരന്റെ സ്വകാര്യമായ അഭിമാനവും.

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന പെട്ടിക്കാര്‍ക്കൊക്കെ ഈ അഭിമാനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാര്യത്തില്‍ അവര്‍ എല്ലാവരേയും പിന്തള്ളി. മഴ കനക്കുന്ന പഞ്ഞമാസങ്ങളില്‍ സ്ഥിതി അതി ദയനീയമായിരുന്നു.
നമ്മുടെ നായകനായ മുഹമ്മദ്ക്കാ പാര്‍ട്‌ ടൈമായി വാഴകൃഷി നടത്തിയതിന്റെ ഗുട്ടന്‍സ്‌ ഈ കഷ്ടപാടായിരിക്കണം.

ഗോപാലന്‍ നായരെക്കുറിച്ചുള്ള എന്റെ അജ്ഞത കൂടി പറഞ്ഞശേഷം കഥയുടെ പരിണാമഗുപ്തിയിലേക്കു വരാം. മുഹമ്മദ്ക്കായേക്കാള്‍ എന്റെ അയല്‍ വാസിയായിരുന്ന ഗോപാലന്‍ നായരെപറ്റി, എന്തുകൊണ്ടോ എനിക്കു വലിയ വിവരമില്ല. അവരുടെ വീട്ടില്‍ ഒരു പശുകുടുംബം കഴിഞ്ഞു വന്നിരുന്നു എന്നും അവ ഗോപാലന്‍ നായരുടെ കുടുംബത്തിന്‌ ധാരാളം പാലും ചാണകവും നല്‍കിയിരുന്നുവെന്നും എനിക്കു നിസ്സംശയം പറയാനാകും. പശുപരിപാലനത്തിനു പുറമെ ഗോപാലന്‍ നായര്‍ക്ക്‌ ഏതോ ചായക്കടയില്‍ ചായയടിക്കുന്ന പണികൂടിയുണ്ടായിരുന്നുവെന്ന് ഞാന്‍ നിരുത്തരവാദപരമായി ഊഹിക്കുന്നു.

പാട്ടത്തിനെടുത്ത സ്ഥലത്താണ്‌ മുഹമ്മദ്ക്കായുടെ വാഴകൃഷി. അതിനടുത്ത്‌ പാട്ടമൊന്നും കൊടുക്കാതെ ഗോപാലന്‍ നായര്‍ പശുക്കളെ തീറ്റും.

ഒരു ദിവസം നായരുടെ പശു വാഴക്കണ്ടത്തില്‍ കയറി നിഷ്കരുണം മേഞ്ഞു. മുഹമ്മെദ്ക്കായും ഗോപാലന്‍ നായരും നാട്ടിലെ മുന്തിയ സൗമ്യന്മാരാണെങ്കിലും ആളുകള്‍ ഒരു അങ്കം മണത്തു. വൈകുന്നേരം ഫാന്‍സി ബിസിനസ്‌ കഴിഞ്ഞെത്തിയ മുഹമ്മദ്ക്കാ ഗോപാലന്‍ നായരുടെ വീട്ടിലെത്തി. കണ്ണുകളും കാതുകളും അങ്ങോട്ടു സൂം ചെയ്തു.
രണ്ടു സംഭാഷണം മാത്രം
തിരശ്ശീല പൊന്തുന്നതിന്മുമ്പു തീരുന്നു നാടകം
എന്നു പറഞ്ഞപോലെ കാര്യങ്ങള്‍ പെട്ടെന്നു കഴിഞ്ഞു. അടുത്ത വരിയായ
'ഫ'
ഉണ്ടായില്ലെന്നു മാത്രം.

ഖുര്‍ ആന്റെയൊ ബൈബിളിന്റെയൊ സത്ത പോലെ മുഹമ്മദ്ക്ക അദ്ദേഹത്തിനു മാത്രം സാധിക്കുന്ന സൗമ്യതയോടെ സംഭവ വിവരണം നടത്തുകയും മേലില്‍ ആപത്തു പറ്റാതെ നോക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്ത്‌ മടങ്ങിപ്പോന്നു.

കൃത്യം ഒരാഴ്ച കഴിഞ്ഞ്‌ ഗോപാലന്‍ നായരുടെ എല്ലാ മുന്‍ കരുതലുകളെയും മറികടന്ന് പശു വീണ്ടും കയറുപൊട്ടിച്ചു.

മുഹമ്മദ്ക്ക ഇത്തവണയും ബൈബിളിന്റെ നടുക്കണ്ടവുമായിച്ചെന്ന് ഗോപാലന്‍ നായരുടെ മുന്നില്‍ പ്രസ്താവനയും അഭ്യര്‍ഥനയും നിര്‍വഹിച്ചു.

മൂന്നാംവട്ടവും പശു കയറു പൊട്ടിച്ചു. മൂന്നാം വട്ടവും മുഹമ്മദ്ക്ക ബൈബിളിന്റെ നടുക്കണ്ടവുമായി ഗോപാലന്‍ നായരുടെ വീട്ടിലേക്കു പോയി. ഗോപാലന്‍ നായര്‍, പക്ഷെ, മുഹമ്മദിന്റെ തിരുവചനത്തിനു കാത്തുനില്‍ക്കാതെ അടുക്കളവാതില്‍ വഴി ഇറങ്ങിയോടി...

'ക്ഷമ' എന്ന അധ്യായം പഠിപ്പിക്കുമ്പോള്‍ എന്റെ ബാപ്പ ഈ കഥ പല വട്ടം എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

4 അഭിപ്രായങ്ങൾ: