പേജുകള്‍‌

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

Sms കൊലപാതകങ്ങൾ



സാങ്കേതികവിദ്യ സമൂഹഘടനയിൽ നിർണായക ചലനങ്ങളുണ്ടാക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  കേരളത്തിലെ അയിത്താചരണം വഴിമാറിയത് സാമൂഹ്യപരിഷ്കർത്താക്കളുടെയും സർക്കാറുകളുകളുടെയും ശ്രമങ്ങൾ കൊണ്ടു മാത്രമല്ല, കേരളത്തിലൂടെ ബസ്സുകളും തീവണ്ടികളും ഓടാൻ തുടങ്ങിയതുകൊണ്ടു കൂടിയാണ്. ടെലിവിഷൻ കേരളീയ ഭവനങ്ങളുടെ ഘടനയെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി.  മൂലധനത്തിന്റെ വികേന്ദ്രീകരണത്തോടൊപ്പം വിവരവിനിമയ വിദ്യയുടെ കാര്യക്ഷമതയും വ്യാപനവും കൂടിയാണല്ലോ, ആഗോളവൽക്കരണം സാധ്യമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മൊബൈൽ ഫോൺ ബന്ധങ്ങളെയും മൂല്യസങ്കല്പത്തെയും സാമൂഹ്യശീലങ്ങളെയും അടിമുടി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
മൊബൈലിന്റെ കേളീവിലാസങ്ങളിൽ അവസാനത്തേതാണ് SMS കൊലപാതകങ്ങൾ;  അതിന്റെ അവസാനത്തെ ഇര സിനിമാ താരം പൃത്ഥ്വി രാജും.  SMSന് സമൂഹത്തിൽ നിർണായക സ്വാധീനശക്തിയാകാൻ കഴിയുമെന്ന് ലോകത്തിലാദ്യമായി നിരീക്ഷിക്കപ്പെട്ടത് ഇന്തോനേഷ്യയിലാണ്.  ഏതാനും വർഷം മുമ്പ് SMS കാമ്പയിൻ അവിടെ ഭരണമാറ്റത്തിന് കാരണമായി.  കേരളത്തിൽ വി. എസ്. ന് രണ്ടാം തവണ സീറ്റു നിഷേധിക്കപ്പെട്ടപ്പോൾ എസ്.എം. എസ്. പ്രതിഷേധത്തിനുള്ള ശക്തമായ മാധ്യമമായി.  പരസ്യങ്ങൾ, ഔദ്യോഗികവും അല്ലാത്തവുമായ അറിയിപ്പുകൾ, ചെറിയ വിവരങ്ങളുടെ കൈമാറ്റം തുടങ്ങി SMS ന്റെ സാധ്യതകൾ സാമൂഹികമായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.  അല്പം നർമ്മവും കാവ്യയുക്തിയും ചേർന്നുണ്ടാക്കുന്ന ലഘുസാഹിത്യമായാണ് smsകൾ പ്രായാണമാരംഭിക്കുന്നത്. ഈ സാഹിത്യത്തിന്റെ നിലവാരം  ഉപയോഗിക്കുന്നവന്റെ നിലവാരമനുസരിച്ച് മാറി മറിഞ്ഞു.  ചിന്തോദ്ദീപകങ്ങളും പൈങ്കിളിയും അശ്ലീലവുമായ smsകൾ പ്രചരിച്ചു. 
            മലയാളിയുടെ ജനകീയവായനയുടെ (popular reading) താൽപര്യങ്ങളും ഇക്കാലയളവിൽ മാറിമറിഞ്ഞു.  കേരളശബ്ദം ബീഡിപ്പുകയുടെ സഹായത്തോടെ വായിച്ചിരുന്നവരുടെ അടുത്ത തലമുറ പൈങ്കിളിയിലേക്കും പിന്നെ റ്റോംസിലേക്കും (ബോബനും മോളിയും) മാറി.  പിന്നെ വരുന്നത് കുസൃതിച്ചോദ്യങ്ങളുടെ അസംബന്ധ നാടകങ്ങളാണ്.  ഇക്കാര്യങ്ങളെല്ലാം തുടർച്ചയായ കണ്ണിചേരലുകളാണെന്നോ കേരളമൊട്ടുക്ക് ഒരേ പോലെ പ്രചരിച്ചെന്നോ ഉറപ്പിച്ചു പറയാനാകില്ല.  ഇക്കാര്യങ്ങളിലെല്ലാമുണ്ടായിരുന്ന കുസൃതിയും തമാശയും smsന്റെ ലഘു ഘടനയിലേക്ക് ചേക്കേറാവുന്നിടത്തോളം ചേക്കേറി.  അപ്പോഴൊന്നും അതിന് ഏതെങ്കിലും തരത്തിൽ രൗദ്രതയോ സംഹാരശേഷിയോ കൈവരുന്നില്ല.  അല്പം വിസ്തരിച്ചു പറയേണ്ടുന്ന മലയാളിയുടെ മറ്റൊരു സാമൂഹ്യശീലം smsന്റെ പുതുകൗതുകമായതോടെയാണ് കാളി കാര്യമായത്.
            അതിപ്രാചീന മലയാളകവി തോലനോളം (അതുലൻ. ആട്ടപ്രകാരവും ക്രമദീപികയും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്നു) പഴക്കമുണ്ട് മലയാളിയുടെ പരിഹാസസാഹിത്യത്തിന്.
രാഞ്ജിയുടെ സംസ്കൃതഭ്രമത്തെ അദ്ദേഹം കളിയാക്കിയത്, അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീഎന്നിങ്ങനെ മലയാളത്തിലുള്ള സൗന്ദര്യവർണ്ണനയെ മനസ്സിലാകാത്ത സംസ്കൃതത്തിൽ അർക്കശുഷ്കഫലകോമളസ്തനീ (വെയിലേറ്റുണങ്ങിയ പഴങ്ങൾ പോലെ ചപ്പിയ മുലകളോടു കൂടിയവളേ..)എന്നു പറഞ്ഞുകൊണ്ടാണ്.  ചാക്യാന്മാരിലും പിന്നീട് കുഞ്ചൻ നമ്പ്യാരിലും പുതുകാലത്ത് ചെമ്മനം ചാക്കോയിലും ഉയർന്ന നിലവാരത്തിൽ നാമിതു കണ്ടു.  സമൂഹമനസ്സിന്റെ വൈകൃങ്ങൾക്കുള്ള മറുമൊഴിയായോ ചിലപ്പോഴൊക്കെ വൈകൃതം തന്നെയായോ പരിഹസത്തിന്റേതായ ഒരംശം എക്കാലത്തും മലയാളമനസ്സിൽ ഉണ്ടായിരുന്നു.

പൊതുമനസ്സിനു താല്പര്യം കുറഞ്ഞവർ ബുദ്ധിമാന്ദ്യത്തിന്റെയും വിവരക്കേടിന്റെയും കുലച്ചിഹ്നങ്ങളായി. മുസ്ലീങ്ങൾ, നമ്പൂതിരിമാർ, ചെട്ടികൾ തുടങ്ങിയവർ പലകാലങ്ങളിൽ ഇങ്ങനെ പരിഹാസത്തിന് ശരവ്യരായി. മലബാർ കലാപകാലത്ത് ബ്രീട്ടീഷ് പട്ടാളത്തിന് പറ്റിയ അബദ്ധങ്ങൾ എന്ന പേരിൽ ചില കഥകൾ കേട്ടിട്ടുണ്ട്.  പഴം കഴിക്കുമ്പോലെ ചക്ക തിന്ന സായിപ്പ് ചുള കളഞ്ഞ് കുരു തിന്നതും പഴുത്തു നിൽക്കുന്ന കാന്താരി പൊട്ടിച്ചു വായിലിട്ടതും ഇങ്ങനെയുള്ള കഥകളാണ്. കഥകൾ അങ്ങോട്ടുമിങ്ങോട്ടും തരം പോലെ പ്രയോഗിക്കപ്പെട്ടു. ചിലതെല്ലാം മൗലികമായി നിന്നു. ഇതിന്റെ ശരിയായ പഠനം നിർവഹിക്കേണ്ടത് നാടോടിവിജ്ഞാനീയക്കാരാണെന്നു തോന്നുന്നു. (ഇതിനോടകം പഠനം നടന്നോ എന്നുമറിയില്ല) പുതുകാലത്ത് വായനയുടെ ലളിതയുക്തിയെ താലോലിക്കുന്നതിനായി, നമ്പൂതിരി ഫലിതം, സർദാർജി ഫലിതം എന്നെല്ലാം ഇത് അച്ചടിമഷി പുരണ്ടിറങ്ങുകയും ചെയ്തു. 
ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന സ്ഥാനത്ത് വ്യക്തിൾ കടന്നു വന്നു.  കേരളത്തിൽ അറിയപ്പെട്ടിടത്തോളം ഇതിന്റെ എക്കാലത്തെയും വലിയ ഇര ലീഗ് നേതാവായിരുന്ന ശ്രീമാൻ സീതി ഹാജിയായിരുന്നു. സീതി ഹാജി ഫലിതങ്ങൾ ഒരുവേള ഫലിതത്തിന്റെ നൈർമല്യവും മര്യാദയും വിട്ട് അസംബന്ധവും അശ്ലീലവുമായി.  ഇത്തരം ഫലിതങ്ങളുടെ പൊതുസ്വഭാവം മനുഷ്യസഹജവും എവിടെയൊക്കെയോ ഏതെല്ലാമോ കാലങ്ങളിൽ സംഭവിച്ചതുമായ വീഴ്ചകളെ ഒറ്റവ്യക്തിയിലേക്ക് സമാഹരിക്കുക എന്നതാണ്.  സീതിഹാജി അന്തരിച്ചിട്ടും അദ്ദേഹത്തെ ഒട്ടും അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പേരിലുള്ള തമാശകൾ പറഞ്ഞു രസിച്ചു. മലയാളിയുടെ ഈ ശീലത്തെ റ്റോംസ് അദ്ദേഹത്തിന്റെ കോമിക്കിലൂടെ വേറിട്ടു പ്രകാശിപ്പിച്ചു. പിന്നീടാണ് ടിന്റുമോൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ ജനനം.  നാളിതുവരെയുള്ള ഫലിതങ്ങളെല്ലാം ടിന്റുമോനു പാകത്തിൽ പുനരാവിഷകരിക്കപ്പെട്ടു.  പുതുതായി ഒരുപാടുണ്ടായി പിന്നെ എന്തുമേതുമുൾക്കൊള്ളാൻ പാകത്തിൽ ടിന്റുമോനെ വലിച്ചു നീട്ടി.
            Sms ലേക്കു തിരിച്ചുവരാം.  സർദാർജി ഫലിതങ്ങൾക്കൊപ്പം മെല്ലെ ടിന്റുമോനും sms-നു പാകപ്പെട്ടു/പെടുത്തി.  പുസ്തകങ്ങളും വെബ്സൈറ്റുകളുമൊരുങ്ങി.  കാര്യങ്ങൾ ഇത്രത്തോളമായപ്പോഴാണ് കളി കാര്യമായതും sms ഉഗ്രമൂർച്ചയുള്ള കൊലക്കത്തിയായതും.  ടിന്റുമോനെ വച്ചു കളിച്ചിരുന്ന കളി മറ്റു പലരെയും വച്ചായി. വന്നുവന്ന് കായികലോകത്തെയും സിനിമാരംഗത്തെയും പ്രതിഭകൾ sms-ന്റെ വെട്ടേറ്റ് വീഴുന്നതാണ് ഇപ്പോൾ കാണുന്നത്. സീതി ഹാജിക്കെതിരെ പ്രചരിച്ച അസംബന്ധ, അശ്ലീല ഫലിതങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ ബാധിച്ചതായി കേട്ടിട്ടില്ല. അതുപോലെ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളും കോമഡി കലാകാരന്മാരിൽനിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കളിക്കളത്തിലെ പ്രകടനമാണ് മാനദണ്ഡമെന്നതിനാൽ ക്രിക്കറ്റ് താരം ശ്രീശാന്തും രക്ഷപ്പെടും. എന്നാൽ സിനിമാതാരത്തിന്റെ റേറ്റിംഗ് പ്രേക്ഷകമനസ്സിലാണ് എന്നത് പൃത്ഥ്വിരാജിന്റെ കരിയർ തകർക്കുന്നു.  അദ്ദേഹത്തിനെതിരെ കരുതിയുറപ്പിച്ച നീക്കങ്ങളുണ്ടായോ എന്നറിയില്ല, പക്ഷെ, sms ബോംബുകളുടെ പടരൽശേഷി  അതിനെ മാരകമാക്കുന്നു; എയ്ഡ്സ് രോഗികളെക്കാൾ കൂടുതൽ പ്രമേഹരോഗികൾ മരണത്തിനു കീഴടങ്ങുന്നു എന്ന കണക്കു പോലെ.
ഉചിതമായ കരങ്ങളിൽ പരിഹാസം സൂക്ഷ്മവും ശക്തവുമായ അക്യൂ പംങ്ചർ ചികിത്സയാണ്.  അല്ലാത്തിടങ്ങളിലത് കരളിൽ കത്തിയിറക്കലാകും.  Sms-ന്റെ ലളിതയുക്തി, ചികിത്സ തന്നെ രോഗമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഒപ്പം ഉത്തരം ബുദ്ധിമുട്ടി മാത്രം കണ്ടെത്താൻ സാധിക്കുന്ന നൂറുനൂറു പുതുചോദ്യങ്ങളെയും അതു തുറന്നു വിടുന്നു.

2011 മേയ് 19, വ്യാഴാഴ്‌ച

ഗോമതേശ്വരനോടൊപ്പം

യാത്രയേതായാലും കൃത്യമായ ലക്ഷ്യവും മുന്നൊരുക്കവും വേണമെന്നാണ് യാത്രകളെ സംബന്ധിച്ചുള്ള മുൻവിധി. ഒരുക്കത്തിന്റെ കുറവ് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ഇതൊന്നുമില്ലാത്ത യാത്രകൾക്കും സൗന്ദര്യമുണ്ട്. മുന്നിൽ വന്നുപെടുന്ന ഓരോ കാഴ്ചയും ഇത്തരം യാത്രകളിൽ പുതുമയാണ്. അനിശ്ചിതത്വവും യാദൃശ്ചികതയും ഇത്തരം യാത്രകളുടെ സൗന്ദര്യമാണ്. മെയ് 11, 12 ദിവസങ്ങളിൽ കർണ്ണാടകത്തിലെ മൈസൂർ, ഹാസൻ, കുടക് ജില്ലകളിലൂടെ ഞങ്ങൾ നടത്തിയ യാത്ര ഇത്തരത്തിലൊന്നായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതനായ കന്നട എഴുത്തുകാരൻ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങൾ എന്ന നോവലിലൂടെ പരിചിതമായ ആലനഹള്ളി മാത്രമായിരുന്നു ഏകദേശ ലക്ഷ്യം.

പി. സുരേഷ്, ബൈജു, പ്രകാശ് വർമ്മ, ഗിരീഷ് ബാബു എന്നിവരാണ് കൂടെയുണ്ടായിരുന്നത്. എല്ലാവരും യാത്രാപ്രിയർ. സംഘത്തലവനായ സുരേഷ് മാഷിന്റെ കാറിലായിരുന്നു യാത്ര. രാവിലെ പുറപ്പെട്ട് കുറ്റ്യാടി ചുരം കയറി മാനന്തവാടിയെത്തി കാട്ടിക്കുളം വഴി അതിർത്തി കടന്നു. ബാവൊലി എന്ന ഗ്രാമത്തിലാണ് ആദ്യമെത്തിയത്. ബാവ അലി എന്ന മുസ്ളിം ദിവ്യന്റെ പേരിലുള്ള ഗ്രാമമാണത്. അവിടെനിന്ന് ഞങ്ങൾക്കു പോകേണ്ടത് എച്ച്.ഡി. കോട്ട എന്ന ഒരു അങ്ങാടി വഴിയാണ്. എളുപ്പവഴി തേടി ഒരു കാനനപാതയിലാണ് ചെന്നു പെട്ടത്. ഞങ്ങൾക്ക് വലിയ തിരക്കൊന്നുമില്ലതിരുന്നതുകൊണ്ട് വനവും വനത്തോടു ചേർന്ന കാർഷികഗ്രാമങ്ങളും ആസ്വദിച്ചായിരുന്നു യാത്ര. ഇടയ്ക്കു കണ്ട ആന സംരക്ഷണ കേന്ദ്രം വിസ്മയമായി. കുട്ടിയാനയോടു ചേർന്നു നിന്ന് ധൈര്യമുള്ളവരൊക്കെ ഫോട്ടോയെടുത്തു.

എച്ച്.ഡി. കോട്ടയിൽനിന്ന് ആലനഹള്ളി ലക്ഷ്യമാക്കി യാത്ര തുടർന്നു. മാന്തോപ്പുകളും കരിമ്പിൻ തോട്ടങ്ങളും പേരറിയാത്ത മറ്റു കൃഷിയിടങ്ങളും പിന്നിട്ടുള്ള യാത്രയിൽ ഒന്നു രണ്ടു ചെമ്മരിയാട്ടിൻപറ്റങ്ങളും ഞങ്ങളെ കടന്നുപോയി. വിജമായ വഴികളിലെ കരിമ്പും മാങ്ങയുമെല്ലാം രുചിച്ചുനോക്കുന്നതിനിടയിൽ ആലനഹള്ളി പിന്നിലായിപ്പോയി. കന്നടയല്ലാതെ മറ്റൊന്നുമറിയാത്ത ഗ്രാമീണരോട് ഒരു വാക്കു പോലും കന്നടയറിയാത്ത ഞങ്ങൾ വഴി ചോദിച്ച് ഒടുക്കം രണ്ടുമണിയോടെ ആലനഹള്ളിയിലെത്തി. ആലനഹളളി വിശേഷങ്ങൾ സുരേഷ് മാഷ് മനോഹോരമായി എഴുതിയിട്ടുണ്ട്. വായിക്കുവാൻ അദ്ദേഹത്തിന്റെ മഞ്ഞക്കിളി എന്ന ബ്ളോഗ് സന്ദർശിച്ചാൽ മതി.

ആലനഹളളിക്കു ശേഷം ഞങ്ങൾക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നില്ല. പാത നീണ്ടുകിടക്കുന്നത് മൈസൂരേക്കാണ്. കാളവണ്ടിയിലും ഗുഡ്സ് ഓട്ടോയിലും മറ്റുമായി ഹള്ളികളിൽനിന്ന് ഇളനീരും കരിന്പും മാന്പഴവുമെല്ലാം മൈസൂരേക്കു പോകുന്നു. ആലനഹള്ളിയിലെ കടയിൽനിന്ന് ഗ്രാമീണമായ ഊണു കഴിച്ച് ഞങ്ങളും മൈസൂരേക്കു തിരിച്ചു.

മൈസൂരേക്കു തിരിയാനുള്ള കവലയിൽ വിപരീതദിശയിൽ ഹളെബിഡു വിലേക്കുള്ള വഴിക്കുറിപ്പു കണ്ടു. വഴി, എത്താനുള്ള സമയം, താമസഭക്ഷണ സൗകര്യങ്ങൾ എന്നിവ അനിശ്ചിതത്വത്തിന്റെ സൗന്ദര്യത്തിനു വിട്ടുകൊടുത്ത് വണ്ടി അങ്ങോട്ടു തിരിച്ചു. 11-ആം നൂറ്റാണ്ടിലെ ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹാസൻ ജില്ലയിലെ ഹളെബിഡു. വഴിചോദിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോൾ ജൈനകേന്ദ്രമായ ശ്രാവണബലഗൊളയ്ക്കുള്ള വഴിക്കുറിപ്പു കണ്ടു. ഹളെബിഡുവിനെക്കാൾ 50 കിലോമീറ്റർ കുറവാണ് ശ്രാവണബലഗൊളയ്ക്ക്. അധികമാലോചിക്കാതെ ലക്ഷ്യം ശ്രാവണബലഗൊളയാക്കി.

ശ്രാവണബലഗൊള എന്ന പേരിനാധാരമായ കുളം
മൈസൂർ-ശ്രീരംഗപട്ടണം-കൃഷ്ണരാജ്പേട്ട് വഴിയോ ഹുൻസുർ വഴിയൊ എളുപ്പത്തിൽ എത്താമായിരുന്ന ശ്രാവണബലഗൊളയ്ക്ക് അറിയാത്ത വഴികളിലൂടെ ചുറ്റിക്കറങ്ങിയെത്തിയപ്പോഴേക്കും സന്ധ്യയായി. ഗോമതേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന വിന്ധ്യഗിരിയുടെ താഴ്വരയിലായി ഞങ്ങൾക്കു താമസസൗകര്യം കിട്ടി. മൂന്നാംനിലയിലെ ജനലിലൂടെ നോക്കിയാൽ വിന്ധ്യഗിരിയും ക്ഷേത്രവും കാണാം; വരാന്തയിൽനിന്ന് ലോക്കിയാൽ ബലഗൊളയും. ബല(വെളുത്ത) ഗൊള (കുളം). ശ്രാവണബലഗൊള എന്നാൽ ജൈനന്റെ കുളം എന്നർത്ഥം. ഗോമതേശ്വരപ്രതിഷ്ഠയ്ക്കു ശേഷം അഭിഷേകം ചെയ്ത പാലൊഴുകിവന്നാണ് കുളം രൂപപ്പെട്ടതെന്നാണ് ഐതിഹ്യം. കുളത്തിന്റെ പേര് പിന്നീട് ദേശനാമമായി.

ചന്ദ്രഗിരി, വിന്ധ്യഗിരി എന്നിങ്ങനെയുള്ള രണ്ടു കുന്നുകൾക്കിടയിലാണ് ശ്രാവണബലഗൊള എന്ന കൊച്ചു പട്ടണം. ജൈനസംസ്കൃതിയ്ക്കു പേരുകേട്ടതാണ് ഇവിടം. ചന്ദ്രഗുപ്തമൗര്യൽ രാജ്യമുപേക്ഷിച്ച് ഗുരുവായ ഭദ്രബാഹുവിനൊപ്പം എത്തിച്ചേർന്നത് ഇവിടെയാണത്രെ. അദ്ദേഹത്തിന്റെ പേരാണ് ചന്ദ്രഗിരിക്കു കിട്ടിയെതെന്നു പറയപ്പെടുന്നു. ഇരു കുന്നുകളിലും പരിസരങ്ങളിലുമായി നിരവധി ജൈന ബസതികളുണ്ട്. A.D. 600 നും1830 നും ഇടയിലുള്ള 800ഓളം ലിഖിതങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഗംഗാസാമ്രാജ്യത്തിലെ രാജാവായിരുന്ന രാജമല്ല നാലാമന്റെ മന്ത്രിയായിരുന്ന ചാമുണ്ഡരായനാണ് ഗോമതേശ്വരക്ഷേത്രവും ശില്പവും പണികഴിപ്പിച്ചത്. അരിഷ്ടനേമി എന്ന ശില്പിയാണ് A.D.981-ൽ 18 മീറ്റർ പൊക്കമുള്ള ഈ ഒറ്റക്കൽ ശില്പം തീർത്തത്. താങ്ങില്ലാതെ നിവർന്നുനിൽക്കുന്ന ശില്പങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് ഗോമതേശ്വരപ്രതിമ. 30 കിലോമീറ്റർ അകലെനിന്നുവരെ പ്രതിമയുടെ മുകൾഭാഗം കാണാനാകും. ജൈനരുടെ ആദി തീർത്ഥങ്കരനായ ഋഷന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരസൂചകമായാണ് ക്ഷേത്രവും പ്രതിമയും സ്ഥാപിച്ചത്.

കരിങ്കല്ലിൽ തീർത്ത ശില്പഗോപുരം കടന്നാൽ കുന്നു കയറാനുള്ള പടികളായി. കരിമ്പാറയിൽ വെട്ടിയുണ്ടാക്കിയ 641 പടികളുണ്ട്. ആർക്കും അനായാസം കയറിപ്പോകാവുന്ന വിധമാണ് കല്പടികളുടെ നിർമ്മിതി. പുലർച്ചെ മുതൽ ആളുകൾ കയറിപ്പോകുന്നത് കാണാമായിരുന്നു. അപ്പോൾ തോന്നിയ കടുപ്പം നടന്നപ്പോൾ തോന്നിയില്ല. 7 മണിയോടെയാണ് ഞങ്ങൾ കയറ്റം തുടങ്ങിയത്. കയറിപ്പോകും തോറും ശ്രാവണബലഗൊള മുഴുവൻ ദൃശ്യമായി. വിന്ധ്യഗിരിയുടെ പിൻഭാഗത്ത് വിശാലമായ കൃഷിയിടങ്ങളാണ്.

കുന്നിന്റെ ഒത്ത മുകളിലായാണ് ഗോമതേശ്വരപ്രതിഷ്ഠ. പ്രധാനക്ഷേത്രത്തോടു ചേർന്നും അല്പം മാറിയും വേറെയും ബസതികളും കമാനങ്ങളും തൂണുകളുമുണ്ട്. എല്ലാം കരിങ്കല്ലിൽ തീർത്തവ. അനേകം പേരുടെ നിരവധി വർഷത്തെ അധ്വാനം ഓരോ ശില്പവിസ്മയത്തിനു പിന്നിലും തീർച്ചയായും ഉണ്ടായിരിക്കണം. ആയിരം വർഷം മുമ്പ് എങ്ങിനെയാണാവോ ഇതെല്ലാം സാധിച്ചിരിക്കുക! പലയിടത്തായി പല ഭാഷകളിൽ ലിഖിതങ്ങളുണ്ട്. കന്നട, തമിഴ്, മറാത്തി, സംസ്കൃതം, മാർവാരി, മഹാജനി ഭാഷകളിലായാണ് ലിഖിതങ്ങൾ. ഭാഷകളുടെ വളർച്ചാഘട്ടങ്ങളും വിവിധ സാമ്രാജ്യങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ ലിഖിതങ്ങളിലുണ്ട്.

ഭൂമിയിൽ കാലുറപ്പിച്ച് ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് കണ്ണു തുറന്ന് പുഞ്ചിരിയോടെ നിവർന്നു നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.തുടകൾക്കുമേൽ ഒരു താങ്ങുമില്ലാതെയാണ് ശില്പത്തിന്റെ നില്പ്. ശരീരം വെടിയുന്നതിനു തൊട്ടുമുമ്പായുള്ള ഈ അവസ്ഥയെ ജൈനർ കയോത്സർഗ്ഗം എന്നാണ് പറയുന്നത് . പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന മഹാമസ്തകാഭിഷേകം പ്രസിദ്ധമാണ്. സംന്യാസിമാരും ഭക്തരുമായ ആയിരക്കണക്കിനാളുകൾ പ്രതിമയിൽ പാലും തൈരും വിലപിടിപ്പുള്ള രത്നങ്ങളും വരെ അഭിഷേകം ചെയ്യും. അടുത്ത മഹാമസ്തകാഭിഷേകം 2018 ലാണ് നടക്കുക.

വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു. മുകളിലെത്തിയതോടെ ഞങ്ങളുടെ സംഘം താൽപര്യമനുസരിച്ച് ഓരോ വഴിക്കു പിരിഞ്ഞു. ബുദ്ധസംന്യാസിമാരടങ്ങുന്ന ഒരു സംഘം ഞങ്ങൾ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നു. ഗോമതേശ്വരപ്രതിമയ്ക്കു ചുറ്റും അർദ്ധവൃത്താകൃതിയിൽ വിന്യസിച്ച 24 തീർത്ഥങ്കരന്മാരുടെ ശില്പങ്ങളടങ്ങുന്ന കരിങ്കൽ ഇടനാഴി ബുദ്ധസംഘത്തിന് തുറന്നുകൊടുത്തു. ഞാനും സുരേഷ് മാഷും അവരോടൊപ്പം അകത്തു കയറി. തീർത്ഥങ്കരന്മാരെ ഒന്നൊന്നായി വണങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ഭാരതത്തെ ആഴത്തിൽ സ്വാധീനിച്ച ജൈനസംസ്കൃതിയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞതിന്റെ നിർവൃതിയുണ്ടായിരുന്നു ഉള്ളിൽ.

രാവിലെയായതുകൊണ്ടാവാം വലിയ തിരക്കില്ലായിരുന്നു. ഭക്തരും കാഴ്ചക്കാരുമായി കുറച്ചു പേർ. ദിഗംഭരന്മാരായ രണ്ടു ജൈനസംന്യാസിമാരെയും കാണാനായി. ആയിരത്താണ്ടുകളായി മഞ്ഞും മഴയും വെയിലും ഭക്തരുടെ പലവിധ അഭിഷേകങ്ങളുമേറ്റുവാങ്ങി ഒരു കുഴപ്പവുമില്ലാതെ നില്പു തുടരുന്ന ഗോമതേശ്വരനെയും മഹാശില്പികളെയും വണങ്ങി പ്രകാശ് വർമ്മയുടെ നേതൃത്വത്തിൽ ഒരു പ്രദക്ഷിണവും നടത്തി ഞങ്ങൾ തിരിച്ചിറങ്ങി. മടക്കത്തിൽ ബസതിയിലെ മുഖ്യ പൂജാരിയെ കണ്ടു. വയനാട്ടിലെ ജൈനക്ഷേത്രത്തിൽ ജോലിചെയ്തതുകൊണ്ട് അദ്ദേഹത്തിന് നന്നായി മലയാളമറിയാമായിരുന്നു.

രുചികരമായ പ്രഭാതഭക്ഷണത്തിനു ശേഷം ഹളെബിഡു ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. യുനെസ്കോ പൈതൃ സ്വത്തായി പ്രഖ്യാപിച്ച ശ്രാവണബലഗൊളയെ അധികാരികളും നാട്ടുകാരും വേണ്ടത്ര പരിഗണിക്കുന്നില്ലേയെന്നൊരു ശങ്ക തോന്നി. അങ്ങോട്ടുള്ള വഴിക്കുറിപ്പുകളിലും വഴികളിലും അങ്ങിനെയൊരു വേണ്ടായ്മ അനുഭവപ്പെട്ടു. ഹളെബിഡുവിലെ വിസ്മയക്കാഴ്ചകളിലേക്കു താൽക്കാലികമായി മുഴുകുന്നതുവരെ ഗോമതേശ്വരൻ മഹാവിസ്മയമായി കൂടെയുണ്ടായിരുന്നു.

2011 മാർച്ച് 26, ശനിയാഴ്‌ച

മലയാളം മീഡിയം രക്ഷിതാക്കൾക്ക് സംഘടന


അധ്യാപകരും അനദ്ധ്യാപകരുമായി 20-ഓളം ആളുകളുണ്ട്‌ എന്റെ സ്റ്റാഫ്‌ റൂമില്‍. ഇതില്‍ 3 പേര്‍ വിവാഹിതരല്ല. ഒരാള്‍ക്ക്‌ സ്കൂളില്‍ ചേര്‍ക്കാറായ കുട്ടികളില്ല. ബാക്കി 16-ല്‍ 15 പേരും ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ കുട്ടികളെ പഠിപ്പിക്കുന്നത്‌. ഇതില്‍ 2 പേരുടെ കുട്ടികള്‍ ഇംഗ്ലീഷ്‌ മീഡിയത്തിലെ പഠനം കഴിഞ്ഞ്‌ ഉപരിപഠനത്തിലാണ്‌. കുട്ടിയെ മലയാളം മീഡിയത്തില്‍ ചേര്‍ത്ത ഒരേയൊരു ധീരന്‍ ഞാനാണ്‌.

എന്റെ ധീരത സ്റ്റാഫ്‌ റൂമില്‍ ഒരു ചൂളലായാണ്‌ അനുഭവപ്പെടാറ്‌. കുട്ടികളുടെ പഠിപ്പുമായി ബന്ധപ്പെട്ട്‌ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലും എനിക്കു പങ്കെടുക്കാന്‍ പറ്റാറില്ല. ജില്ലയിലെ മേല്‍ത്തരം സ്കൂളുകളിലെ പഠിപ്പും, പഠിപ്പില്ലായ്മയും, ചിട്ടയും ചിട്ടവട്ടങ്ങളും പ്രിന്‍സിപ്പാളിന്റെ തന്റേടവും പാരന്റ്സ് മീറ്റിങ്ങിലെ മാനേജരുടെ പ്രസംഗത്തിലെ പ്രബുദ്ധതയുമൊക്കെ വിഷയമാകുമ്പോല്‍ ലോകത്തിലെ ഏതു കാര്യവും വര്‍ത്തമാനത്തിനു വഴങ്ങുന്ന ഞാന്‍ നിശ്ശബ്ദനാകും. ഇടയ്ക്കൊക്കെ മലയാളികള്‍ ഇംഗീഷ്‌ മീഡിയിത്തില്‍ മക്കളെ ചേര്‍ത്തുന്നതിന്റെ സൈദ്ധാന്തിക മണ്ടത്തരം ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അപ്പോഴൊക്കെ ഞാന്‍ ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്‌. പൊരുതിത്തോല്‍ക്കുന്നതില്‍ ഒരു കുളിരും എനിക്കിതുവരെ തോന്നിയിട്ടില്ല. ഇവിടെ സംഭവിക്കുന്നത്‌ വല്ലാത്തൊരവഗണയാണ്‌. ഇത്തരം മണ്ടത്തരങ്ങൊളൊന്നും കേള്‍ക്കാന്‍ ആധുനികരില്‍ ആധുനികരായ എന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ നേരമില്ല. ഒന്നും രണ്ടും പറഞ്ഞ്‌ ഒന്നു കളിയാക്കി ഒന്നു ചിരിച്ച്‌ അവര്‍ അവഗണിച്ചു കളയും.

എന്റെ നാലാം ക്ലാസുകാരിയായ മോളും വേറൊരു തരത്തില്‍ ഇതനുഭവിക്കുന്നുണ്ട്‌. എന്റെയും ഭാര്യയുടെയും കൂട്ടുകാരൊക്കെ ആധുനികോത്തര പ്രഭൃതികളും ഇംഗ്ലീഷ്‌മീഡിയം കുട്ടികളുടെ രക്ഷിതാക്കളുമാണ്‌. വിദ്യാസപ്രവര്‍ത്തകരായ ഇവരുടെ വര്‍ത്തമാനത്തിനിടയില്‍ സ്വാഭാവികമായും ഇംഗ്ലീഷ്മീഡിയം വമ്പുകള്‍ കടന്നു വരും. അപ്പോഴൊക്കെ പിടിച്ചു നില്‍ക്കാന്‍ കുഞ്ഞ്‌ പാടുപെടുന്നത്‌ ഞാന്‍ നിസ്സഹായനായി കണ്ടുനിന്നിട്ടുണ്ട്‌. മലയാളം, കണക്ക്‌, പരിസരപഠനം, കോപ്പിയെഴുത്ത്‌, കേട്ടെഴുത്ത്‌ എന്നൊക്കെ ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടാറുണ്ട്‌. അവള്‍ക്ക്‌ തിരിച്ചെന്താണ്‌ പറയാനുള്ളത്‌? വായിച്ച്‌ അടുക്കടുക്കായി കെട്ടിവച്ച കളിക്കുടുക്കകള്‍, ബാലഭൂമികള്‍, ബഷീറും എം.ടി.യും കുഞ്ഞുണ്ണിമാഷുമൊക്കെയായി ഒരു കൂട്ടം പുസ്തകങ്ങള്‍..? അപ്പോഴും പ്രശ്നം. കുഞ്ഞുണ്ണി എന്നാണോ കുഞ്ചുണ്ണി എന്നാണോ പ്രനണ്‍സ്‌ ചെയ്യേണ്ടത്‌? എം.ടി.യോ എംറ്റിയോ? മഹാബുദ്ധിശാലികളും ആധുനികരും സംസ്കാരശീലരും സഹായമനസ്കരുമായ ചില അഭിവന്ദ്യസുഹൃത്തുക്കള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ചോദിച്ചു കളയും: "എന്താ മാഷേ മോളെ നല്ല ഏതെങ്കിലും സ്കൂളില്‍ ചേര്‍ത്തു കൂടെ? കൂടെ ഉപദേശവും വരും ആദര്‍ശമൊക്കെ പറയാനേ കൊള്ളൂ. പ്രാക്റ്റിക്കലാകണം. ഇല്ലെങ്കില്‍ വളര്‍ന്നാല്‍ മക്കള്‍ ചോദിക്കും അപ്പോള്‍ സമാധാനം പറയേണ്ടി വരും."
മീഡിയം മലയാളമാണെങ്കിലും മക്കള്‍ക്ക്‌ ബുദ്ധിക്കു കുറവൊന്നുമില്ല എന്നാണ്‌ എന്റെ ധാരണ(അതോ തെറ്റിദ്ധാരണയൊ)ചിലപ്പോള്‍ ഹൃദയത്തോട്‌ പറ്റിച്ചേര്‍ന്നുനിന്ന് അവള്‍ ചോദിക്കും: "ശരിക്കും ഈ ഇംഗ്ലിഷ്‌ മീഡിയമാണോ നല്ലത്‌?"

തെരഞ്ഞു പിടിച്ചാണ്‌ മനസ്സിനു പിടിച്ച ഒരു മതൃഭാഷാബോധനമാധ്യമപാഠശാല(തായ്മൊഴില്‍ പേശും പള്ളിക്കൂടം എന്ന് മലയാളം)കണ്ടു പിടിച്ചത്‌. ഞങ്ങളുടെ പഠിപ്പ്‌, പദവി, സാമ്പത്തികശേഷി, കുലമഹിമ, സംസ്കാരം എന്നിവയൊക്കെ പരിഗണിച്ചാല്‍ ഏതു മിനുത്ത വിദ്യാലയത്തിലും ഒരു മൂല കിട്ടും. എന്നാല്‍ അതല്ല ഇതാണ്‌ മൂല്യം എന്ന് ഒന്നു രണ്ടു കൊല്ലം ഉറക്കമൊഴിഞ്ഞ്‌ എത്തിച്ചേര്‍ന്ന ധാരണയും കൊണ്ടാണ്‌ ഇപ്പോള്‍ കുട്ടി പഠിക്കുന്ന സ്കൂളിലെത്തിയത്‌. അവിടെ ഡിവിഷന്‍ രണ്ട്‌. എ. മലയാളം മീഡിയം, ബി. ഇംഗ്ലീഷ്മീഡിയം. മിനുപ്പും കൊഴുപ്പുമുള്ള ടീച്ചര്‍മാരെല്ലാം ഇംഗ്ലിഷ്‌ മീഡിയത്തില്‍. എല്ലാ കാര്യത്തിലും ബി.യിലെ കുട്ടികള്‍ക്ക്‌ ഒരുരുള കൂടുതല്‍. നാലു കൊല്ലമായി ഈ പരാതി മുക്കലും മൂളലുമായി ഞാന്‍ പ്രധിരോധിക്കുന്നു.(മോളുടെ അദ്ധ്യാപകര്‍ ഇതു വായിക്കാനിടയുള്ളതുകൊണ്ടും യുദ്ധങ്ങള്‍ പലതു നടത്തി തളര്‍ന്നതുകൊണ്ടും സര്‍വ്വോപരി നാണംകൊണ്ടും ഇതു സംബന്ധമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കു മുതിരുന്നില്ല.)

എന്തെല്ലാം പറഞ്ഞാണ്‌ കുഞ്ഞിന്റെ മ്ലാനതയൊന്ന് നീക്കിയെടുക്കുന്നത്‌. മലയാളത്തിന്റെ പാരമ്പര്യം, മാതൃഭാഷയുടെ ശക്തി, പെഡഗോഗിക്കല്‍ ഡിസ്പ്യൂട്‌ സ്‌... ഇതൊന്നും കുഞ്ഞുമനസ്സുകള്‍ക്കുമുന്നില്‍ ഏശുകയില്ലല്ലോ. നല്ല മൊഞ്ചുള്ള കഥകള്‍, പാട്ടുകള്‍ ഇവയൊക്കെ ചെറിയൊരു കുളിരാകും.

മാതൃഭാഷാമാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്‌. സൈദ്ധാന്തികത, ചിന്ത,ന്യായം,നാക്കിന്റെ നീളം എന്നിവ കൊണ്ടും കുറേയൊക്കെ ഗതികേടുകൊണ്ടുമാണ്‌ ഇക്കൂട്ടര്‍ പിടിച്ചു നില്‍ക്കുന്നത്‌. അരോടെക്കെയാണ്‌ പടവെട്ടേണ്ടി വരുന്നത്‌? സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാഭ്യാസത്തെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത നാട്ടുകാര്‍, ടെലിവിഷന്‍, പരസ്യങ്ങള്‍, സിനിമ...കൃഷ്ണനും ഭീഷ്മദ്രോണാചാര്യന്മാരും കുരുക്ഷേത്രത്തിൽ സഹിച്ചതിനേക്കാള്‍ വലിയ സഹനം.

എല്ലാ വിഭാഗം ജനങ്ങളും സംഘടിക്കുന്നു.(ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നൊക്കെ പറഞ്ഞ്‌ ഒരു കൂട്ടരെയും അപഹസിക്കാന്‍ ഞാനാളല്ല)സുഹൃത്തുക്കളെ, നമുക്കെന്തുകൊണ്ട്‌ സംഘടിച്ചു കൂട. കുട്ടികള്‍ മാതൃഭാഷാമാധ്യമത്തില്‍ പഠിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റ്‌ അഭ്യുദയകംക്ഷികളുടെയും കൂട്ടം എന്നു പേരും കൊടുക്കാം. സംഘടിച്ചു ശക്തരാവുക എന്ന ഗുരുവചനവും സംഘം ശരണം ഗച്ഛാമി എന്ന ബൗദ്ധമന്ത്രവും ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്‌. നമുക്കും പൊങ്ങച്ചം പറയാൻ ഒരിടം വേണ്ടേ? കുഞ്ഞുങ്ങൾക്ക് മാനസികമായ തട്ടും തടവും കൂടാതെ ഒന്ന് ഉരിയാടേണ്ടേ?

പ്രിയപ്പെട്ടവരെ, ഈ കുറിപ്പ്‌ ഒരു തമാശയായി വായിച്ചു തള്ളരുത്‌. വീയെസ്സിന്‌ സീറ്റു കിട്ടാത്തതിനേക്കാള്‍ വലിയ പ്രത്യയശാസ്ത്രപ്രശ്നമാണിത്‌. സംഘടിക്കുക:

ലത്തീഫ് ചെമ്പരത്തി

2011 മാർച്ച് 21, തിങ്കളാഴ്‌ച

വീ യെസ്‌ ഫോര്‍ വി.എസ്‌.

പരാജയപ്പെട്ടുപോയെങ്കിലും മനോഹരമായൊരു മുദ്രാവാക്യമായിരുന്നു, വീ യെസ്‌ ഫോര്‍ വി.എസ്‌. എന്നത്‌. മലയാളത്തിന്റെ മനസ്സില്‍ വി.എസ്‌. എത്ര മഹാനായിരുന്നു എന്ന് ഈ മുദ്രാവാക്യം വ്യക്തമാക്കും. വി. എസിന്റെ മഹത്വം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്‌ ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം. വി.എസിനൊപ്പം ഭരിക്കുന്നതിനെക്കാള്‍ വി.എസില്ലാതെ പ്രതിപക്ഷത്തിരിക്കുന്നതാണ്‌ നല്ലത്‌ എന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

പാര്‍ടി നിലപാടുകളെ പാര്‍ട്ടിക്കകത്തും ഗതികെട്ട്‌ പാര്‍ട്ടിക്കു പുറത്തും എതിര്‍ത്തതാണ്‌ അദ്ദേഹം ചെയ്ത പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം. ഭരണം കളഞ്ഞുപോലും വി.എസിന്റെ ഇടപെടലുകളില്‍നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കണം എന്നു അഭിനവ സ്റ്റാലിനിസ്റ്റുകള്‍ പറയുമ്പോള്‍ വി.എസ്‌. ചെയ്തുകൊണ്ടിരുന്നതോര്‍ത്ത്‌ മലയാളികള്‍ക്ക്‌ കക്ഷിരാഷ്ട്രീയഭേദമെന്യെ ആഹ്ലാദിക്കാം. ഇക്കൂട്ടര്‍ കൊണ്ടു വരാന്‍ പോകുന്ന വിപ്ലവത്തെ കരുതിയിരിക്കുകയും ചെയ്യാം.

വി. എസ്‌. എതിര്‍ത്ത ചില കര്യങ്ങള്‍ നോക്കാം.
1. എ.ഡി.ബി.യില്‍നിന്ന് കണ്ണും പൂട്ടി കടമെടുക്കരുത്‌.
2. വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കരുത്‌.
3. അബ്ദുല്‍ നാസര്‍ മദനി, സുലൈമാന്‍ സേട്ട്‌ തുടങ്ങിയ വര്‍ഗീയവാദികളുമായി കൂട്ടു ചേരരുത്‌.
4. ലോട്ടറിമാഫിയയുമായുള്ള ബന്ധം നല്ലതിനല്ല. കോടികള്‍ കൊള്ളയടിക്കുന്ന അവരെ നാട്ടില്‍നിന്നോടിക്കണം
5. ഫാരിസ്‌ അബൂബക്കറിനെപ്പോലുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വെറുക്കപ്പെടേണ്ടവരാണ്‌.
6. ലാവലിന്‍ പോലുള്ള അഴിമതികള്‍ പാര്‍ട്ടിക്കകത്തുനിന്നയാലും അഴിമതി തന്നെയാണ്‌.
7. പി. ശശിയെപ്പോലുള്ള ഞരമ്പുരോഗികളെ പാര്‍ട്ടിക്കു പുറത്താക്കണം.
8. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള സ്ത്രീപീഡകരെ പാര്‍ട്ടി സഹായിക്കേണ്ടതില്ല.
9. ആഗോളവല്‍ക്കരണത്തെ നല്ല മനസ്സോടെ സമീപിച്ചാല്‍ ദേശത്തിനും ജനങ്ങള്‍ക്കും ഗുണപരമായി മാറ്റിയെടുക്കാനാവും.
10. പൊതുസ്വത്ത്‌ തീറെഴുതിക്കൊടുക്കാതെയും നാട്ടില്‍ വ്യവസായങ്ങള്‍ വരും
11 വനഭൂമി, റവന്യുഭൂമി എന്നിവ കൈയേറുന്നവരെ തടയേണ്ടതുണ്ട്‌. ഇങ്ങനെ പോകുന്നു.

ആഗോളവല്‍ക്കരണത്തിന്റെ സവിശേഷ സാമൂഹികാന്തരീക്ഷത്തില്‍ വി. എസ്‌. ഒരു രാഷ്ട്രീയപ്രതിഭാസമായിരുന്നു. നിലവിലുള്ള സാമൂഹ്യാവസ്ഥകളെ ക്രിയാത്മകമായി ഉപയൊഗപ്പെടുത്തിയും സ്വയം പരുവപ്പെട്ടുമാണ്‌ വി.എസ്‌. ഇത്തരത്തില്‍ മാറിയത്‌. എല്ലാം മാര്‍ക്കറ്റ്‌ തീരുമാനിക്കും എന്ന ആഗോളവല്‍ക്കരണയുക്തിയില്‍ യുവാക്കളും പൊതുമണ്ഡലംതന്നെയും അരാഷ്ട്രീയവാദത്തിലേക്ക്‌ വഴുതുമ്പോഴാണ്‌ രഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആവശ്യവും ആവേശവും വി.എസ്‌. ജനങ്ങളിലേക്കു പകരുന്നത്‌.

ഇടത്‌ വലത്‌ വ്യത്യാസമില്ലാതെ ജനങ്ങളെ ആവേശംകൊള്ളിച്ച വി.എസ്‌.പ്രഭാവം അവസാനിക്കുകയാണ്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സി.പി.എം. ന്റെ വമ്പത്തരത്തിനും മണ്ടത്തരങ്ങള്‍ക്കും ബാലറ്റിലൂടെ മറുപടികൊടുത്ത ഇടതുപക്ഷപൊതുബോധം നിലയ്ക്കുനിന്നാല്‍ ഇടതു തുടര്‍ഭരണത്തിനു സഹായിക്കാം എന്ന മനസ്ഥിതിയിലായിരുന്നു. വി.എസി.നെ പടി കടത്തിയതോടെ ആയിരക്കണക്കിനാളുകള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യില്ലെന്ന് തീരുമാനമെടുത്തു കഴിഞ്ഞു. കേരളത്തിലെ ഇടതുനെതൃത്വം ചരിത്രത്തിലാദ്യമായി സംഭവിക്കുമായിരുന്ന ഇടതു തുടര്‍ഭരണം എന്ന സ്വപ്നത്തെ വലിയൊരു മണ്ടത്തരംകൊണ്ട്‌ തടഞ്ഞിരിക്കുകയാണ്‌.

തോറ്റു പോയ ആ മുദ്രാവാക്യത്തിന്റെ സൗന്ദര്യം ഒന്നുകൂടി നുണയാം