പേജുകള്‍‌

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

Sms കൊലപാതകങ്ങൾ



സാങ്കേതികവിദ്യ സമൂഹഘടനയിൽ നിർണായക ചലനങ്ങളുണ്ടാക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  കേരളത്തിലെ അയിത്താചരണം വഴിമാറിയത് സാമൂഹ്യപരിഷ്കർത്താക്കളുടെയും സർക്കാറുകളുകളുടെയും ശ്രമങ്ങൾ കൊണ്ടു മാത്രമല്ല, കേരളത്തിലൂടെ ബസ്സുകളും തീവണ്ടികളും ഓടാൻ തുടങ്ങിയതുകൊണ്ടു കൂടിയാണ്. ടെലിവിഷൻ കേരളീയ ഭവനങ്ങളുടെ ഘടനയെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി.  മൂലധനത്തിന്റെ വികേന്ദ്രീകരണത്തോടൊപ്പം വിവരവിനിമയ വിദ്യയുടെ കാര്യക്ഷമതയും വ്യാപനവും കൂടിയാണല്ലോ, ആഗോളവൽക്കരണം സാധ്യമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മൊബൈൽ ഫോൺ ബന്ധങ്ങളെയും മൂല്യസങ്കല്പത്തെയും സാമൂഹ്യശീലങ്ങളെയും അടിമുടി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
മൊബൈലിന്റെ കേളീവിലാസങ്ങളിൽ അവസാനത്തേതാണ് SMS കൊലപാതകങ്ങൾ;  അതിന്റെ അവസാനത്തെ ഇര സിനിമാ താരം പൃത്ഥ്വി രാജും.  SMSന് സമൂഹത്തിൽ നിർണായക സ്വാധീനശക്തിയാകാൻ കഴിയുമെന്ന് ലോകത്തിലാദ്യമായി നിരീക്ഷിക്കപ്പെട്ടത് ഇന്തോനേഷ്യയിലാണ്.  ഏതാനും വർഷം മുമ്പ് SMS കാമ്പയിൻ അവിടെ ഭരണമാറ്റത്തിന് കാരണമായി.  കേരളത്തിൽ വി. എസ്. ന് രണ്ടാം തവണ സീറ്റു നിഷേധിക്കപ്പെട്ടപ്പോൾ എസ്.എം. എസ്. പ്രതിഷേധത്തിനുള്ള ശക്തമായ മാധ്യമമായി.  പരസ്യങ്ങൾ, ഔദ്യോഗികവും അല്ലാത്തവുമായ അറിയിപ്പുകൾ, ചെറിയ വിവരങ്ങളുടെ കൈമാറ്റം തുടങ്ങി SMS ന്റെ സാധ്യതകൾ സാമൂഹികമായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.  അല്പം നർമ്മവും കാവ്യയുക്തിയും ചേർന്നുണ്ടാക്കുന്ന ലഘുസാഹിത്യമായാണ് smsകൾ പ്രായാണമാരംഭിക്കുന്നത്. ഈ സാഹിത്യത്തിന്റെ നിലവാരം  ഉപയോഗിക്കുന്നവന്റെ നിലവാരമനുസരിച്ച് മാറി മറിഞ്ഞു.  ചിന്തോദ്ദീപകങ്ങളും പൈങ്കിളിയും അശ്ലീലവുമായ smsകൾ പ്രചരിച്ചു. 
            മലയാളിയുടെ ജനകീയവായനയുടെ (popular reading) താൽപര്യങ്ങളും ഇക്കാലയളവിൽ മാറിമറിഞ്ഞു.  കേരളശബ്ദം ബീഡിപ്പുകയുടെ സഹായത്തോടെ വായിച്ചിരുന്നവരുടെ അടുത്ത തലമുറ പൈങ്കിളിയിലേക്കും പിന്നെ റ്റോംസിലേക്കും (ബോബനും മോളിയും) മാറി.  പിന്നെ വരുന്നത് കുസൃതിച്ചോദ്യങ്ങളുടെ അസംബന്ധ നാടകങ്ങളാണ്.  ഇക്കാര്യങ്ങളെല്ലാം തുടർച്ചയായ കണ്ണിചേരലുകളാണെന്നോ കേരളമൊട്ടുക്ക് ഒരേ പോലെ പ്രചരിച്ചെന്നോ ഉറപ്പിച്ചു പറയാനാകില്ല.  ഇക്കാര്യങ്ങളിലെല്ലാമുണ്ടായിരുന്ന കുസൃതിയും തമാശയും smsന്റെ ലഘു ഘടനയിലേക്ക് ചേക്കേറാവുന്നിടത്തോളം ചേക്കേറി.  അപ്പോഴൊന്നും അതിന് ഏതെങ്കിലും തരത്തിൽ രൗദ്രതയോ സംഹാരശേഷിയോ കൈവരുന്നില്ല.  അല്പം വിസ്തരിച്ചു പറയേണ്ടുന്ന മലയാളിയുടെ മറ്റൊരു സാമൂഹ്യശീലം smsന്റെ പുതുകൗതുകമായതോടെയാണ് കാളി കാര്യമായത്.
            അതിപ്രാചീന മലയാളകവി തോലനോളം (അതുലൻ. ആട്ടപ്രകാരവും ക്രമദീപികയും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്നു) പഴക്കമുണ്ട് മലയാളിയുടെ പരിഹാസസാഹിത്യത്തിന്.
രാഞ്ജിയുടെ സംസ്കൃതഭ്രമത്തെ അദ്ദേഹം കളിയാക്കിയത്, അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീഎന്നിങ്ങനെ മലയാളത്തിലുള്ള സൗന്ദര്യവർണ്ണനയെ മനസ്സിലാകാത്ത സംസ്കൃതത്തിൽ അർക്കശുഷ്കഫലകോമളസ്തനീ (വെയിലേറ്റുണങ്ങിയ പഴങ്ങൾ പോലെ ചപ്പിയ മുലകളോടു കൂടിയവളേ..)എന്നു പറഞ്ഞുകൊണ്ടാണ്.  ചാക്യാന്മാരിലും പിന്നീട് കുഞ്ചൻ നമ്പ്യാരിലും പുതുകാലത്ത് ചെമ്മനം ചാക്കോയിലും ഉയർന്ന നിലവാരത്തിൽ നാമിതു കണ്ടു.  സമൂഹമനസ്സിന്റെ വൈകൃങ്ങൾക്കുള്ള മറുമൊഴിയായോ ചിലപ്പോഴൊക്കെ വൈകൃതം തന്നെയായോ പരിഹസത്തിന്റേതായ ഒരംശം എക്കാലത്തും മലയാളമനസ്സിൽ ഉണ്ടായിരുന്നു.

പൊതുമനസ്സിനു താല്പര്യം കുറഞ്ഞവർ ബുദ്ധിമാന്ദ്യത്തിന്റെയും വിവരക്കേടിന്റെയും കുലച്ചിഹ്നങ്ങളായി. മുസ്ലീങ്ങൾ, നമ്പൂതിരിമാർ, ചെട്ടികൾ തുടങ്ങിയവർ പലകാലങ്ങളിൽ ഇങ്ങനെ പരിഹാസത്തിന് ശരവ്യരായി. മലബാർ കലാപകാലത്ത് ബ്രീട്ടീഷ് പട്ടാളത്തിന് പറ്റിയ അബദ്ധങ്ങൾ എന്ന പേരിൽ ചില കഥകൾ കേട്ടിട്ടുണ്ട്.  പഴം കഴിക്കുമ്പോലെ ചക്ക തിന്ന സായിപ്പ് ചുള കളഞ്ഞ് കുരു തിന്നതും പഴുത്തു നിൽക്കുന്ന കാന്താരി പൊട്ടിച്ചു വായിലിട്ടതും ഇങ്ങനെയുള്ള കഥകളാണ്. കഥകൾ അങ്ങോട്ടുമിങ്ങോട്ടും തരം പോലെ പ്രയോഗിക്കപ്പെട്ടു. ചിലതെല്ലാം മൗലികമായി നിന്നു. ഇതിന്റെ ശരിയായ പഠനം നിർവഹിക്കേണ്ടത് നാടോടിവിജ്ഞാനീയക്കാരാണെന്നു തോന്നുന്നു. (ഇതിനോടകം പഠനം നടന്നോ എന്നുമറിയില്ല) പുതുകാലത്ത് വായനയുടെ ലളിതയുക്തിയെ താലോലിക്കുന്നതിനായി, നമ്പൂതിരി ഫലിതം, സർദാർജി ഫലിതം എന്നെല്ലാം ഇത് അച്ചടിമഷി പുരണ്ടിറങ്ങുകയും ചെയ്തു. 
ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന സ്ഥാനത്ത് വ്യക്തിൾ കടന്നു വന്നു.  കേരളത്തിൽ അറിയപ്പെട്ടിടത്തോളം ഇതിന്റെ എക്കാലത്തെയും വലിയ ഇര ലീഗ് നേതാവായിരുന്ന ശ്രീമാൻ സീതി ഹാജിയായിരുന്നു. സീതി ഹാജി ഫലിതങ്ങൾ ഒരുവേള ഫലിതത്തിന്റെ നൈർമല്യവും മര്യാദയും വിട്ട് അസംബന്ധവും അശ്ലീലവുമായി.  ഇത്തരം ഫലിതങ്ങളുടെ പൊതുസ്വഭാവം മനുഷ്യസഹജവും എവിടെയൊക്കെയോ ഏതെല്ലാമോ കാലങ്ങളിൽ സംഭവിച്ചതുമായ വീഴ്ചകളെ ഒറ്റവ്യക്തിയിലേക്ക് സമാഹരിക്കുക എന്നതാണ്.  സീതിഹാജി അന്തരിച്ചിട്ടും അദ്ദേഹത്തെ ഒട്ടും അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പേരിലുള്ള തമാശകൾ പറഞ്ഞു രസിച്ചു. മലയാളിയുടെ ഈ ശീലത്തെ റ്റോംസ് അദ്ദേഹത്തിന്റെ കോമിക്കിലൂടെ വേറിട്ടു പ്രകാശിപ്പിച്ചു. പിന്നീടാണ് ടിന്റുമോൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ ജനനം.  നാളിതുവരെയുള്ള ഫലിതങ്ങളെല്ലാം ടിന്റുമോനു പാകത്തിൽ പുനരാവിഷകരിക്കപ്പെട്ടു.  പുതുതായി ഒരുപാടുണ്ടായി പിന്നെ എന്തുമേതുമുൾക്കൊള്ളാൻ പാകത്തിൽ ടിന്റുമോനെ വലിച്ചു നീട്ടി.
            Sms ലേക്കു തിരിച്ചുവരാം.  സർദാർജി ഫലിതങ്ങൾക്കൊപ്പം മെല്ലെ ടിന്റുമോനും sms-നു പാകപ്പെട്ടു/പെടുത്തി.  പുസ്തകങ്ങളും വെബ്സൈറ്റുകളുമൊരുങ്ങി.  കാര്യങ്ങൾ ഇത്രത്തോളമായപ്പോഴാണ് കളി കാര്യമായതും sms ഉഗ്രമൂർച്ചയുള്ള കൊലക്കത്തിയായതും.  ടിന്റുമോനെ വച്ചു കളിച്ചിരുന്ന കളി മറ്റു പലരെയും വച്ചായി. വന്നുവന്ന് കായികലോകത്തെയും സിനിമാരംഗത്തെയും പ്രതിഭകൾ sms-ന്റെ വെട്ടേറ്റ് വീഴുന്നതാണ് ഇപ്പോൾ കാണുന്നത്. സീതി ഹാജിക്കെതിരെ പ്രചരിച്ച അസംബന്ധ, അശ്ലീല ഫലിതങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ ബാധിച്ചതായി കേട്ടിട്ടില്ല. അതുപോലെ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളും കോമഡി കലാകാരന്മാരിൽനിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കളിക്കളത്തിലെ പ്രകടനമാണ് മാനദണ്ഡമെന്നതിനാൽ ക്രിക്കറ്റ് താരം ശ്രീശാന്തും രക്ഷപ്പെടും. എന്നാൽ സിനിമാതാരത്തിന്റെ റേറ്റിംഗ് പ്രേക്ഷകമനസ്സിലാണ് എന്നത് പൃത്ഥ്വിരാജിന്റെ കരിയർ തകർക്കുന്നു.  അദ്ദേഹത്തിനെതിരെ കരുതിയുറപ്പിച്ച നീക്കങ്ങളുണ്ടായോ എന്നറിയില്ല, പക്ഷെ, sms ബോംബുകളുടെ പടരൽശേഷി  അതിനെ മാരകമാക്കുന്നു; എയ്ഡ്സ് രോഗികളെക്കാൾ കൂടുതൽ പ്രമേഹരോഗികൾ മരണത്തിനു കീഴടങ്ങുന്നു എന്ന കണക്കു പോലെ.
ഉചിതമായ കരങ്ങളിൽ പരിഹാസം സൂക്ഷ്മവും ശക്തവുമായ അക്യൂ പംങ്ചർ ചികിത്സയാണ്.  അല്ലാത്തിടങ്ങളിലത് കരളിൽ കത്തിയിറക്കലാകും.  Sms-ന്റെ ലളിതയുക്തി, ചികിത്സ തന്നെ രോഗമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഒപ്പം ഉത്തരം ബുദ്ധിമുട്ടി മാത്രം കണ്ടെത്താൻ സാധിക്കുന്ന നൂറുനൂറു പുതുചോദ്യങ്ങളെയും അതു തുറന്നു വിടുന്നു.

2 അഭിപ്രായങ്ങൾ:

  1. നല്ല നിരീക്ഷണങ്ങൾ.ഫലിതത്തിന് കേരളീയമാതൃകകൾ ഇനിയുമുണ്ട്.വി.കെ.എൻ നെ വിട്ടുപോയതെന്തേ? മലയാള ചലച്ചിത്രങ്ങളിലെ ഹാസ്യ പാരന്പര്യവും പരിശോധിക്കാവുന്നതാണ്.ഇനിയും നാട്ടുവിശേഷത്തിൽ ഇത്തരം മൗലികമായ നിരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം ഫലിതമായോ എന്നൊരു സംശയം

    മറുപടിഇല്ലാതാക്കൂ