ബീബാത്തുമ്മയിൽ ഒരുമ്മയുള്ളതുകൊണ്ടും ഏതാണ്ട് എന്റെ ഉമ്മയുടെ സമപ്രായക്കാരിയയാതുകൊണ്ടുമാവണം അവർ ചെന്നുപെട്ട ജീവിതവഴികൾ എന്നെ വല്ലാതെ അലോസരപ്പെടുത്തിയത്. അവരുടെ മൂത്ത മകൾ എന്നെക്കാൾ മൂന്നോ നാലോ വയസ്സിന് ഇളപ്പമായിരുന്നു. എടുത്തു പറയാൻ മാത്രമുള്ള ചന്തമൊന്നുമില്ലെങ്കിലും ആ വീടിന്റെ പരിസരത്തെത്തുമ്പോൾ എന്റെ കൌമാരമനസ്സ് ചെറുതായി ഇളകാറുണ്ടായിരുന്നു. ഞങ്ങളുടെ വീടു നിന്ന കുന്നിന് സമാന്തരമായ കുന്നിലായിരുന്നു ബീബാത്തുമ്മയുടെയും കുടുംബത്തിന്റെയും വീട്. വൈദ്യുതീകരിക്കാത്ത ഞങ്ങളുടെ കുട്ടിക്കാലത്ത് മറ്റേ കുന്നിലെ രാത്രിവെളിച്ചങ്ങൾക്ക് ഇന്നത്തേക്കാൾ സാന്ദ്രതയുണ്ടായിരുന്നു. ഞങ്ങൾ സാധാരണ പെരുമാറുന്ന വഴിയിലായിരുന്നല്ല അവരുടെ വീട്. ഡി.വൈ.എഫ്.ഐ.യുടെ നോട്ടീസുകൾ, മെമ്പർഷിപ്പ് ചേർക്കൽ, ഇലക്ഷൻ സ്ലിപ്പു വിതരണം തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും, കല്യാണംവിളിപോലുള്ള പരിപാടികൾക്കുമാണ് ആ വഴിയൊക്കെ നടന്നിരുന്നത്. യു.പി.ക്ലാസിലൊക്കെ പഠിക്കുമ്പോൾ പുതിയ വഴികൾ കണ്ടു പിടിക്കുന്ന സാഹസികപ്രവർത്തനങ്ങളുടെ ഭാഗമായും ആ വഴികളൊക്കെ കണ്ടിരുന്നു. പരമ്പരാഗതമായി ലീഗുകാരായിരുന്നെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള സജീവ പരിചയം കാരണം ബീബാത്തുമ്മയും മക്കളും അന്ന് ഞങ്ങളോട് ചില്ലറ രാഷ്ട്രീയ സംവാദങ്ങളൊക്ക നടത്തുമായിരുന്നു. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലുള്ള ആത്മാർത്ഥത അംഗീകരിക്കുമ്പോഴും കമ്യൂണിസ്റ്റുകാർക്ക് ദൈവഭയമില്ല എന്നതാണ് അവരെ അലോസരപ്പെടുത്തിയിരുന്നത്. അവരുടെ പിൽക്കാല ജീവിതത്തിൽ ഈ ദൈവഭയം പ്രേരണയാകാഞ്ഞതെന്തെന്ന് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്.
ഞങ്ങളുടെ മറ്റെവിടെയും പോലെ ഞങ്ങളുടെ നാട്ടിലും കുടുംബങ്ങളെല്ലാം പരസ്പരം അറിയാവുന്നവരായിരുന്നു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതമാണ്. പേര്, വിലാസം തുടങ്ങിയ താൽക്കാലിക ബയോ-ഡാറ്റയ്ക്കപ്പുറം സൂക്ഷ്മമായ കുടുംബവൃത്താന്തങ്ങൾ ഏതാണ്ടെല്ലാവർക്കും ഹൃദിസ്ഥമായിരുന്നു. കുട്ടികളെയൊക്കെ വഴിയിൽക്കണ്ടാൽ മുതിർന്നവർ വിശദമായി വിവരങ്ങൾ തിരക്കുകയും ആവശ്യമെങ്കിൽ ശാസിക്കുകയും ചെയ്യുമായിരുന്നു. ചുരുക്കത്തിൽ നാട്ടിലെല്ലാവരും കുടുംബാംഗങ്ങ ളെപ്പോലെയായിരുന്നു പെരുമാറ്റവും ഇടപഴകലും. വളരെ പെട്ടെന്നാണ് അതൊക്കെ പഴങ്കഥയായിപ്പോയത്.
20-22 വർഷം മുമ്പാണ് ബീബാത്തുമ്മ നാട്ടിലാകെ വാർത്തയാകുന്നത്. മെലിഞ്ഞു നീണ്ട ഒരു സ്ത്രീയായിരുന്ന അവർ ഒരു സുന്ദരിയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അവരുടെ ഭർത്താവ് കുഞ്ഞിക്കോയക്കാക്ക് കച്ചവടമായിരുന്നു. സുബഹിക്ക് മൂപ്പര്‍ വീട്ടിൽനിന്നിറങ്ങിയാൽ രാത്രി വൈകിയെ പിന്നെ വീട്ടിലേക്കുണ്ടാകൂ. പകലൊന്നും ഒരിക്കലും അദ്ദേഹത്തെ വീട്ടിൽ കണ്ടതായി ഓർമ്മയില്ല.
ബീബാത്തുമ്മ വാർത്തയായത് ഇനി മുന്നോട്ടു പറയണമെങ്കിൽ വേറൊരു കൂടുംബത്തെ പരിചയപ്പെടേണ്ടതുണ്ട്. ഡോക്ടർ ആലിക്കായുടെ കുടുംബമാണത്. ഞങ്ങളുടെ കുട്ടിക്കാലത്ത് മൂഴിക്കലുള്ള രാമകൃഷ്ണൻ ഡോക്ടറും കോയ ഡോക്ടറുമാണ് പ്രധാന ഭിഷഗ്വരന്മാർ. അത്യാവശ്യം അലോപ്പതി കൂടി പരീക്ഷിക്കുന്ന ഹോമിയോ ഡോക്ടർമാരാണ് രണ്ടുപേരും. തലമുറകളെ ചികിത്സിച്ച് ഇപ്പോഴും രണ്ടു പേരും വലിയ പരിക്കില്ലാതെ നാട്ടിലുണ്ട്. മൂന്നാമനാണ് ഡോക്ടർ ആലിക്ക. അദ്ദേഹത്തിന്റെ വീടിനടുത്തെത്തുമ്പോഴേ അദ്ദേഹം ഡോക്ടറാകൂ. അതിനിപ്പുറം മൂപ്പർ കമ്പോണ്ടർ ആലിക്കയാണ്. ഏതോ ഡോക്ടറുടെ ക്ലിനിക്കിൽ ചീട്ടും മരുന്നും കൊടുക്കുന്ന അദ്ദേഹം അത്യാവശ്യം പനിക്കും വയറിളക്കത്തിനുമൊക്കെ മരുന്നുകൊടുക്കും. കാര്യമായ യാത്രാസൌകര്യങ്ങളില്ലാത്ത കാലത്ത് ഇങ്ങനെയുള്ള ആൾക്കാരെ മുട്ടുശാന്തിക്ക് ഡോക്ടർമാരാക്കുന്നത് നാട്ടുകാർ തന്നെയാകണം. ഏതായാലും മരുന്നിന്റെ മണമുള്ള ആ വീട്ടിലെ ചികിത്സകൊണ്ട് ആർക്കും അപായമൊന്നും സംഭവിച്ചതായി കേട്ടിട്ടില്ല. ഈ ആലിക്കായുടെ വീട് ബീബാത്തുമ്മയുടെ വീടിന്റെ തൊട്ടു താഴെപ്പറമ്പിലാണ്. സാത്വികഭാവമുള്ള ഡോക്ടറുടെയും അതിന്റെ നേരുടമയായ അദ്ദേഹത്തിന്റെ പത്നിയുടെയും ആൺമക്കളിലൊരാളായ ഹസ്സനാണ് ഈ ദുരന്തകഥയിലെ വില്ലൻ.
ഹസ്സന് എന്തായിരുന്നു ജോലി എന്നെനിക്കോർമ്മയില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനപ്പുറം പഠിപ്പില്ല എന്നറിയാം. എന്നെക്കാൾ നാലോ അഞ്ചോ വയസ്സിന് മാത്രം മൂത്ത ആളായിരുന്നു ഹസ്സൻ. മുതിർന്നപ്പോൾ അവരുടെ യൌവനാരംഭത്തിലെ സാഹസിക കഥകളൊക്കെ ഞാനും നേരിട്ടു കേട്ടിട്ടുണ്ടായിരുന്നു. ഒതുങ്ങിയ ശരീരവും ആകർഷകവ്യക്തിത്വവുമുള്ള ഹസ്സൻ കളരിയഭ്യാസിയായിരുന്നു. ആയോധനകലയ്ക്ക് പ്രാധാന്യമുള്ള ഞങ്ങളുടെ നാട്ടിൽ മിക്കവരും ചെറുതായെങ്കിലും കളരി പരിശീലനം നേടിയിരുന്നു. രാഷ്ട്രീയം, സെക്കന്റ് ഷോ സിനിമ, ആർക്കും ചേതം വരാത്ത ചില്ലറ അടിപിടികൾ ഇതൊക്കെയായിരുന്നു 25 കൊല്ലം മുമ്പത്തെ തമാശയും സാഹസികതയും. കൂട്ടത്തിൽ ചില്ലറ പെൺവിഷയവും. അവസാനം പറഞ്ഞതിൽ ബഹുകേമനായിരുന്നു ഈ ഹസ്സൻ. ഞങ്ങളുടെ നാട്ടിലും പരിസരത്തും പിൽക്കാലഗോസിപ്പുകളിൽ നിറഞ്ഞുനിന്ന പലരുടെയും ആദ്യകഥകൾ ഇയാളുമായി ബന്ധപ്പെടുത്തിയാണ് പുറത്തുവന്നിരുന്നത്. സാമൂഹികസ്ഥാനവിലയിൽ നിർവ്വചിക്കാനാകാത്ത കാരണങ്ങൾകൊണ്ട് ചില്ലറ ഒളിസേവയൊക്കെ അനുവദിക്കപ്പെട്ട ഇവരുടെ കഥകളൊന്നും രസികൻ തമാശകൾ എന്നതിനപ്പുറത്ത് കോളിളക്കമുണ്ടാക്കിയിരുന്നില്ല. എന്നാൽ തന്നെക്കാൾ പത്തു വയസ്സെങ്കിലും പ്രായക്കൂടുതലുള്ള, വലിയ ഭംഗിയൊന്നുമില്ലാത്ത, ഭർതൃമതിയായ, പതിനേഴുകാരിയായ ഒരു മകളടക്കം രണ്ടു കുട്ടികളുള്ള, അയൽക്കാരിയായ ബീബാത്തുമ്മയുമായി ഇയാൾ ഒളിസേവ തുടങ്ങിയത് വാർത്തയായി. ഞെട്ടലായി.
ബീബാത്തുമ്മയുടെ വീട്ടിനകത്തെ കോലാഹലങ്ങൾ വല്ലാത്തൊരു ദുർഗന്ധമുള്ള പുകയായി പുറത്തേക്കെത്തി. കുഞ്ഞിക്കോയയല്ല മകളാണ് അപകടം മണത്തതും ഒരു രാത്രിയിൽ അക്ഷരാർത്ഥത്തിൽ കൊടുവാളെടുത്തതും. അന്നത്തെ ആ ബഹളം ബീബാത്തുമ്മയുടെ മാന്യന്മാരും സാമാന്യം സാമ്പത്തികശേഷിയുമുള്ള ആങ്ങളമാർ ഏറ്റെടുത്തു. ചർച്ചകളും ഗുണദോഷവിചാരണയും ഒരുപാടു കഴിഞ്ഞു. അവസാനം അങ്ങാടിയിൽ വച്ചുള്ള പരസ്യമായ തല്ലിലാണതു കലാശിച്ചത്. ബീബാത്തുമ്മയുടെ ആങ്ങളമാരുടെ ആളുകളും ഹസ്സനും അപ്പുറവും ഇപ്പുറവും നിന്ന് പൊരിഞ്ഞ അടി. ഹസ്സന്റെ കളരിപ്പയറ്റൊന്നും നാടൻതല്ലിനു മുന്നിൽ ഏശിയില്ല. പൊതിരെ തല്ലു കിട്ടി പിരിഞ്ഞു പോകുമ്പോൾ ഹസ്സൻ ഒരു പ്രഖ്യാപനം നടത്തി. കഴിവിന്റെ പരമാവധി പ്രശ്നം വഷളാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. അതയാൾ ക്രൂരമായി അതു നടപ്പിലാക്കുകയും ചെയ്തു.
ഇനിയുള്ള കാര്യങ്ങൾ ചുരുക്കിപ്പറയാവുന്നതേയുള്ളൂ. അവിവാഹിതനായ ഹസ്സൻ ബീബാത്തുമ്മയുമായുള്ള ബന്ധം തുടർന്നു. അയാളുടെ പ്രേരണകൾക്ക് ബീബാത്തുമ്മ എങ്ങനെയാണ് വശംവദയായതെന്ന് ഇന്നും ആർക്കും അറിയില്ല. കുഞ്ഞിക്കോയയും മക്കളും അവരെ മൊഴി ചൊല്ലി. ഹസ്സൻ ബീബാത്തുമ്മയെ ഏറ്റെടുത്ത് കല്യാണം കഴിച്ച് കുറച്ചകലെ വാടകയ്ക്കു താമസിച്ചു. ഇതിനകം വീടുവിറ്റു മാറിപ്പോയ ഹസ്സന്റെ വീട്ടുകാർ ഏതാനും മാസങ്ങൾക്കു ശേഷം ഹസ്സനെ സാഹസത്തിൽനിന്ന് പിന്തിരിപ്പിച്ചു. ഒരു പക്ഷെ അയാളുടെ പദ്ധതിയും അതു തന്നെയായിരിക്കണം. ബീബാത്തുമ്മയെ അയാൾ ഉപേക്ഷിച്ചു. വിലപേശലിൽ ചില്ലറ വിട്ടുവീഴ്ചകൾ നടത്തിയപ്പോൾ അയാൾക്ക് വേറെ ചെറുപ്പക്കാരിയായ പെണ്ണിനെ കിട്ടി.
പിന്നീട് കുറേ കഴിഞ്ഞ് ആരോടോ ഞാൻ ബീബാത്തുമ്മയുടെ കാര്യം അന്വേഷിച്ചപ്പോൾ ‘അവർ തെണ്ടിപ്പെറുക്കിപ്പോയി’ എന്ന മറുപടിയാണ് കിട്ടിയത്.
എന്തൊക്കെയാണ് ആ തെണ്ടിപ്പെറുക്കലിന്റെ അർത്ഥവിവക്ഷകൾ എന്ന് ഇപ്പോഴും എനിക്കു തീർച്ചയായിട്ടില്ല.
(ഈ കഥയിൽ പരാമർശിക്കുന്ന ഡോ.രാമകൃഷ്ണൻ, ഡോ.കോയ എന്നിവർ അതേ പേരിൽ ഇന്നും ജീവിച്ചിരിക്കുന്നവരാണ് ബാക്കി പേരുകളെല്ലാം ഭാവനാസൃഷ്ടികൾ മാത്രം)
(ഈ കഥയിൽ പരാമർശിക്കുന്ന ഡോ.രാമകൃഷ്ണൻ, ഡോ.കോയ എന്നിവർ അതേ പേരിൽ ഇന്നും ജീവിച്ചിരിക്കുന്നവരാണ് ബാക്കി പേരുകളെല്ലാം ഭാവനാസൃഷ്ടികൾ മാത്രം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ