പേജുകള്‍‌

2012, ജൂൺ 30, ശനിയാഴ്‌ച

ടി.പി. ചന്ദ്രശേഖരന് തണുത്ത യാത്രകൊണ്ടൊരു രക്താ‍ഞ്ജലി


ടി.പി. ചന്ദ്രശേഖരന് തണുത്ത യാത്രകൊണ്ടൊരു രക്താ‍ഞ്ജലി




ജമ്മുവിൽ നിന്ന് കാശ്മീർ താഴ്വര ലക്ഷ്യമാക്കിയുള്ള ഒരു പകൽ നീളുന്ന യാത്രയുടെ തുടക്കത്തിൽ ഒരു പട്ടാളക്ക്യാമ്പിന്റെ മതിൽക്കെട്ടിനരികിലായി സ്ഥാപിച്ച ബോർഡിൽനിന്നാണ് ആദ്യത്തെ വെടിയുണ്ട ഹൃദയം തുളച്ച് അകത്തു കയറിയത്.  അതിങ്ങനെയായിരുന്നു.
RESPECT ALL
SUSPECT ALL
മെയ് നാലിന് രാത്രി കാശ്മീരിലെ ഞങ്ങളുടെ അവസാനരാത്രിയിൽ മനോഹരമായൊരു യാത്രകൊണ്ട് തരളിതമായ ഞങ്ങളുടെ മുഖങ്ങളിലേക്ക്  തുരുതുരാ വെട്ടുകളേറ്റു.  ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊല ചെയ്ത വാർത്തകളുമായി വന്ന സന്ദേശങ്ങളാണ് തണുത്തുറഞ്ഞ ആ രാത്രിയിൽ ഞങ്ങളെ മുറിവേൽപ്പിച്ചത്. ഞാനൊരു ആർ.എം.പി.ക്കാരനല്ല. പക്ഷെ, സഖാവ് ടി.പി. ചന്ദ്രശേഖരനായിരിക്കും മറ്റെന്തിനേക്കാളും ഈ യാത്രയുടെ സ്മരണയായി ഓർമ്മിക്കപ്പെടുക.
ജമ്മു കാശ്മീരിലെ ജനങ്ങളോടുള്ള പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും നയമാണ് ഓമനത്വം തുളുമ്പുന്ന മേൽസൂചിപ്പിച്ച ബോർഡിലെ പ്രഖ്യാപനത്തിൽ മുഴച്ചു നിൽക്കുന്നത്. വല്ലാത്തൊരു രാഷ്ട്രീയം ആ വാക്കുകളിലുണ്ട്. ആരെയും എപ്പോഴും എന്തും ചെയ്യാമെന്നുള്ള നിശ്ശബ്ദപ്രഖ്യാപനം വരികൾക്കടിയിലുണ്ട്. ടി.പി.യുടെ കൊലപാതകത്തെ ഉൾക്കൊള്ളാനുള്ള ദാർശനികപരിസരം രൂപപ്പെടുത്താൻ ഈ പട്ടാളശ്ലോകത്തിനായി.
കുങ്കുമം വിളയുന്ന പാടം


താൽ തടാകത്തിലെ ഒരു ദൃശ്യം














താൽ തടാകക്കരയിലെ മുഗൾഗാ‍ർഡനിൽ നിറതോക്കുമായി നിൽക്കുന്ന പട്ടാളക്കാരൻ വിനോദയാത്രികർക്ക് ഫോട്ടോയെടുക്കാൻ പുഞ്ചിരിയോടെ തോക്കു വിട്ടു കൊടുക്കുന്നതു കാണുമ്പോൾ മാത്രമാണ് വഴി നീളെ പട്ടാളം തീർക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവരുന്നത്. വിനോദയാത്രകൾ തോക്കിനെ കളിപ്പാട്ടമാക്കുന്നത് കൌതുകകരം തന്നെ.  കടുകുപാടത്തിന് നടുവിലും കവലകളിലെ ബങ്കറുകളിലും കെട്ടിടത്തിനു മുകളിലും ദുർഘടമായ മലയിടുക്കുകളിലും എന്തിന് എസി.ടി.ഡി.ബൂത്തിന് മുന്നിൽപ്പോലും യന്ത്രത്തോക്കുകളുമായി കാവൽ നിൽക്കുന്ന പട്ടാളക്കാരും  വഴി നീളെ കാണുന്ന പട്ടാളവാഹനങ്ങളും ടാങ്കുകളും പീരങ്കികളും കാശ്മീർ താഴ്വരയുടെ മനോഹരദൃശ്യങ്ങൾക്കുമേൽ വീഴ്ത്തുന്നത് ഭീതിയുടെ കരിനിഴലാണ്.  മുട്ടിന് മുട്ടിന് കാണുന്ന പട്ടാളക്കാരെ യൂണിഫോമിൽ നമുക്കു തിരിച്ചറിയാം. അവർ നേരിടാനൊരുങ്ങുന്ന ഭീകരരോ? അവർക്ക് ഹിന്ദി മലയാള സിനിമകളിൽക്കാണുന്നതുപോലെ യൂണിഫോം കാണില്ലല്ലോ.  ഉഗ്രവാദഭീതി മാറ്റി വച്ചാൽ കാശ്മീർ സുന്ദരമാണ്. കാശ്മീരികൾ സുന്ദരന്മാരും സുന്ദരിമാരുമാണ്.  പുരുഷന്മാരുടെ വെളുത്തതും കറുത്തതുമായ നീണ്ട താടികൾക്ക് എന്തു ഭംഗിയാണ്.  ഇരുകവിളുകളിലും ചുണ്ടിണകളിലും പ്രകൃതി കുങ്കുമച്ചാർത്തണിയിച്ച ഒത്ത വലിപ്പവും മഞ്ഞിന്റെ നിറവുമുള്ള കാശ്മീരിപ്പെണ്ണുങ്ങൾക്കും നല്ല ചന്തമാണ്. പക്ഷെ അവരുടെ മുഖങ്ങളൊന്നും ഉള്ളിൽ ആഹ്ലാദമുണ്ടെന്നു പറഞ്ഞില്ല. അവരുടെ കണ്ണുകളിൽ ആനന്ദത്തിന്റെ തുളുമ്പൽ കാണാനായില്ല.  ഇന്ത്യയോട് യുദ്ധം ചെയ്യാനുള്ള ഉൽക്കടദാഹങ്ങളല്ല അവരുടെ ആത്മഹർഷങ്ങളെ കെടുത്തിക്കളഞ്ഞതെന്ന് അവരോടടുത്തപ്പോൾ മനസ്സിലായി.  ലോകത്തെവിടെയും മനുഷ്യനെ കണ്ണീരണിയിക്കുന്ന തൊഴിലില്ലായ്മയും പരിവട്ടങ്ങളും തന്നെയാണ് അവരുടെയും നിറം കെടുത്തുന്നത്.  രാഷ്ട്രീയകരുനീക്കങ്ങളിലും പട്ടാളക്കാരുടെയും ഭീകരവാദികളുടെയും ഇടപെടലുകളിലും ലോകത്തെ സുന്ദരമായൊരു ജനത ആനന്ദവും ചൈതന്യവും കെട്ടുഴലുകയാണ്.  മഞ്ഞുമലകൾ കാവൽ നിൽക്കുന്ന വിശാലമായ താഴ്വരയും പ്രകൃതിദത്തമായ കുങ്കുമപ്പാടങ്ങളും കടുകുപാടങ്ങളും രാവും പകലും പ്രാണവായു പുറംതള്ളുന്ന ചിനാ‍ർ, ആപ്രിക്കോട്ട്, അക്രൂട്ട്, വീപ്പിംഗ് വില്ലോ തുടങ്ങിയ അപൂ‍ർവ്വ വൃക്ഷങ്ങൾ നിരന്നുനിൽക്കുന്ന വഴിത്താരകളും  ഹിമായലത്തിന്റെ കൌതുകങ്ങളിൽ അഭിരമിക്കാനെത്തുന്ന യാത്രികർക്ക് കാഴ്ചകളാകുന്നതു പോലെ ഈ പാവം മനുഷ്യരും കാഴ്ചവസ്തുക്കളാകുന്നു.  താൽതടാകക്കരയിൽ ‘ശിക്കാര’(തടാകത്തിലെ ചെറു തോണികൾ)യുടെ മാതൃകകൾ വിൽക്കുന്ന ഒരു മധ്യവയസ്കൻ പറഞ്ഞത് ഇത് താലിന്റെ സ്മരണമാത്രമല്ല, ഒരു നേരത്തെ ഭക്ഷണം കൂടിയാണ് എന്നായിരുന്നു.
കാശ്മീരിയുവാവ്-ജമ്മുവിൽനിന്നു്
മലനിരകളും താഴ്വരയും മഞ്ഞുറഞ്ഞും മരവിച്ചും പോകുന്ന 4-5 മാസങ്ങളിലേക്കു കൂടി ഇവർക്കു സമ്പാദിക്കണം.  താഴ്വര വിട്ട് ജമ്മുവിലേക്കും അന്യദേശങ്ങളിലേക്കും (കേരളത്തിലേക്കു പോലും ) പോകുന്നവർക്ക് കുഴപ്പമില്ല.  ഇടയൻമാരും മലനിരകളിലെ നാടോടിഗോത്രങ്ങളും മഞ്ഞുകാലത്തിന്റെ വരവറിയിച്ച് ചിനാർമരങ്ങളുടെ ഇലകൾ പഴുക്കുമ്പോൾ ജമ്മുവിലേക്കും ഹരിയാനയിലേക്കും ഹിമാചൽപ്രദേശിലേക്കും കൂട്ടത്തോടെ നീങ്ങും. കമ്പിളിയും കാ‍ർപ്പറ്റും നിർമ്മിക്കുന്നവർക്ക് മഞ്ഞുകാലം അവരുടെ ഉൽപ്പന്നങ്ങൾ മറുദേശങ്ങളിൽ വിൽക്കാനുള്ള കാലമാണ്.  കൃഷിക്കാരായ പാവങ്ങൾ താൽ തടാകം പോലും ഉറഞ്ഞുപോകുന്ന തണുപ്പിൽ കാശ്മീ‍ർ താഴ്വരയിൽ കുടുങ്ങും. ജീവൻ നിലനി‍ത്താൻ അവർക്ക് ഭക്ഷണം മാത്രം പോര, രാവും പകലും ചൂടു പകരാൻ വിറകും വേണം.  വെയിലുള്ള മാസങ്ങളിൽ തടാകത്തിലെ ഒഴുകുന്ന ചന്തയിലും അതിന്റെ കരയിലെ വിനോദസഞ്ചാരികളുടെ താവളങ്ങളിലും വിശാലമായ പാടശേഖരങ്ങളിലും അവർ വിശ്രമിക്കാതെ പണിയെടുക്കുന്നത്, കണ്ണുകൾ കൊണ്ട് യാചിക്കുന്നത് മഞ്ഞുകാലത്തേക്ക് അന്നവും വിറകും ശേഖരിക്കാനാണ്. ടൂറിസവും കൃഷിയുമല്ലാതെ മറ്റൊരു വരുമാനവും ഇവർക്കില്ല.
ഏപ്രിൽ 28 മുതൽ മെയ് 10 വരെ പന്ത്രണ്ട് ദിവസമായിരുന്നു ഞങ്ങളുടെ കാശ്മീ‍ർയാത്ര.  ജമ്മുവിൽനിന്ന് കാശ്മീർ താഴ്വരയിലേക്കും തിരിച്ചും രണ്ടു പകൽയാത്രകൾ. ശ്രീനഗറിൽ രണ്ടു പകലും രണ്ടു രാത്രിയും. 19 കുട്ടികളടക്കം 44 പേരടങ്ങുന്ന യാത്രാസംഘത്തിന്റെ കാശ്മീ‍ർ അനുഭവങ്ങൾ ഇത്രയും ദിവസങ്ങളിലൊതുങ്ങുന്നു.  ദില്ലിയിലും പഞ്ചാബിലും ജമ്മുവിലുമായി ചെലവഴിച്ച നാലു ദിനരാത്രങ്ങൾ ബോണസ്സാണ്.  ബാക്കി ദിനങ്ങൾ കൊങ്കണിലുടെയും ആന്ധ്രയിലൂടെയുമുള്ള രണ്ട് സെക്കന്റ് ക്ലാസ് തീവണ്ടി യാത്രകളിലൊടുങ്ങി. നാലുവയസ്സുകാരായ നാലു കുട്ടികളും അറുപതു കഴിഞ്ഞ രണ്ടു മുത്തശ്ശിമാരും പ്രായത്തിന്റെ രണ്ടറ്റത്തും നിൽക്കുന്ന ഈ സംഘത്തിന് ഇത് വെറുമൊരു യാത്രയല്ല.  സങ്കുചിത ചിന്തകളുടെ മനസ്സിടുക്കങ്ങൾക്കിടയിൽനിന്ന് തുറന്ന ആകാശങ്ങളിലേക്കുള്ള ചിറകു വീശൽകൂടിയാകുന്നു.  മുതിർന്ന യാത്രക്കാരായ രണ്ടു പേരിലൊരാളെ മറ്റുള്ളവർ അമ്മയെന്നും മറ്റെയാളെ ഉമ്മച്ചിയെന്നും വിളിച്ചു.  യാത്രക്കിടയിൽ കണ്ടു വണങ്ങിയ വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കു മുമ്പിൽ ഈ അമ്മമാ‍ർക്ക് ഒരേ ഭാവമായിരുന്നു.  കുട്ടികൾക്ക് ഒരുപാട് അച്ഛനമ്മമാ‍ർ, സഹോദരങ്ങൾ. മുതിർന്നവർക്ക് ഇഷ്ടം പോലെ മക്കൾ. മലയാളിയുടെ പഴംബോധത്തിലെ ആ മാവേലി മൻറം പോലെ ജാതിയും മതവുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. യാത്രയുടെ ചന്തവും ചൈതന്യവും അതായിരുന്നു.
2011 ലെ ഓണക്കാലത്ത് കുടുംബവും കുട്ടികളുമൊക്കെയായി ഞങ്ങളൊരു ഹിമാലയയാത്ര നടത്തിയിരുന്നു.  ഇക്കൊല്ലം കടലിലേക്കാവട്ടെ യാത്ര എന്ന് ആൻഡമാൻ തീരുമാനിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നടന്നില്ല.  മൂന്നുദിവസത്തെ കടൽയാത്രയും തിരിച്ചൊരു ആകാശയാത്രയും സ്വപ്നം കണ്ടവർക്ക് കാശ്മീരിൽ കുറഞ്ഞൊന്നും സ്വീകാര്യമാവില്ലായിരുന്നു.  ഓഗസ്റ്റിൽ നടക്കേണ്ട യാത്ര അങ്ങനെ മെയ് മാസത്തേക്ക് നീണ്ടു.  മലയാളികൾ കാശ്മീരിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളു.  വളരെ കുറച്ചു പേരെ മാത്രമാണ് ജമ്മുവിലും ശ്രീനഗറിലും കാണാൻ കഴിഞ്ഞത്. അവരിൽത്തന്നെ പാതിയിലധികം പട്ടാളക്കാരാണ്.  യാത്രക്കൊരുങ്ങുമ്പോൾ ഒരു സുഹൃത്ത് ചോദിച്ചത് കാശ്മീരിലേക്ക് പാസ്പോർട്ട് വേണ്ടേ എന്നാണ്.  വലിയ പഠിപ്പുള്ള, ധാരാളം യാത്ര ചെയ്ത ആ സുഹൃത്തിന്റെ സംശയം വെറും മണ്ടത്തരമല്ല,  കാശ്മീരിനെക്കുറിച്ച് മലയാളികൾക്ക് പൊതുവെയുള്ള അറിവില്ലായ്മയാണ്.
കടകൾക്ക് കാവൽനിൽക്കുന്ന പട്ടാളക്കാരൻ
 ഡൽഹിയിൽനിന്ന് ഒരു രാത്രിയാത്രകൊണ്ട് തീവണ്ടിയിൽ ജമ്മുവിലെത്താം.  പഞ്ചാബിലെ ചാണ്ഡീഗഢ് അമൃത്സർ വഴി പത്താൻകോട്ടിലൂടെയും ജമ്മുവിലെത്താം.  ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് ഏതാണ്ട് മുന്നൂറ് കിലോമീറ്ററോളം റോഡുമാർഗ്ഗം യാത്ര ചെയ്യണം.  ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് പ്രതിദിന വിമാനസർവ്വീസുണ്ടെങ്കിലും ഹിമാലയമലമടക്കുകളിൽ ഭൂമിയിലെ സ്വർഗ്ഗമെന്ന് ജവർലാൽ നെഹ്റു വിശേഷിപ്പിച്ച കാശ്മീർതാഴ്വര രൂപപ്പെടുന്നതെങ്ങനെയെന്ന് മനസ്സിലാവണമെങ്കിൽ ഈ റോഡുയാത്ര നിർബന്ധമാണ്.  മലമടക്കുകൾക്ക് തൊട്ടു താഴെയുള്ള പ്രദേശമാണ് ജമ്മു.   പഞ്ചാബിന്റെയും ഹരിയാനയുടെയും ഒരു തുടർച്ചയാണ് ഭാഷയിലും സംസ്കാരത്തിലും പ്രകൃതി ദൃശ്യങ്ങളിലും ജമ്മുവിൽ കാണാൻ കഴിയുക.
കാശ്മീർതാഴ്വരയിലെ ഒരു വഴിയോരദൃശ്യം
മല കയറാൻ തുടങ്ങിയാൽ പഠ്ണി ടോപ്പ് എന്ന മലയോര പട്ടണം വരെ ജമ്മുവിന്റെ സംസ്കാരം നീണ്ടു കിടക്കുന്നു.  അവിടെ നിന്ന് മുകളിലേക്ക് സഞ്ചരിക്കുമ്പോൾ ഹിമാലയൻ മലനിരകളുടെ അരുമകളായ പിരമിഡ് മരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പർവ്വതനിരകളുടെ ചരിവിനും കാറ്റിനും തണുപ്പിനുമനുസരിച്ച് പൈനും സുരയ് യും ദേവദാരുവിന്റെ കുടുംബക്കാരായ മറ്റു മരങ്ങളും ഒറ്റയ്ക്കും കൂട്ടായും നമ്മെ മോഹിപ്പിക്കാൻ തുടങ്ങും.  മനുഷ്യരും കെട്ടിടങ്ങളുടെ ശില്പഘടനയും മെല്ലെ മാറും. ഹിമാലയത്തിലെ ഗഡ് വാൾ മേഖലയിലേക്കുള്ള വഴികളിൽനിന്ന് വ്യത്യസ്തമായി പത്തിരുനൂറ് കിലോമീറ്റ‍ർ ചുരം കയറിയാൽ പിന്നെ ഇറക്കമാണ്.  നടന്നെത്താവുന്ന അകലത്തിൽ മഞ്ഞുമലകൾ കണ്ടുകൊണ്ട് ഇറങ്ങിച്ചെല്ലുക കാശ്മീർ താഴ്വരയിലേക്കാണ്.  നെല്ലും കടുകും ജീരകവും കുങ്കുമവും തഴച്ചുവളരുന്ന പാടങ്ങൾ.  പ്രകൃതി തട്ടി നിരപ്പാക്കിയതുപോലുള്ള താഴ്വര അവസാനിക്കുന്നത് പ‍ർവ്വതശ്രേഷ്ഠന്മാരുടെ കാൽക്കീഴിൽ.  നീലനിറത്തിൽ സഗൌരവം നിലയുറപ്പിച്ച ഈ മലനിരകൾക്കു തൊട്ടു പിറകിലായി തല നരച്ച മഞ്ഞുമലകൾ.  താഴ്വരയെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് നദികളും തടാകങ്ങളും. വീതിയേറിയ നിരത്തുകളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ബന്ധമില്ലെങ്കിലും റെയിൽവേയും ഇവിടെയുണ്ട്. (ശ്രീനഗർ-ജമ്മു റെയിൽപ്പാതയുടെ പണി പുരോഗമിക്കുന്നു.) വയലേലകൾ ചിലപ്പോഴെങ്കിലും ജെ.സി.ബി.കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കേരളത്തെ ഓർമ്മിപ്പിച്ചു.  വഴിനീളെ നല്ല മനുഷ്യർ.  നന്നായൊന്നു വിലപേശിയാൽ വേണമെങ്കിൽ വെറുതെയും തരാമെന്ന മട്ടിൽ കച്ചവടക്കാർ.  ചിനാർമരത്തണലിലും കടുകുപാടങ്ങളിലും അജ്ഞാതരായ ഭീകരന്മാരെ തോക്കുമായി കാത്തിരിക്കുന്ന പട്ടാളക്കാ‍ർ പക്ഷെ, ആ രംഗത്തിന് ചേരാത്തവരായി തോന്നി.  ശ്രീനഗറിൽ തങ്ങിയ രണ്ടു ദിനരാത്രങ്ങളിലും മുക്കിലും മൂലയിലും പരതിയെങ്കിലും ഒരു ഭീകരൻ പോലും ഞങ്ങളുടെ കണ്ണിൽ പെട്ടതുമില്ല. 
മകൾ മെഹർ
യാത്രാസംഘാംഗങ്ങൾ
ജമ്മു-കാശ്മീരിന് മൂന്നാമതൊരു തട്ടു കൂടിയുണ്ട്. ലഡാക്ക് മലനിരകളാണത്.  ലേ, ലഡാക്ക്, കാ‍ർഗിൽ തുടങ്ങി യുദ്ധവാ‍ർത്തകളിൽ മാത്രം കേട്ടു പരിചയമുള്ള പ്രദേശങ്ങൾ കാശ്മീ‍ർ താഴ്വരവിട്ട് പിന്നെയും ഉയരത്തിലാണ്.  വർഷം മുഴുവൻ മഞ്ഞിന്റെ സാന്നിധ്യമുള്ള ഇവിടങ്ങളിൽ കാശ്മീർതാഴ്വരയുടെ അഴകും സൌഭാഗ്യവുമില്ല.  ഗ്രാമിന് 200 രൂപയും അതിനുമുകളിലും വിലയുള്ള കുങ്കുമം വിളയാൻ താഴ്വരയിൽ വിശേഷിച്ച് ഒന്നും ചെയ്യേണ്ടതില്ല. മലമടക്കുകളിൽ മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും അതിജീവിച്ച് ഇത്തിരി നെല്ലും ഗോതമ്പും വിളയിക്കുക പെടാപാടു തന്നെയാണ്.  താഴ്വരയിൽ പാടശേഖരങ്ങൾ കണ്ണെത്താ ദൂരത്തേക്കു നീങ്ങുമ്പോൾ മലയിടുക്കുകളിൽ കൃഷിയിറക്കുന്ന തട്ടുകൾക്ക് ഏതാനും അടി മാത്രമാണ് വീതി.  ചെമ്മരിയാടുകളും കോവർക്കഴുതകളും കൂട്ടില്ലെങ്കിൽ കാര്യം കഷ്ടം തന്നെയാണ്.  എല്ലാവരെയും സംശയിക്കുന്ന പട്ടാളസാന്നിധ്യം തണുത്തുറഞ്ഞ മലനിരകളിൽ ജീവിതം ഒന്നുകൂടി ദുസ്സഹമാക്കുന്നു.  ശ്രീനഗറിൽനിന്ന് ഏതാണ്ട് എൺപതു കി.മി.മലനിരകളിലൂടെ ലേ-ലഡാക്ക് റൂട്ടിൽ ഞങ്ങൾ യാത്ര ചെയ്യുകയുണ്ടായി.  അമ‍ർനാഥ് യാത്രയുടെ ബെയ്സ് ക്യാമ്പിൽനിന്ന് 20 കി.മി. മാത്രം മാറിയുള്ള സോനാമാർഗ്ഗിലെ മഞ്ഞുമലയായിരുന്നു ലക്ഷ്യം.  ആവോളം മഞ്ഞിൽക്കളിച്ചതിനോടൊപ്പം അവിടുത്തെ പാവങ്ങളിൽ പാവങ്ങളായ ഗ്രാമീണരോടൊപ്പം ഇടപഴകാനും ഒരു ഹിമ-സാഗരബന്ധം തീർക്കാനും ഞങ്ങൾക്കായി.
സിന്ധു നദിക്കരയിൽ (ലേ, ലഡാക്ക് പാതക്കരികിൽ)
കാശ്മീരിൽ മൂന്നു ദിവസങ്ങളായിരുന്നു ഞങ്ങളുടെ പ്ലാൻ.  ലോഡ്ജിൽ താമസസൌകര്യം നിഷേധിക്കപ്പെട്ട് വണ്ടിയിൽ രാത്രി കഴിച്ചു കൂട്ടേണ്ടി വന്ന ഒരു ടാക്സി ഡ്രൈവർ തണുത്തു മരിച്ചു പോയതിൽ പ്രതിഷേധിച്ച് ഡ്രൈവർമാ‍ർ പണിമുടക്കിയതുകൊണ്ട് ഞങ്ങൾക്ക് മഞ്ഞുറഞ്ഞ ഗു‍ൽമാർഗ്ഗ് കാണാനായില്ല.   പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ട തലസ്ഥാനമാറ്റവും (ജമ്മു-കാശ്മീരിന് രണ്ടു തലസ്ഥാനങ്ങളാണ്. ജമ്മുവും ശ്രീനഗറും) ഞങ്ങളുടെ യാത്രയെ ബാധിച്ചു.  അധികമായി കിട്ടിയ ദിനങ്ങൾ പഞ്ചാബിലേക്കു തിരിച്ചു വിടാൻ നീണ്ട ചർച്ചകൾക്കു ശേഷം തീരുമാനമായി. പിറ്റേന്ന് അതിരാവിലെ മലയിറങ്ങാൻ തീരുമാനിച്ച് കാശ്മീരിലെ അവസാനരാത്രി ആസ്വദിക്കുമ്പോഴാണ് നാട്ടിൽനിന്ന് തുരുതുരാ എസ്.എം.എസുകൾ വരാൻ തുടങ്ങിയത്. 11.30ന് സുഹൃത്ത് റാഫിയുടെ സന്ദേശമാണ് ആദ്യമെത്തിയത്.  ഒഞ്ചിയത്തെ മാർക്സിസ്റ്റ് വിമതൻ ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മുകാർ വെട്ടിക്കൊന്നു എന്നായിരുന്നു സന്ദേശം.  തുടർന്ന് ഒരു പാർട്ടി സുഹൃത്തിന്റെ സന്ദേശം. സി.പി.എമ്മുകാർ എന്നതിനു പകരം ഒരു സംഘമാളുകൾ എന്നൊരു വ്യത്യാസം. തൊട്ടടുത്ത മുറികളിൽ പെട്ടിയൊരുക്കുന്നവരും ഉറങ്ങാൻ തുടങ്ങിയവരുമായ എല്ലവരെയും വിവരമറിയിച്ചു.  മലബാറുകാരായ ഞങ്ങളിൽ ചിലരുടെ ശരീരത്തിൽനിന്ന് ശ്രീനഗറിലെ തണുപ്പ് ഉരുകിപ്പോയി. താഴ്വരയുടെ സൌന്ദര്യ ലഹരിയും താൽതടാകവും ഹസ്രത്ത്ബാൽപള്ളിയും മഞ്ഞുമകളും ഒഴുകിപ്പോയി. രാത്രി ഒരു മണിയുടെ ശ്രീനഗർ തണുപ്പിൽ ലോഡ്ജിന്റെ മുറ്റത്ത് വാസുദേവൻമാഷും ബിനോയും ഉമ്മർമാഷും ഞാനും കേരളരാഷ്ട്രീയത്തിന്റെ വ‍ർത്തമാനവും ഭാവിയും ചർച്ച ചെയ്തു.  ടി.പി.യെ നേരിട്ടറിയില്ലെങ്കിലും ഏറാമലയുടെയും ഒഞ്ചിയത്തിന്റെയും രാഷ്ട്രീയ വർത്തമാനം ഞങ്ങൾക്ക് മനഃപാഠമായിരുന്നു.  ടി.പി. ഒരു പ്രതീക്ഷയായിരുന്നു.
  പിറ്റേന്ന് പഞ്ചാബിലെ ഗോതമ്പു പാടങ്ങളിലും സുവർണ്ണക്ഷേത്രത്തിലും ഞങ്ങൾ ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു തന്നെ പറഞ്ഞുകൊണ്ടിരുന്നു. ജാലിയൻവാലാബാഗിൽ ജനറൽ ഡയറിന്റെ വെടിയേറ്റ മതിലിൽ ചാരി ഞങ്ങൾ നാട്ടിലേക്കു വിളിച്ചുകൊണ്ടേയിരുന്നു. നൂറുക്കണക്കിന് രക്തസാക്ഷികളുടെ ചോരപുരണ്ട ആ മണ്ണിൽ ചവിട്ടി ഞങ്ങൾ നിൽക്കെ നാട്ടിൽ ടി.പി.യുടെ മൃതദേഹം വിലാപയാത്രക്കൊരുങ്ങുകയായിരുന്നു.  പത്രവും ചാനലുകളുമില്ലാതെ എസ്. എം. എസുകൾ വഴിയും ഫോൺവിളികളിലൂടെയും കിട്ടിയ ഇത്തിരി വാർത്തകളിൽ ഞങ്ങൾ വല്ലാതെ ഉരുകി.  ഞങ്ങളുടെ ഉള്ളുരുക്കം ഒരു ജനതയുടെ ആകെ ഉരുക്കമായിരുന്നുവെന്ന് അഞ്ചാംനാൾ മലയാളപത്രം കയ്യിൽ കിട്ടിയപ്പോഴാണറിഞ്ഞത്.


സോണാമാർഗ്ഗ് (മാനവ്)



പ്രിയപ്പെട്ട ടി.പി. ഈ യാത്ര താങ്കളുടെ രക്തസാക്ഷിത്വത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു.

2012, ഫെബ്രുവരി 12, ഞായറാഴ്‌ച

ബീബാത്തുമ്മ





            ബീബാത്തുമ്മയിൽ ഒരുമ്മയുള്ളതുകൊണ്ടും  ഏതാണ്ട് എന്റെ ഉമ്മയുടെ സമപ്രായക്കാരിയയാതുകൊണ്ടുമാവണം അവർ ചെന്നുപെട്ട ജീവിതവഴികൾ എന്നെ വല്ലാതെ അലോസരപ്പെടുത്തിയത്.   അവരുടെ മൂത്ത മകൾ എന്നെക്കാൾ മൂന്നോ നാലോ വയസ്സിന് ഇളപ്പമായിരുന്നു.  എടുത്തു പറയാൻ മാത്രമുള്ള ചന്തമൊന്നുമില്ലെങ്കിലും ആ വീടിന്റെ പരിസരത്തെത്തുമ്പോൾ എന്റെ കൌമാരമനസ്സ് ചെറുതായി ഇളകാറുണ്ടായിരുന്നു.  ഞങ്ങളുടെ വീടു നിന്ന കുന്നിന് സമാന്തരമായ കുന്നിലായിരുന്നു ബീബാത്തുമ്മയുടെയും കുടുംബത്തിന്റെയും വീട്.  വൈദ്യുതീകരിക്കാത്ത ഞങ്ങളുടെ കുട്ടിക്കാലത്ത് മറ്റേ കുന്നിലെ രാത്രിവെളിച്ചങ്ങൾക്ക് ഇന്നത്തേക്കാൾ സാന്ദ്രതയുണ്ടായിരുന്നു.  ഞങ്ങൾ സാധാരണ പെരുമാറുന്ന വഴിയിലായിരുന്നല്ല അവരുടെ വീട്. ഡി.വൈ.എഫ്.ഐ.യുടെ നോട്ടീസുകൾ, മെമ്പർഷിപ്പ് ചേർക്കൽ, ഇലക്ഷൻ സ്ലിപ്പു വിതരണം  തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും, കല്യാണംവിളിപോലുള്ള പരിപാടികൾക്കുമാണ് ആ വഴിയൊക്കെ നടന്നിരുന്നത്.  യു.പി.ക്ലാസിലൊക്കെ പഠിക്കുമ്പോൾ പുതിയ വഴികൾ കണ്ടു പിടിക്കുന്ന സാഹസികപ്രവർത്തനങ്ങളുടെ ഭാഗമായും ആ വഴികളൊക്കെ കണ്ടിരുന്നു. പരമ്പരാഗതമായി ലീഗുകാരായിരുന്നെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള സജീവ പരിചയം കാരണം ബീബാത്തുമ്മയും മക്കളും അന്ന് ഞങ്ങളോട് ചില്ലറ രാഷ്ട്രീയ സംവാദങ്ങളൊക്ക നടത്തുമായിരുന്നു.  നാട്ടിലെ പൊതുപ്രവർത്തനങ്ങളിലുള്ള  ആത്മാർത്ഥത അംഗീകരിക്കുമ്പോഴും കമ്യൂണിസ്റ്റുകാർക്ക് ദൈവഭയമില്ല എന്നതാണ് അവരെ അലോസരപ്പെടുത്തിയിരുന്നത്.  അവരുടെ പിൽക്കാല ജീവിതത്തിൽ ഈ ദൈവഭയം പ്രേരണയാകാഞ്ഞതെന്തെന്ന് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്.

            ഞങ്ങളുടെ മറ്റെവിടെയും പോലെ ഞങ്ങളുടെ നാട്ടിലും കുടുംബങ്ങളെല്ലാം പരസ്പരം അറിയാവുന്നവരായിരുന്നു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതമാണ്. പേര്, വിലാസം തുടങ്ങിയ താൽക്കാലിക ബയോ-ഡാറ്റയ്ക്കപ്പുറം സൂക്ഷ്മമായ കുടുംബവൃത്താന്തങ്ങൾ ഏതാണ്ടെല്ലാവർക്കും ഹൃദിസ്ഥമായിരുന്നു.  കുട്ടികളെയൊക്കെ വഴിയിൽക്കണ്ടാൽ മുതിർന്നവർ വിശദമായി വിവരങ്ങൾ തിരക്കുകയും ആവശ്യമെങ്കിൽ ശാസിക്കുകയും ചെയ്യുമായിരുന്നു.  ചുരുക്കത്തിൽ നാട്ടിലെല്ലാവരും കുടുംബാംഗങ്ങ ളെപ്പോലെയായിരുന്നു പെരുമാറ്റവും ഇടപഴകലും.  വളരെ പെട്ടെന്നാണ് അതൊക്കെ പഴങ്കഥയായിപ്പോയത്.

            20-22 വർഷം മുമ്പാണ് ബീബാത്തുമ്മ നാട്ടിലാകെ വാ‍‍‍ർത്തയാകുന്നത്.   മെലിഞ്ഞു നീണ്ട ഒരു സ്ത്രീയായിരുന്ന അവർ ഒരു സുന്ദരിയാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.  അവരുടെ ഭർത്താവ് കുഞ്ഞിക്കോയക്കാക്ക് കച്ചവടമായിരുന്നു.  സുബഹിക്ക് മൂപ്പര്‍ വീട്ടി‍ൽനിന്നിറങ്ങിയാൽ രാത്രി വൈകിയെ പിന്നെ വീട്ടിലേക്കുണ്ടാകൂ.  പകലൊന്നും ഒരിക്കലും അദ്ദേഹത്തെ വീട്ടിൽ കണ്ടതായി ഓർമ്മയില്ല. 
            ബീബാത്തുമ്മ വാർത്തയായത് ഇനി മുന്നോട്ടു പറയണമെങ്കിൽ വേറൊരു കൂടുംബത്തെ പരിചയപ്പെടേണ്ടതുണ്ട്.  ‍ഡോക്ടർ ആലിക്കായുടെ കുടുംബമാണത്.  ഞങ്ങളുടെ കുട്ടിക്കാലത്ത് മൂഴിക്കലുള്ള രാമകൃഷ്ണൻ ഡോക്ടറും കോയ ഡോക്ടറുമാണ് പ്രധാന ഭിഷഗ്വരന്മാർ.  അത്യാവശ്യം അലോപ്പതി കൂടി പരീക്ഷിക്കുന്ന ഹോമിയോ ഡോക്ടർമാരാണ് രണ്ടുപേരും.  തലമുറകളെ ചികിത്സിച്ച് ഇപ്പോഴും രണ്ടു പേരും വലിയ പരിക്കില്ലാതെ നാട്ടിലുണ്ട്.  മൂന്നാമനാണ് ഡോക്ടർ ആലിക്ക.  അദ്ദേഹത്തിന്റെ വീടിനടുത്തെത്തുമ്പോഴേ അദ്ദേഹം ഡോക്ടറാകൂ.  അതിനിപ്പുറം മൂപ്പർ കമ്പോണ്ടർ ആലിക്കയാണ്.  ഏതോ ഡോക്ടറുടെ ക്ലിനിക്കിൽ ചീട്ടും മരുന്നും കൊടുക്കുന്ന അദ്ദേഹം അത്യാവശ്യം പനിക്കും വയറിളക്കത്തിനുമൊക്കെ മരുന്നുകൊടുക്കും.  കാര്യമായ യാത്രാസൌകര്യങ്ങളില്ലാത്ത കാലത്ത് ഇങ്ങനെയുള്ള ആൾക്കാരെ മുട്ടുശാന്തിക്ക് ഡോക്ടർമാരാക്കുന്നത് നാട്ടുകാർ തന്നെയാകണം.  ഏതായാലും മരുന്നിന്റെ മണമുള്ള ആ വീട്ടിലെ ചികിത്സകൊണ്ട് ആ‍ർക്കും അപായമൊന്നും സംഭവിച്ചതായി കേട്ടിട്ടില്ല.  ഈ ആലിക്കായുടെ വീട് ബീബാത്തുമ്മയുടെ വീടിന്റെ തൊട്ടു താഴെപ്പറമ്പിലാണ്.  സാത്വികഭാവമുള്ള ഡോക്ടറുടെയും അതിന്റെ നേരുടമയായ അദ്ദേഹത്തിന്റെ പത്നിയുടെയും ആൺമക്കളിലൊരാളായ ഹസ്സനാണ് ഈ ദുരന്തകഥയിലെ വില്ലൻ.

            ഹസ്സന് എന്തായിരുന്നു ജോലി എന്നെനിക്കോർമ്മയില്ല.  ഹൈസ്കൂൾ വിദ്യാഭ്യാസത്തിനപ്പുറം പഠിപ്പില്ല എന്നറിയാം. എന്നെക്കാൾ നാലോ അഞ്ചോ വയസ്സിന് മാത്രം മൂത്ത ആളായിരുന്നു ഹസ്സൻ.  മുതിർന്നപ്പോൾ അവരുടെ യൌവനാരംഭത്തിലെ സാഹസിക കഥകളൊക്കെ ഞാനും നേരിട്ടു കേട്ടിട്ടുണ്ടായിരുന്നു.  ഒതുങ്ങിയ ശരീരവും ആകർഷകവ്യക്തിത്വവുമുള്ള ഹസ്സൻ കളരിയഭ്യാസിയായിരുന്നു.  ആയോധനകലയ്ക്ക് പ്രാധാന്യമുള്ള ഞങ്ങളുടെ നാട്ടിൽ മിക്കവരും ചെറുതായെങ്കിലും കളരി പരിശീലനം നേടിയിരുന്നു.  രാഷ്ട്രീയം, സെക്കന്റ് ഷോ സിനിമ, ആർക്കും ചേതം വരാത്ത ചില്ലറ അടിപിടികൾ ഇതൊക്കെയായിരുന്നു  25 കൊല്ലം മുമ്പത്തെ തമാശയും സാഹസികതയും.  കൂട്ടത്തിൽ ചില്ലറ പെൺവിഷയവും.  അവസാനം പറഞ്ഞതിൽ ബഹുകേമനായിരുന്നു ഈ ഹസ്സൻ.  ഞങ്ങളുടെ നാട്ടിലും പരിസരത്തും പിൽക്കാലഗോസിപ്പുകളിൽ നിറഞ്ഞുനിന്ന പലരുടെയും ആദ്യകഥകൾ ഇയാളുമായി ബന്ധപ്പെടുത്തിയാണ് പുറത്തുവന്നിരുന്നത്.  സാമൂഹികസ്ഥാനവിലയിൽ നിർവ്വചിക്കാനാകാത്ത കാരണങ്ങൾകൊണ്ട് ചില്ലറ ഒളിസേവയൊക്കെ അനുവദിക്കപ്പെട്ട ഇവരുടെ കഥകളൊന്നും രസികൻ തമാശകൾ എന്നതിനപ്പുറത്ത് കോളിളക്കമുണ്ടാക്കിയിരുന്നില്ല.  എന്നാൽ തന്നെക്കാൾ പത്തു വയസ്സെങ്കിലും പ്രായക്കൂടുതലുള്ള, വലിയ ഭംഗിയൊന്നുമില്ലാത്ത, ഭർതൃമതിയായ, പതിനേഴുകാരിയായ ഒരു മകളടക്കം രണ്ടു കുട്ടികളുള്ള, അയൽക്കാരിയായ ബീബാത്തുമ്മയുമായി ഇയാൾ ഒളിസേവ തുടങ്ങിയത് വാർത്തയായി. ഞെട്ടലായി.

            ബീബാത്തുമ്മയുടെ വീട്ടിനകത്തെ കോലാഹലങ്ങൾ വല്ലാത്തൊരു ദുർഗന്ധമുള്ള പുകയായി പുറത്തേക്കെത്തി.  കുഞ്ഞിക്കോയയല്ല മകളാണ് അപകടം മണത്തതും ഒരു രാത്രിയിൽ അക്ഷരാർത്ഥത്തിൽ കൊടുവാളെടുത്തതും.  അന്നത്തെ ആ ബഹളം ബീബാത്തുമ്മയുടെ മാന്യന്മാരും സാമാന്യം സാമ്പത്തികശേഷിയുമുള്ള ആങ്ങളമാർ ഏറ്റെടുത്തു. ചർച്ചകളും ഗുണദോഷവിചാരണയും ഒരുപാടു കഴിഞ്ഞു.  അവസാനം അങ്ങാടിയിൽ വച്ചുള്ള പരസ്യമായ തല്ലിലാണതു കലാശിച്ചത്.  ബീബാത്തുമ്മയുടെ ആങ്ങളമാരുടെ ആളുകളും ഹസ്സനും അപ്പുറവും ഇപ്പുറവും നിന്ന് പൊരിഞ്ഞ അടി.  ഹസ്സന്റെ കളരിപ്പയറ്റൊന്നും നാടൻതല്ലിനു മുന്നിൽ ഏശിയില്ല.  പൊതിരെ തല്ലു കിട്ടി പിരിഞ്ഞു പോകുമ്പോൾ ഹസ്സൻ ഒരു പ്രഖ്യാപനം നടത്തി.  കഴിവിന്റെ പരമാവധി പ്രശ്നം വഷളാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.  അതയാൾ ക്രൂരമായി അതു നടപ്പിലാക്കുകയും ചെയ്തു.

            ഇനിയുള്ള കാര്യങ്ങൾ ചുരുക്കിപ്പറയാവുന്നതേയുള്ളൂ.  അവിവാഹിതനായ ഹസ്സൻ ബീബാത്തുമ്മയുമായുള്ള ബന്ധം തുടർന്നു.  അയാളുടെ പ്രേരണകൾക്ക് ബീബാത്തുമ്മ എങ്ങനെയാണ് വശംവദയായതെന്ന് ഇന്നും ആർക്കും അറിയില്ല.  കുഞ്ഞിക്കോയയും മക്കളും അവരെ മൊഴി ചൊല്ലി.  ഹസ്സൻ ബീബാത്തുമ്മയെ ഏറ്റെടുത്ത് കല്യാണം കഴിച്ച് കുറച്ചകലെ വാടകയ്ക്കു താമസിച്ചു. ഇതിനകം വീടുവിറ്റു മാറിപ്പോയ ഹസ്സന്റെ വീട്ടുകാർ ഏതാനും മാസങ്ങൾക്കു ശേഷം ഹസ്സനെ  സാഹസത്തിൽനിന്ന് പിന്തിരിപ്പിച്ചു. ഒരു പക്ഷെ അയാളുടെ പദ്ധതിയും അതു തന്നെയായിരിക്കണം. ബീബാത്തുമ്മയെ അയാൾ ഉപേക്ഷിച്ചു.  വിലപേശലിൽ ചില്ലറ വിട്ടുവീഴ്ചകൾ നടത്തിയപ്പോൾ അയാൾക്ക് വേറെ ചെറുപ്പക്കാരിയായ പെണ്ണിനെ കിട്ടി. 
            പിന്നീട് കുറേ കഴിഞ്ഞ് ആരോടോ ഞാൻ ബീബാത്തുമ്മയുടെ കാര്യം അന്വേഷിച്ചപ്പോൾ ‘അവർ തെണ്ടിപ്പെറുക്കിപ്പോയി’ എന്ന മറുപടിയാണ് കിട്ടിയത്. 
            എന്തൊക്കെയാണ് ആ തെണ്ടിപ്പെറുക്കലിന്റെ അർത്ഥവിവക്ഷകൾ എന്ന് ഇപ്പോഴും എനിക്കു തീർച്ചയായിട്ടില്ല.

(ഈ കഥയിൽ പരാമർശിക്കുന്ന ഡോ.രാമകൃഷ്ണൻ, ഡോ.കോയ എന്നിവർ അതേ പേരിൽ ഇന്നും ജീവിച്ചിരിക്കുന്നവരാണ് ബാക്കി പേരുകളെല്ലാം ഭാവനാസൃഷ്ടികൾ മാത്രം)

2012, ജനുവരി 15, ഞായറാഴ്‌ച


ഇതാണോ ശരി? അതോ വേറെയും ശരികളുണ്ടോ?



ഈ-മെിൽ വഴി ഒരു സുഹൃത്ത് അയച്ചു തന്നത്



കണ്ണൂര്‍ സൈനിക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ നോര്‍ത്ത് ആര്യാട് വെളിയില്‍ ഹൌസില്‍ ടി.കെ.സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന് ഏക്കര്‍ സ്ഥലം അനുവദിച്ച് കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റി ഉത്തരവായത് 1977 ഏപ്രില്‍ 16 നാണ്. കെ.കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് മൂന്ന് ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരമായിരുന്നു ഭൂമി അനുവദിച്ചത്.
ഇതിന്റെ ഉത്തരവുമായി ടി.കെ. സോമന്‍ അന്ന് കാസര്‍കോട് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ കളക്ടറെ സമീപിച്ചു. കളക്ടര്‍ നടപടി ആരംഭിച്ചു. എന്നാല്‍ കാസര്‍കോട്ടുകാരനായ കെ.ശങ്കരനാരായണഭട്ടും മറ്റ് മൂന്നുപേരും ഈ ഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്നുപറഞ്ഞ് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇതെത്തുടര്‍ന്ന് ഈ കേസ് കഴിഞ്ഞശേഷം കരം അടച്ചാല്‍ മതിയെന്ന് 1977 സെപ്തംബര്‍ അഞ്ചിന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഉത്തരവ് നല്‍കി. 1979 ജനുവരി 30ന് കളക്ടറെ നേരില്‍ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.


ഇതിനിടെ സോമന് പട്ടാള ആസ്ഥാനത്തേയ്ക്ക് സ്ഥലംമാറ്റമായി. അതുകൊണ്ടുതന്നെ 1979 ല്‍ നാരായണഭട്ടിന്റെ കേസ് തള്ളിയത് സോമന്‍ അറിഞ്ഞില്ല. 2005ല്‍ കാസര്‍കോട്ടെ അഡ്വ. സദാനന്ദന്‍ മുഖേന കോടതിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഈ വിധിയുടെ വിവരം അറിഞ്ഞത്.

തുടര്‍ന്ന് 2006 ജനുവരി 14ന് ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി.


അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല. 2007 ജൂണ്‍ 26ന് ആലപ്പുഴ ഗസ്റ്റ്ഹൌസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെ സോമന്‍ കണ്ട് പരാതിപ്പെട്ടു. വി. എസ്സിന്റെ ബന്ധുകൂടിയാണ് സോമന്‍. കാസര്‍കോട് കളക്ടര്‍ക്ക് പരാതി നല്‍കാന്‍ വി. എസ് നിര്‍ദ്ദേശിച്ചു. 'മുഖ്യമന്ത്രി വിളിച്ചത് ഓര്‍ക്കുമല്ലോ' എന്ന് ആമുഖത്തില്‍ രേഖപ്പെടുത്തി അന്നുതന്നെ സോമന്‍ കാസര്‍കോട് കളക്ടര്‍ ആനന്ദ്സിംഗിന് പരാതി നല്‍കി. 
ഫയല്‍ പരിശോധിച്ച കളക്ടര്‍ സോമന് അനുവദിച്ച മൂന്ന് ഏക്കര്‍ വേറെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഇതിനുപകരം അതേവില്ലേജിലെ രണ്ട് ഏക്കര്‍ 33 സെന്റ് സ്വീകരിക്കാമോ എന്ന് കളക്ടര്‍ ആരാഞ്ഞു. പരാതിക്കാരന്‍ സമ്മതിച്ചു. ഇതെത്തുടര്‍ന്ന് 2010 ജൂണ്‍ നാലിന് ഈ ഭൂമി സോമന് പതിച്ചുനല്‍കി. അതിന്റെ വിലയായി 73,051 രൂപ ഒടുക്കി. കരമായി 96 രൂപയും നല്‍കിയതോടെ പട്ടയവും കിട്ടി.



പട്ടയഭൂമി 25 വര്‍ഷത്തേയ്ക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 2009ല്‍ വി. എസ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. മൂന്നാറിലെ വ്യാപകമായ ഭൂമി കൈയേറ്റം തടയുന്നതിനായിരുന്നു ഇത്.

1977ല്‍ അനുവദിച്ച ഭൂമി തന്റേതല്ലാത്ത കാരണത്താല്‍ അനുവദിക്കാന്‍ വൈകിയതിനാല്‍ കൈമാറ്റ വ്യവസ്ഥയിലെ 25 വര്‍ഷം എന്നതിന്് ഇളവ് നല്‍കണമെന്ന് അപേക്ഷിച്ച് 2010 ആഗസ്റ്റ് 30ന് സോമന്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും കൈമാറി. മുഖ്യമന്ത്രിക്ക് കിട്ടിയ അപേക്ഷ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് കഴിഞ്ഞ ഡിസംബര്‍ 15ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ആര്‍.മുരളീധരന് കൈമാറി.


ഇത് ഒരു പ്രത്യേകകേസായി പരിഗണിച്ച് അനുകൂല തീരുമാനമെടുക്കാവുന്നതാണെന്നും ഇതിനനുസൃതമായി ഉത്തരവ് പുറപ്പെടുവിക്കാന്‍ 1964ലെ ഭൂമി പതിവ് ചട്ടം 24ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കമ്മിഷണര്‍ ഫയലില്‍ രേഖപ്പെടുത്തി റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന് സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറി. അവര്‍ ആ ഫയല്‍ 2011 ജനുവരി 29ന് റവന്യൂവിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി.ഹരന് സമര്‍പ്പിച്ചു. അതില്‍ ' ഈ ഫയല്‍ താങ്കള്‍ കാണണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു' എന്ന് ഷീലാതോമസ് രേഖപ്പെടുത്തിയിരുന്നു. നിവേദിത പി.ഹരന്‍ ആ ഫയല്‍ ജില്ലാ കളക്ടര്‍ക്ക് അയച്ചു.

ഇതിനിടെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സമര്‍പ്പിച്ച ഫയല്‍ 2011 ഫെബ്രുവരി 16ന് മന്ത്രി രാജേന്ദ്രന്‍ അജണ്ടയിലില്ലാത്ത ഇനമായി മന്ത്രിസഭാ യോഗത്തില്‍ വച്ചു. മന്ത്രിസഭായോഗം കൈമാറ്റാവകാശം നല്‍കാന്‍ തീരുമാനിച്ചു. ഈ ഫയല്‍ ചെന്നപ്പോള്‍ ഇങ്ങനെ ഇളവ് നല്‍കുന്നത് ചട്ടപ്രകാരമല്ലെന്ന് നിവേദിത പി. ഹരന്‍ അതില്‍ രേഖപ്പെടുത്തി. എന്നാല്‍, ഈ കേസ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്നും ഇത് ഭേദഗതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തമായ അഭിപ്രായമെന്നും ഫയലില്‍ എഴുതി മന്ത്രി കെ.പി.രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 'കണ്ടു, ഉത്തരവ് പുറപ്പെടുവിക്കുക' എന്നെഴുതി ഫെബ്രുവരി 24ന് വി. എസ് ഫയല്‍ മടക്കി. 

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഫയല്‍ മാര്‍ച്ച് 15ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനിനെറ്റോയ്ക്ക് നല്‍കി. വോട്ടെടുപ്പിനുശേഷം ഉത്തരവ് പുറപ്പെടുവിക്കാന്‍ ആ മാസം 20ന് അവര്‍ അനുവദിച്ചു. മന്ത്രി രാജേന്ദ്രന്‍ ഏപ്രില്‍ 26ന് കുറിപ്പുകൊടുത്ത് ഈ ഫയല്‍ വിളിപ്പിച്ചു. ഈ തീരുമാനത്തിനുമേല്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ മേയ് ഏഴിന് മന്ത്രി രാജേന്ദ്രന്‍ ഫയലില്‍ നിര്‍ദ്ദേശിച്ചു.



അതുവരെ ഈ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടന്ന് വ്യക്തമാക്കിയ മന്ത്രി, ഫെബ്രുവരി 16ന്റെ മന്ത്രിസഭായോഗ തീരുമാനത്തിന് സര്‍ക്കാരിന് അധികാരമില്ലെന്നാണ് നിയമോപദേശമെങ്കില്‍ ആ തീരുമാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനും ഫയലില്‍ രേഖപ്പെടുത്തി. വി. എസ് സര്‍ക്കാര്‍ അധികാരമൊഴിയുംവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.

തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തു. സോമന് ഭൂമി പതിച്ചുനല്‍കിയതും 2011 ഫെബ്രുവരി 16ന് ഭൂമി കൈമാറ്റത്തിന് അനുമതി നല്‍കിയ മന്ത്രിസഭായോഗ തീരുമാനവും റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്താനായിരുന്നു അടുത്ത തീരുമാനം.


ഭൂമി കൈമാറ്റത്തിന് എല്‍.ഡി. എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാത്ത ഉത്തരവിന്റെ പേരിലുള്ള വിജിലന്‍സ് അന്വേഷണം കേരളത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തനിക്ക് അര്‍ഹതപ്പെട്ട ഭൂമി റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ സോമന്‍ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി പതിച്ചു നല്‍കിയത് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം ജസ്റ്റിസ് ആന്റണി ഡൊമിനിക് ആഗസ്റ്റ് 10ന് റദ്ദാക്കി. ഇക്കാര്യത്തില്‍ സോമന് നോട്ടീസ് നല്‍കി അയാളുടെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു. സോമന്റെ ഭാഗം കേട്ടെങ്കിലും സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

Sms കൊലപാതകങ്ങൾ



സാങ്കേതികവിദ്യ സമൂഹഘടനയിൽ നിർണായക ചലനങ്ങളുണ്ടാക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.  കേരളത്തിലെ അയിത്താചരണം വഴിമാറിയത് സാമൂഹ്യപരിഷ്കർത്താക്കളുടെയും സർക്കാറുകളുകളുടെയും ശ്രമങ്ങൾ കൊണ്ടു മാത്രമല്ല, കേരളത്തിലൂടെ ബസ്സുകളും തീവണ്ടികളും ഓടാൻ തുടങ്ങിയതുകൊണ്ടു കൂടിയാണ്. ടെലിവിഷൻ കേരളീയ ഭവനങ്ങളുടെ ഘടനയെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി.  മൂലധനത്തിന്റെ വികേന്ദ്രീകരണത്തോടൊപ്പം വിവരവിനിമയ വിദ്യയുടെ കാര്യക്ഷമതയും വ്യാപനവും കൂടിയാണല്ലോ, ആഗോളവൽക്കരണം സാധ്യമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മൊബൈൽ ഫോൺ ബന്ധങ്ങളെയും മൂല്യസങ്കല്പത്തെയും സാമൂഹ്യശീലങ്ങളെയും അടിമുടി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
മൊബൈലിന്റെ കേളീവിലാസങ്ങളിൽ അവസാനത്തേതാണ് SMS കൊലപാതകങ്ങൾ;  അതിന്റെ അവസാനത്തെ ഇര സിനിമാ താരം പൃത്ഥ്വി രാജും.  SMSന് സമൂഹത്തിൽ നിർണായക സ്വാധീനശക്തിയാകാൻ കഴിയുമെന്ന് ലോകത്തിലാദ്യമായി നിരീക്ഷിക്കപ്പെട്ടത് ഇന്തോനേഷ്യയിലാണ്.  ഏതാനും വർഷം മുമ്പ് SMS കാമ്പയിൻ അവിടെ ഭരണമാറ്റത്തിന് കാരണമായി.  കേരളത്തിൽ വി. എസ്. ന് രണ്ടാം തവണ സീറ്റു നിഷേധിക്കപ്പെട്ടപ്പോൾ എസ്.എം. എസ്. പ്രതിഷേധത്തിനുള്ള ശക്തമായ മാധ്യമമായി.  പരസ്യങ്ങൾ, ഔദ്യോഗികവും അല്ലാത്തവുമായ അറിയിപ്പുകൾ, ചെറിയ വിവരങ്ങളുടെ കൈമാറ്റം തുടങ്ങി SMS ന്റെ സാധ്യതകൾ സാമൂഹികമായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.  അല്പം നർമ്മവും കാവ്യയുക്തിയും ചേർന്നുണ്ടാക്കുന്ന ലഘുസാഹിത്യമായാണ് smsകൾ പ്രായാണമാരംഭിക്കുന്നത്. ഈ സാഹിത്യത്തിന്റെ നിലവാരം  ഉപയോഗിക്കുന്നവന്റെ നിലവാരമനുസരിച്ച് മാറി മറിഞ്ഞു.  ചിന്തോദ്ദീപകങ്ങളും പൈങ്കിളിയും അശ്ലീലവുമായ smsകൾ പ്രചരിച്ചു. 
            മലയാളിയുടെ ജനകീയവായനയുടെ (popular reading) താൽപര്യങ്ങളും ഇക്കാലയളവിൽ മാറിമറിഞ്ഞു.  കേരളശബ്ദം ബീഡിപ്പുകയുടെ സഹായത്തോടെ വായിച്ചിരുന്നവരുടെ അടുത്ത തലമുറ പൈങ്കിളിയിലേക്കും പിന്നെ റ്റോംസിലേക്കും (ബോബനും മോളിയും) മാറി.  പിന്നെ വരുന്നത് കുസൃതിച്ചോദ്യങ്ങളുടെ അസംബന്ധ നാടകങ്ങളാണ്.  ഇക്കാര്യങ്ങളെല്ലാം തുടർച്ചയായ കണ്ണിചേരലുകളാണെന്നോ കേരളമൊട്ടുക്ക് ഒരേ പോലെ പ്രചരിച്ചെന്നോ ഉറപ്പിച്ചു പറയാനാകില്ല.  ഇക്കാര്യങ്ങളിലെല്ലാമുണ്ടായിരുന്ന കുസൃതിയും തമാശയും smsന്റെ ലഘു ഘടനയിലേക്ക് ചേക്കേറാവുന്നിടത്തോളം ചേക്കേറി.  അപ്പോഴൊന്നും അതിന് ഏതെങ്കിലും തരത്തിൽ രൗദ്രതയോ സംഹാരശേഷിയോ കൈവരുന്നില്ല.  അല്പം വിസ്തരിച്ചു പറയേണ്ടുന്ന മലയാളിയുടെ മറ്റൊരു സാമൂഹ്യശീലം smsന്റെ പുതുകൗതുകമായതോടെയാണ് കാളി കാര്യമായത്.
            അതിപ്രാചീന മലയാളകവി തോലനോളം (അതുലൻ. ആട്ടപ്രകാരവും ക്രമദീപികയും ഇദ്ദേഹത്തിന്റേതെന്നു കരുതപ്പെടുന്നു) പഴക്കമുണ്ട് മലയാളിയുടെ പരിഹാസസാഹിത്യത്തിന്.
രാഞ്ജിയുടെ സംസ്കൃതഭ്രമത്തെ അദ്ദേഹം കളിയാക്കിയത്, അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീഎന്നിങ്ങനെ മലയാളത്തിലുള്ള സൗന്ദര്യവർണ്ണനയെ മനസ്സിലാകാത്ത സംസ്കൃതത്തിൽ അർക്കശുഷ്കഫലകോമളസ്തനീ (വെയിലേറ്റുണങ്ങിയ പഴങ്ങൾ പോലെ ചപ്പിയ മുലകളോടു കൂടിയവളേ..)എന്നു പറഞ്ഞുകൊണ്ടാണ്.  ചാക്യാന്മാരിലും പിന്നീട് കുഞ്ചൻ നമ്പ്യാരിലും പുതുകാലത്ത് ചെമ്മനം ചാക്കോയിലും ഉയർന്ന നിലവാരത്തിൽ നാമിതു കണ്ടു.  സമൂഹമനസ്സിന്റെ വൈകൃങ്ങൾക്കുള്ള മറുമൊഴിയായോ ചിലപ്പോഴൊക്കെ വൈകൃതം തന്നെയായോ പരിഹസത്തിന്റേതായ ഒരംശം എക്കാലത്തും മലയാളമനസ്സിൽ ഉണ്ടായിരുന്നു.

പൊതുമനസ്സിനു താല്പര്യം കുറഞ്ഞവർ ബുദ്ധിമാന്ദ്യത്തിന്റെയും വിവരക്കേടിന്റെയും കുലച്ചിഹ്നങ്ങളായി. മുസ്ലീങ്ങൾ, നമ്പൂതിരിമാർ, ചെട്ടികൾ തുടങ്ങിയവർ പലകാലങ്ങളിൽ ഇങ്ങനെ പരിഹാസത്തിന് ശരവ്യരായി. മലബാർ കലാപകാലത്ത് ബ്രീട്ടീഷ് പട്ടാളത്തിന് പറ്റിയ അബദ്ധങ്ങൾ എന്ന പേരിൽ ചില കഥകൾ കേട്ടിട്ടുണ്ട്.  പഴം കഴിക്കുമ്പോലെ ചക്ക തിന്ന സായിപ്പ് ചുള കളഞ്ഞ് കുരു തിന്നതും പഴുത്തു നിൽക്കുന്ന കാന്താരി പൊട്ടിച്ചു വായിലിട്ടതും ഇങ്ങനെയുള്ള കഥകളാണ്. കഥകൾ അങ്ങോട്ടുമിങ്ങോട്ടും തരം പോലെ പ്രയോഗിക്കപ്പെട്ടു. ചിലതെല്ലാം മൗലികമായി നിന്നു. ഇതിന്റെ ശരിയായ പഠനം നിർവഹിക്കേണ്ടത് നാടോടിവിജ്ഞാനീയക്കാരാണെന്നു തോന്നുന്നു. (ഇതിനോടകം പഠനം നടന്നോ എന്നുമറിയില്ല) പുതുകാലത്ത് വായനയുടെ ലളിതയുക്തിയെ താലോലിക്കുന്നതിനായി, നമ്പൂതിരി ഫലിതം, സർദാർജി ഫലിതം എന്നെല്ലാം ഇത് അച്ചടിമഷി പുരണ്ടിറങ്ങുകയും ചെയ്തു. 
ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന സ്ഥാനത്ത് വ്യക്തിൾ കടന്നു വന്നു.  കേരളത്തിൽ അറിയപ്പെട്ടിടത്തോളം ഇതിന്റെ എക്കാലത്തെയും വലിയ ഇര ലീഗ് നേതാവായിരുന്ന ശ്രീമാൻ സീതി ഹാജിയായിരുന്നു. സീതി ഹാജി ഫലിതങ്ങൾ ഒരുവേള ഫലിതത്തിന്റെ നൈർമല്യവും മര്യാദയും വിട്ട് അസംബന്ധവും അശ്ലീലവുമായി.  ഇത്തരം ഫലിതങ്ങളുടെ പൊതുസ്വഭാവം മനുഷ്യസഹജവും എവിടെയൊക്കെയോ ഏതെല്ലാമോ കാലങ്ങളിൽ സംഭവിച്ചതുമായ വീഴ്ചകളെ ഒറ്റവ്യക്തിയിലേക്ക് സമാഹരിക്കുക എന്നതാണ്.  സീതിഹാജി അന്തരിച്ചിട്ടും അദ്ദേഹത്തെ ഒട്ടും അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പേരിലുള്ള തമാശകൾ പറഞ്ഞു രസിച്ചു. മലയാളിയുടെ ഈ ശീലത്തെ റ്റോംസ് അദ്ദേഹത്തിന്റെ കോമിക്കിലൂടെ വേറിട്ടു പ്രകാശിപ്പിച്ചു. പിന്നീടാണ് ടിന്റുമോൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ ജനനം.  നാളിതുവരെയുള്ള ഫലിതങ്ങളെല്ലാം ടിന്റുമോനു പാകത്തിൽ പുനരാവിഷകരിക്കപ്പെട്ടു.  പുതുതായി ഒരുപാടുണ്ടായി പിന്നെ എന്തുമേതുമുൾക്കൊള്ളാൻ പാകത്തിൽ ടിന്റുമോനെ വലിച്ചു നീട്ടി.
            Sms ലേക്കു തിരിച്ചുവരാം.  സർദാർജി ഫലിതങ്ങൾക്കൊപ്പം മെല്ലെ ടിന്റുമോനും sms-നു പാകപ്പെട്ടു/പെടുത്തി.  പുസ്തകങ്ങളും വെബ്സൈറ്റുകളുമൊരുങ്ങി.  കാര്യങ്ങൾ ഇത്രത്തോളമായപ്പോഴാണ് കളി കാര്യമായതും sms ഉഗ്രമൂർച്ചയുള്ള കൊലക്കത്തിയായതും.  ടിന്റുമോനെ വച്ചു കളിച്ചിരുന്ന കളി മറ്റു പലരെയും വച്ചായി. വന്നുവന്ന് കായികലോകത്തെയും സിനിമാരംഗത്തെയും പ്രതിഭകൾ sms-ന്റെ വെട്ടേറ്റ് വീഴുന്നതാണ് ഇപ്പോൾ കാണുന്നത്. സീതി ഹാജിക്കെതിരെ പ്രചരിച്ച അസംബന്ധ, അശ്ലീല ഫലിതങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ ബാധിച്ചതായി കേട്ടിട്ടില്ല. അതുപോലെ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളും കോമഡി കലാകാരന്മാരിൽനിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. കളിക്കളത്തിലെ പ്രകടനമാണ് മാനദണ്ഡമെന്നതിനാൽ ക്രിക്കറ്റ് താരം ശ്രീശാന്തും രക്ഷപ്പെടും. എന്നാൽ സിനിമാതാരത്തിന്റെ റേറ്റിംഗ് പ്രേക്ഷകമനസ്സിലാണ് എന്നത് പൃത്ഥ്വിരാജിന്റെ കരിയർ തകർക്കുന്നു.  അദ്ദേഹത്തിനെതിരെ കരുതിയുറപ്പിച്ച നീക്കങ്ങളുണ്ടായോ എന്നറിയില്ല, പക്ഷെ, sms ബോംബുകളുടെ പടരൽശേഷി  അതിനെ മാരകമാക്കുന്നു; എയ്ഡ്സ് രോഗികളെക്കാൾ കൂടുതൽ പ്രമേഹരോഗികൾ മരണത്തിനു കീഴടങ്ങുന്നു എന്ന കണക്കു പോലെ.
ഉചിതമായ കരങ്ങളിൽ പരിഹാസം സൂക്ഷ്മവും ശക്തവുമായ അക്യൂ പംങ്ചർ ചികിത്സയാണ്.  അല്ലാത്തിടങ്ങളിലത് കരളിൽ കത്തിയിറക്കലാകും.  Sms-ന്റെ ലളിതയുക്തി, ചികിത്സ തന്നെ രോഗമാകുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഒപ്പം ഉത്തരം ബുദ്ധിമുട്ടി മാത്രം കണ്ടെത്താൻ സാധിക്കുന്ന നൂറുനൂറു പുതുചോദ്യങ്ങളെയും അതു തുറന്നു വിടുന്നു.

2011, മേയ് 19, വ്യാഴാഴ്‌ച

ഗോമതേശ്വരനോടൊപ്പം

യാത്രയേതായാലും കൃത്യമായ ലക്ഷ്യവും മുന്നൊരുക്കവും വേണമെന്നാണ് യാത്രകളെ സംബന്ധിച്ചുള്ള മുൻവിധി. ഒരുക്കത്തിന്റെ കുറവ് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ഇതൊന്നുമില്ലാത്ത യാത്രകൾക്കും സൗന്ദര്യമുണ്ട്. മുന്നിൽ വന്നുപെടുന്ന ഓരോ കാഴ്ചയും ഇത്തരം യാത്രകളിൽ പുതുമയാണ്. അനിശ്ചിതത്വവും യാദൃശ്ചികതയും ഇത്തരം യാത്രകളുടെ സൗന്ദര്യമാണ്. മെയ് 11, 12 ദിവസങ്ങളിൽ കർണ്ണാടകത്തിലെ മൈസൂർ, ഹാസൻ, കുടക് ജില്ലകളിലൂടെ ഞങ്ങൾ നടത്തിയ യാത്ര ഇത്തരത്തിലൊന്നായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതനായ കന്നട എഴുത്തുകാരൻ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങൾ എന്ന നോവലിലൂടെ പരിചിതമായ ആലനഹള്ളി മാത്രമായിരുന്നു ഏകദേശ ലക്ഷ്യം.

പി. സുരേഷ്, ബൈജു, പ്രകാശ് വർമ്മ, ഗിരീഷ് ബാബു എന്നിവരാണ് കൂടെയുണ്ടായിരുന്നത്. എല്ലാവരും യാത്രാപ്രിയർ. സംഘത്തലവനായ സുരേഷ് മാഷിന്റെ കാറിലായിരുന്നു യാത്ര. രാവിലെ പുറപ്പെട്ട് കുറ്റ്യാടി ചുരം കയറി മാനന്തവാടിയെത്തി കാട്ടിക്കുളം വഴി അതിർത്തി കടന്നു. ബാവൊലി എന്ന ഗ്രാമത്തിലാണ് ആദ്യമെത്തിയത്. ബാവ അലി എന്ന മുസ്ളിം ദിവ്യന്റെ പേരിലുള്ള ഗ്രാമമാണത്. അവിടെനിന്ന് ഞങ്ങൾക്കു പോകേണ്ടത് എച്ച്.ഡി. കോട്ട എന്ന ഒരു അങ്ങാടി വഴിയാണ്. എളുപ്പവഴി തേടി ഒരു കാനനപാതയിലാണ് ചെന്നു പെട്ടത്. ഞങ്ങൾക്ക് വലിയ തിരക്കൊന്നുമില്ലതിരുന്നതുകൊണ്ട് വനവും വനത്തോടു ചേർന്ന കാർഷികഗ്രാമങ്ങളും ആസ്വദിച്ചായിരുന്നു യാത്ര. ഇടയ്ക്കു കണ്ട ആന സംരക്ഷണ കേന്ദ്രം വിസ്മയമായി. കുട്ടിയാനയോടു ചേർന്നു നിന്ന് ധൈര്യമുള്ളവരൊക്കെ ഫോട്ടോയെടുത്തു.

എച്ച്.ഡി. കോട്ടയിൽനിന്ന് ആലനഹള്ളി ലക്ഷ്യമാക്കി യാത്ര തുടർന്നു. മാന്തോപ്പുകളും കരിമ്പിൻ തോട്ടങ്ങളും പേരറിയാത്ത മറ്റു കൃഷിയിടങ്ങളും പിന്നിട്ടുള്ള യാത്രയിൽ ഒന്നു രണ്ടു ചെമ്മരിയാട്ടിൻപറ്റങ്ങളും ഞങ്ങളെ കടന്നുപോയി. വിജമായ വഴികളിലെ കരിമ്പും മാങ്ങയുമെല്ലാം രുചിച്ചുനോക്കുന്നതിനിടയിൽ ആലനഹള്ളി പിന്നിലായിപ്പോയി. കന്നടയല്ലാതെ മറ്റൊന്നുമറിയാത്ത ഗ്രാമീണരോട് ഒരു വാക്കു പോലും കന്നടയറിയാത്ത ഞങ്ങൾ വഴി ചോദിച്ച് ഒടുക്കം രണ്ടുമണിയോടെ ആലനഹള്ളിയിലെത്തി. ആലനഹളളി വിശേഷങ്ങൾ സുരേഷ് മാഷ് മനോഹോരമായി എഴുതിയിട്ടുണ്ട്. വായിക്കുവാൻ അദ്ദേഹത്തിന്റെ മഞ്ഞക്കിളി എന്ന ബ്ളോഗ് സന്ദർശിച്ചാൽ മതി.

ആലനഹളളിക്കു ശേഷം ഞങ്ങൾക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നില്ല. പാത നീണ്ടുകിടക്കുന്നത് മൈസൂരേക്കാണ്. കാളവണ്ടിയിലും ഗുഡ്സ് ഓട്ടോയിലും മറ്റുമായി ഹള്ളികളിൽനിന്ന് ഇളനീരും കരിന്പും മാന്പഴവുമെല്ലാം മൈസൂരേക്കു പോകുന്നു. ആലനഹള്ളിയിലെ കടയിൽനിന്ന് ഗ്രാമീണമായ ഊണു കഴിച്ച് ഞങ്ങളും മൈസൂരേക്കു തിരിച്ചു.

മൈസൂരേക്കു തിരിയാനുള്ള കവലയിൽ വിപരീതദിശയിൽ ഹളെബിഡു വിലേക്കുള്ള വഴിക്കുറിപ്പു കണ്ടു. വഴി, എത്താനുള്ള സമയം, താമസഭക്ഷണ സൗകര്യങ്ങൾ എന്നിവ അനിശ്ചിതത്വത്തിന്റെ സൗന്ദര്യത്തിനു വിട്ടുകൊടുത്ത് വണ്ടി അങ്ങോട്ടു തിരിച്ചു. 11-ആം നൂറ്റാണ്ടിലെ ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹാസൻ ജില്ലയിലെ ഹളെബിഡു. വഴിചോദിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോൾ ജൈനകേന്ദ്രമായ ശ്രാവണബലഗൊളയ്ക്കുള്ള വഴിക്കുറിപ്പു കണ്ടു. ഹളെബിഡുവിനെക്കാൾ 50 കിലോമീറ്റർ കുറവാണ് ശ്രാവണബലഗൊളയ്ക്ക്. അധികമാലോചിക്കാതെ ലക്ഷ്യം ശ്രാവണബലഗൊളയാക്കി.

ശ്രാവണബലഗൊള എന്ന പേരിനാധാരമായ കുളം
മൈസൂർ-ശ്രീരംഗപട്ടണം-കൃഷ്ണരാജ്പേട്ട് വഴിയോ ഹുൻസുർ വഴിയൊ എളുപ്പത്തിൽ എത്താമായിരുന്ന ശ്രാവണബലഗൊളയ്ക്ക് അറിയാത്ത വഴികളിലൂടെ ചുറ്റിക്കറങ്ങിയെത്തിയപ്പോഴേക്കും സന്ധ്യയായി. ഗോമതേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന വിന്ധ്യഗിരിയുടെ താഴ്വരയിലായി ഞങ്ങൾക്കു താമസസൗകര്യം കിട്ടി. മൂന്നാംനിലയിലെ ജനലിലൂടെ നോക്കിയാൽ വിന്ധ്യഗിരിയും ക്ഷേത്രവും കാണാം; വരാന്തയിൽനിന്ന് ലോക്കിയാൽ ബലഗൊളയും. ബല(വെളുത്ത) ഗൊള (കുളം). ശ്രാവണബലഗൊള എന്നാൽ ജൈനന്റെ കുളം എന്നർത്ഥം. ഗോമതേശ്വരപ്രതിഷ്ഠയ്ക്കു ശേഷം അഭിഷേകം ചെയ്ത പാലൊഴുകിവന്നാണ് കുളം രൂപപ്പെട്ടതെന്നാണ് ഐതിഹ്യം. കുളത്തിന്റെ പേര് പിന്നീട് ദേശനാമമായി.

ചന്ദ്രഗിരി, വിന്ധ്യഗിരി എന്നിങ്ങനെയുള്ള രണ്ടു കുന്നുകൾക്കിടയിലാണ് ശ്രാവണബലഗൊള എന്ന കൊച്ചു പട്ടണം. ജൈനസംസ്കൃതിയ്ക്കു പേരുകേട്ടതാണ് ഇവിടം. ചന്ദ്രഗുപ്തമൗര്യൽ രാജ്യമുപേക്ഷിച്ച് ഗുരുവായ ഭദ്രബാഹുവിനൊപ്പം എത്തിച്ചേർന്നത് ഇവിടെയാണത്രെ. അദ്ദേഹത്തിന്റെ പേരാണ് ചന്ദ്രഗിരിക്കു കിട്ടിയെതെന്നു പറയപ്പെടുന്നു. ഇരു കുന്നുകളിലും പരിസരങ്ങളിലുമായി നിരവധി ജൈന ബസതികളുണ്ട്. A.D. 600 നും1830 നും ഇടയിലുള്ള 800ഓളം ലിഖിതങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഗംഗാസാമ്രാജ്യത്തിലെ രാജാവായിരുന്ന രാജമല്ല നാലാമന്റെ മന്ത്രിയായിരുന്ന ചാമുണ്ഡരായനാണ് ഗോമതേശ്വരക്ഷേത്രവും ശില്പവും പണികഴിപ്പിച്ചത്. അരിഷ്ടനേമി എന്ന ശില്പിയാണ് A.D.981-ൽ 18 മീറ്റർ പൊക്കമുള്ള ഈ ഒറ്റക്കൽ ശില്പം തീർത്തത്. താങ്ങില്ലാതെ നിവർന്നുനിൽക്കുന്ന ശില്പങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് ഗോമതേശ്വരപ്രതിമ. 30 കിലോമീറ്റർ അകലെനിന്നുവരെ പ്രതിമയുടെ മുകൾഭാഗം കാണാനാകും. ജൈനരുടെ ആദി തീർത്ഥങ്കരനായ ഋഷന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരസൂചകമായാണ് ക്ഷേത്രവും പ്രതിമയും സ്ഥാപിച്ചത്.

കരിങ്കല്ലിൽ തീർത്ത ശില്പഗോപുരം കടന്നാൽ കുന്നു കയറാനുള്ള പടികളായി. കരിമ്പാറയിൽ വെട്ടിയുണ്ടാക്കിയ 641 പടികളുണ്ട്. ആർക്കും അനായാസം കയറിപ്പോകാവുന്ന വിധമാണ് കല്പടികളുടെ നിർമ്മിതി. പുലർച്ചെ മുതൽ ആളുകൾ കയറിപ്പോകുന്നത് കാണാമായിരുന്നു. അപ്പോൾ തോന്നിയ കടുപ്പം നടന്നപ്പോൾ തോന്നിയില്ല. 7 മണിയോടെയാണ് ഞങ്ങൾ കയറ്റം തുടങ്ങിയത്. കയറിപ്പോകും തോറും ശ്രാവണബലഗൊള മുഴുവൻ ദൃശ്യമായി. വിന്ധ്യഗിരിയുടെ പിൻഭാഗത്ത് വിശാലമായ കൃഷിയിടങ്ങളാണ്.

കുന്നിന്റെ ഒത്ത മുകളിലായാണ് ഗോമതേശ്വരപ്രതിഷ്ഠ. പ്രധാനക്ഷേത്രത്തോടു ചേർന്നും അല്പം മാറിയും വേറെയും ബസതികളും കമാനങ്ങളും തൂണുകളുമുണ്ട്. എല്ലാം കരിങ്കല്ലിൽ തീർത്തവ. അനേകം പേരുടെ നിരവധി വർഷത്തെ അധ്വാനം ഓരോ ശില്പവിസ്മയത്തിനു പിന്നിലും തീർച്ചയായും ഉണ്ടായിരിക്കണം. ആയിരം വർഷം മുമ്പ് എങ്ങിനെയാണാവോ ഇതെല്ലാം സാധിച്ചിരിക്കുക! പലയിടത്തായി പല ഭാഷകളിൽ ലിഖിതങ്ങളുണ്ട്. കന്നട, തമിഴ്, മറാത്തി, സംസ്കൃതം, മാർവാരി, മഹാജനി ഭാഷകളിലായാണ് ലിഖിതങ്ങൾ. ഭാഷകളുടെ വളർച്ചാഘട്ടങ്ങളും വിവിധ സാമ്രാജ്യങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ ലിഖിതങ്ങളിലുണ്ട്.

ഭൂമിയിൽ കാലുറപ്പിച്ച് ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് കണ്ണു തുറന്ന് പുഞ്ചിരിയോടെ നിവർന്നു നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.തുടകൾക്കുമേൽ ഒരു താങ്ങുമില്ലാതെയാണ് ശില്പത്തിന്റെ നില്പ്. ശരീരം വെടിയുന്നതിനു തൊട്ടുമുമ്പായുള്ള ഈ അവസ്ഥയെ ജൈനർ കയോത്സർഗ്ഗം എന്നാണ് പറയുന്നത് . പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന മഹാമസ്തകാഭിഷേകം പ്രസിദ്ധമാണ്. സംന്യാസിമാരും ഭക്തരുമായ ആയിരക്കണക്കിനാളുകൾ പ്രതിമയിൽ പാലും തൈരും വിലപിടിപ്പുള്ള രത്നങ്ങളും വരെ അഭിഷേകം ചെയ്യും. അടുത്ത മഹാമസ്തകാഭിഷേകം 2018 ലാണ് നടക്കുക.

വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു. മുകളിലെത്തിയതോടെ ഞങ്ങളുടെ സംഘം താൽപര്യമനുസരിച്ച് ഓരോ വഴിക്കു പിരിഞ്ഞു. ബുദ്ധസംന്യാസിമാരടങ്ങുന്ന ഒരു സംഘം ഞങ്ങൾ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നു. ഗോമതേശ്വരപ്രതിമയ്ക്കു ചുറ്റും അർദ്ധവൃത്താകൃതിയിൽ വിന്യസിച്ച 24 തീർത്ഥങ്കരന്മാരുടെ ശില്പങ്ങളടങ്ങുന്ന കരിങ്കൽ ഇടനാഴി ബുദ്ധസംഘത്തിന് തുറന്നുകൊടുത്തു. ഞാനും സുരേഷ് മാഷും അവരോടൊപ്പം അകത്തു കയറി. തീർത്ഥങ്കരന്മാരെ ഒന്നൊന്നായി വണങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ഭാരതത്തെ ആഴത്തിൽ സ്വാധീനിച്ച ജൈനസംസ്കൃതിയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞതിന്റെ നിർവൃതിയുണ്ടായിരുന്നു ഉള്ളിൽ.

രാവിലെയായതുകൊണ്ടാവാം വലിയ തിരക്കില്ലായിരുന്നു. ഭക്തരും കാഴ്ചക്കാരുമായി കുറച്ചു പേർ. ദിഗംഭരന്മാരായ രണ്ടു ജൈനസംന്യാസിമാരെയും കാണാനായി. ആയിരത്താണ്ടുകളായി മഞ്ഞും മഴയും വെയിലും ഭക്തരുടെ പലവിധ അഭിഷേകങ്ങളുമേറ്റുവാങ്ങി ഒരു കുഴപ്പവുമില്ലാതെ നില്പു തുടരുന്ന ഗോമതേശ്വരനെയും മഹാശില്പികളെയും വണങ്ങി പ്രകാശ് വർമ്മയുടെ നേതൃത്വത്തിൽ ഒരു പ്രദക്ഷിണവും നടത്തി ഞങ്ങൾ തിരിച്ചിറങ്ങി. മടക്കത്തിൽ ബസതിയിലെ മുഖ്യ പൂജാരിയെ കണ്ടു. വയനാട്ടിലെ ജൈനക്ഷേത്രത്തിൽ ജോലിചെയ്തതുകൊണ്ട് അദ്ദേഹത്തിന് നന്നായി മലയാളമറിയാമായിരുന്നു.

രുചികരമായ പ്രഭാതഭക്ഷണത്തിനു ശേഷം ഹളെബിഡു ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. യുനെസ്കോ പൈതൃ സ്വത്തായി പ്രഖ്യാപിച്ച ശ്രാവണബലഗൊളയെ അധികാരികളും നാട്ടുകാരും വേണ്ടത്ര പരിഗണിക്കുന്നില്ലേയെന്നൊരു ശങ്ക തോന്നി. അങ്ങോട്ടുള്ള വഴിക്കുറിപ്പുകളിലും വഴികളിലും അങ്ങിനെയൊരു വേണ്ടായ്മ അനുഭവപ്പെട്ടു. ഹളെബിഡുവിലെ വിസ്മയക്കാഴ്ചകളിലേക്കു താൽക്കാലികമായി മുഴുകുന്നതുവരെ ഗോമതേശ്വരൻ മഹാവിസ്മയമായി കൂടെയുണ്ടായിരുന്നു.

2011, മാർച്ച് 26, ശനിയാഴ്‌ച

മലയാളം മീഡിയം രക്ഷിതാക്കൾക്ക് സംഘടന


അധ്യാപകരും അനദ്ധ്യാപകരുമായി 20-ഓളം ആളുകളുണ്ട്‌ എന്റെ സ്റ്റാഫ്‌ റൂമില്‍. ഇതില്‍ 3 പേര്‍ വിവാഹിതരല്ല. ഒരാള്‍ക്ക്‌ സ്കൂളില്‍ ചേര്‍ക്കാറായ കുട്ടികളില്ല. ബാക്കി 16-ല്‍ 15 പേരും ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ കുട്ടികളെ പഠിപ്പിക്കുന്നത്‌. ഇതില്‍ 2 പേരുടെ കുട്ടികള്‍ ഇംഗ്ലീഷ്‌ മീഡിയത്തിലെ പഠനം കഴിഞ്ഞ്‌ ഉപരിപഠനത്തിലാണ്‌. കുട്ടിയെ മലയാളം മീഡിയത്തില്‍ ചേര്‍ത്ത ഒരേയൊരു ധീരന്‍ ഞാനാണ്‌.

എന്റെ ധീരത സ്റ്റാഫ്‌ റൂമില്‍ ഒരു ചൂളലായാണ്‌ അനുഭവപ്പെടാറ്‌. കുട്ടികളുടെ പഠിപ്പുമായി ബന്ധപ്പെട്ട്‌ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലും എനിക്കു പങ്കെടുക്കാന്‍ പറ്റാറില്ല. ജില്ലയിലെ മേല്‍ത്തരം സ്കൂളുകളിലെ പഠിപ്പും, പഠിപ്പില്ലായ്മയും, ചിട്ടയും ചിട്ടവട്ടങ്ങളും പ്രിന്‍സിപ്പാളിന്റെ തന്റേടവും പാരന്റ്സ് മീറ്റിങ്ങിലെ മാനേജരുടെ പ്രസംഗത്തിലെ പ്രബുദ്ധതയുമൊക്കെ വിഷയമാകുമ്പോല്‍ ലോകത്തിലെ ഏതു കാര്യവും വര്‍ത്തമാനത്തിനു വഴങ്ങുന്ന ഞാന്‍ നിശ്ശബ്ദനാകും. ഇടയ്ക്കൊക്കെ മലയാളികള്‍ ഇംഗീഷ്‌ മീഡിയിത്തില്‍ മക്കളെ ചേര്‍ത്തുന്നതിന്റെ സൈദ്ധാന്തിക മണ്ടത്തരം ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അപ്പോഴൊക്കെ ഞാന്‍ ദയനീയമായി പരാജയപ്പെട്ടിട്ടുമുണ്ട്‌. പൊരുതിത്തോല്‍ക്കുന്നതില്‍ ഒരു കുളിരും എനിക്കിതുവരെ തോന്നിയിട്ടില്ല. ഇവിടെ സംഭവിക്കുന്നത്‌ വല്ലാത്തൊരവഗണയാണ്‌. ഇത്തരം മണ്ടത്തരങ്ങൊളൊന്നും കേള്‍ക്കാന്‍ ആധുനികരില്‍ ആധുനികരായ എന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ നേരമില്ല. ഒന്നും രണ്ടും പറഞ്ഞ്‌ ഒന്നു കളിയാക്കി ഒന്നു ചിരിച്ച്‌ അവര്‍ അവഗണിച്ചു കളയും.

എന്റെ നാലാം ക്ലാസുകാരിയായ മോളും വേറൊരു തരത്തില്‍ ഇതനുഭവിക്കുന്നുണ്ട്‌. എന്റെയും ഭാര്യയുടെയും കൂട്ടുകാരൊക്കെ ആധുനികോത്തര പ്രഭൃതികളും ഇംഗ്ലീഷ്‌മീഡിയം കുട്ടികളുടെ രക്ഷിതാക്കളുമാണ്‌. വിദ്യാസപ്രവര്‍ത്തകരായ ഇവരുടെ വര്‍ത്തമാനത്തിനിടയില്‍ സ്വാഭാവികമായും ഇംഗ്ലീഷ്മീഡിയം വമ്പുകള്‍ കടന്നു വരും. അപ്പോഴൊക്കെ പിടിച്ചു നില്‍ക്കാന്‍ കുഞ്ഞ്‌ പാടുപെടുന്നത്‌ ഞാന്‍ നിസ്സഹായനായി കണ്ടുനിന്നിട്ടുണ്ട്‌. മലയാളം, കണക്ക്‌, പരിസരപഠനം, കോപ്പിയെഴുത്ത്‌, കേട്ടെഴുത്ത്‌ എന്നൊക്കെ ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടാറുണ്ട്‌. അവള്‍ക്ക്‌ തിരിച്ചെന്താണ്‌ പറയാനുള്ളത്‌? വായിച്ച്‌ അടുക്കടുക്കായി കെട്ടിവച്ച കളിക്കുടുക്കകള്‍, ബാലഭൂമികള്‍, ബഷീറും എം.ടി.യും കുഞ്ഞുണ്ണിമാഷുമൊക്കെയായി ഒരു കൂട്ടം പുസ്തകങ്ങള്‍..? അപ്പോഴും പ്രശ്നം. കുഞ്ഞുണ്ണി എന്നാണോ കുഞ്ചുണ്ണി എന്നാണോ പ്രനണ്‍സ്‌ ചെയ്യേണ്ടത്‌? എം.ടി.യോ എംറ്റിയോ? മഹാബുദ്ധിശാലികളും ആധുനികരും സംസ്കാരശീലരും സഹായമനസ്കരുമായ ചില അഭിവന്ദ്യസുഹൃത്തുക്കള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ചോദിച്ചു കളയും: "എന്താ മാഷേ മോളെ നല്ല ഏതെങ്കിലും സ്കൂളില്‍ ചേര്‍ത്തു കൂടെ? കൂടെ ഉപദേശവും വരും ആദര്‍ശമൊക്കെ പറയാനേ കൊള്ളൂ. പ്രാക്റ്റിക്കലാകണം. ഇല്ലെങ്കില്‍ വളര്‍ന്നാല്‍ മക്കള്‍ ചോദിക്കും അപ്പോള്‍ സമാധാനം പറയേണ്ടി വരും."
മീഡിയം മലയാളമാണെങ്കിലും മക്കള്‍ക്ക്‌ ബുദ്ധിക്കു കുറവൊന്നുമില്ല എന്നാണ്‌ എന്റെ ധാരണ(അതോ തെറ്റിദ്ധാരണയൊ)ചിലപ്പോള്‍ ഹൃദയത്തോട്‌ പറ്റിച്ചേര്‍ന്നുനിന്ന് അവള്‍ ചോദിക്കും: "ശരിക്കും ഈ ഇംഗ്ലിഷ്‌ മീഡിയമാണോ നല്ലത്‌?"

തെരഞ്ഞു പിടിച്ചാണ്‌ മനസ്സിനു പിടിച്ച ഒരു മതൃഭാഷാബോധനമാധ്യമപാഠശാല(തായ്മൊഴില്‍ പേശും പള്ളിക്കൂടം എന്ന് മലയാളം)കണ്ടു പിടിച്ചത്‌. ഞങ്ങളുടെ പഠിപ്പ്‌, പദവി, സാമ്പത്തികശേഷി, കുലമഹിമ, സംസ്കാരം എന്നിവയൊക്കെ പരിഗണിച്ചാല്‍ ഏതു മിനുത്ത വിദ്യാലയത്തിലും ഒരു മൂല കിട്ടും. എന്നാല്‍ അതല്ല ഇതാണ്‌ മൂല്യം എന്ന് ഒന്നു രണ്ടു കൊല്ലം ഉറക്കമൊഴിഞ്ഞ്‌ എത്തിച്ചേര്‍ന്ന ധാരണയും കൊണ്ടാണ്‌ ഇപ്പോള്‍ കുട്ടി പഠിക്കുന്ന സ്കൂളിലെത്തിയത്‌. അവിടെ ഡിവിഷന്‍ രണ്ട്‌. എ. മലയാളം മീഡിയം, ബി. ഇംഗ്ലീഷ്മീഡിയം. മിനുപ്പും കൊഴുപ്പുമുള്ള ടീച്ചര്‍മാരെല്ലാം ഇംഗ്ലിഷ്‌ മീഡിയത്തില്‍. എല്ലാ കാര്യത്തിലും ബി.യിലെ കുട്ടികള്‍ക്ക്‌ ഒരുരുള കൂടുതല്‍. നാലു കൊല്ലമായി ഈ പരാതി മുക്കലും മൂളലുമായി ഞാന്‍ പ്രധിരോധിക്കുന്നു.(മോളുടെ അദ്ധ്യാപകര്‍ ഇതു വായിക്കാനിടയുള്ളതുകൊണ്ടും യുദ്ധങ്ങള്‍ പലതു നടത്തി തളര്‍ന്നതുകൊണ്ടും സര്‍വ്വോപരി നാണംകൊണ്ടും ഇതു സംബന്ധമായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കു മുതിരുന്നില്ല.)

എന്തെല്ലാം പറഞ്ഞാണ്‌ കുഞ്ഞിന്റെ മ്ലാനതയൊന്ന് നീക്കിയെടുക്കുന്നത്‌. മലയാളത്തിന്റെ പാരമ്പര്യം, മാതൃഭാഷയുടെ ശക്തി, പെഡഗോഗിക്കല്‍ ഡിസ്പ്യൂട്‌ സ്‌... ഇതൊന്നും കുഞ്ഞുമനസ്സുകള്‍ക്കുമുന്നില്‍ ഏശുകയില്ലല്ലോ. നല്ല മൊഞ്ചുള്ള കഥകള്‍, പാട്ടുകള്‍ ഇവയൊക്കെ ചെറിയൊരു കുളിരാകും.

മാതൃഭാഷാമാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്‌. സൈദ്ധാന്തികത, ചിന്ത,ന്യായം,നാക്കിന്റെ നീളം എന്നിവ കൊണ്ടും കുറേയൊക്കെ ഗതികേടുകൊണ്ടുമാണ്‌ ഇക്കൂട്ടര്‍ പിടിച്ചു നില്‍ക്കുന്നത്‌. അരോടെക്കെയാണ്‌ പടവെട്ടേണ്ടി വരുന്നത്‌? സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാഭ്യാസത്തെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത നാട്ടുകാര്‍, ടെലിവിഷന്‍, പരസ്യങ്ങള്‍, സിനിമ...കൃഷ്ണനും ഭീഷ്മദ്രോണാചാര്യന്മാരും കുരുക്ഷേത്രത്തിൽ സഹിച്ചതിനേക്കാള്‍ വലിയ സഹനം.

എല്ലാ വിഭാഗം ജനങ്ങളും സംഘടിക്കുന്നു.(ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍ എന്നൊക്കെ പറഞ്ഞ്‌ ഒരു കൂട്ടരെയും അപഹസിക്കാന്‍ ഞാനാളല്ല)സുഹൃത്തുക്കളെ, നമുക്കെന്തുകൊണ്ട്‌ സംഘടിച്ചു കൂട. കുട്ടികള്‍ മാതൃഭാഷാമാധ്യമത്തില്‍ പഠിക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റ്‌ അഭ്യുദയകംക്ഷികളുടെയും കൂട്ടം എന്നു പേരും കൊടുക്കാം. സംഘടിച്ചു ശക്തരാവുക എന്ന ഗുരുവചനവും സംഘം ശരണം ഗച്ഛാമി എന്ന ബൗദ്ധമന്ത്രവും ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്‌. നമുക്കും പൊങ്ങച്ചം പറയാൻ ഒരിടം വേണ്ടേ? കുഞ്ഞുങ്ങൾക്ക് മാനസികമായ തട്ടും തടവും കൂടാതെ ഒന്ന് ഉരിയാടേണ്ടേ?

പ്രിയപ്പെട്ടവരെ, ഈ കുറിപ്പ്‌ ഒരു തമാശയായി വായിച്ചു തള്ളരുത്‌. വീയെസ്സിന്‌ സീറ്റു കിട്ടാത്തതിനേക്കാള്‍ വലിയ പ്രത്യയശാസ്ത്രപ്രശ്നമാണിത്‌. സംഘടിക്കുക:

ലത്തീഫ് ചെമ്പരത്തി

2011, മാർച്ച് 21, തിങ്കളാഴ്‌ച

വീ യെസ്‌ ഫോര്‍ വി.എസ്‌.

പരാജയപ്പെട്ടുപോയെങ്കിലും മനോഹരമായൊരു മുദ്രാവാക്യമായിരുന്നു, വീ യെസ്‌ ഫോര്‍ വി.എസ്‌. എന്നത്‌. മലയാളത്തിന്റെ മനസ്സില്‍ വി.എസ്‌. എത്ര മഹാനായിരുന്നു എന്ന് ഈ മുദ്രാവാക്യം വ്യക്തമാക്കും. വി. എസിന്റെ മഹത്വം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്‌ ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം. വി.എസിനൊപ്പം ഭരിക്കുന്നതിനെക്കാള്‍ വി.എസില്ലാതെ പ്രതിപക്ഷത്തിരിക്കുന്നതാണ്‌ നല്ലത്‌ എന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

പാര്‍ടി നിലപാടുകളെ പാര്‍ട്ടിക്കകത്തും ഗതികെട്ട്‌ പാര്‍ട്ടിക്കു പുറത്തും എതിര്‍ത്തതാണ്‌ അദ്ദേഹം ചെയ്ത പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം. ഭരണം കളഞ്ഞുപോലും വി.എസിന്റെ ഇടപെടലുകളില്‍നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കണം എന്നു അഭിനവ സ്റ്റാലിനിസ്റ്റുകള്‍ പറയുമ്പോള്‍ വി.എസ്‌. ചെയ്തുകൊണ്ടിരുന്നതോര്‍ത്ത്‌ മലയാളികള്‍ക്ക്‌ കക്ഷിരാഷ്ട്രീയഭേദമെന്യെ ആഹ്ലാദിക്കാം. ഇക്കൂട്ടര്‍ കൊണ്ടു വരാന്‍ പോകുന്ന വിപ്ലവത്തെ കരുതിയിരിക്കുകയും ചെയ്യാം.

വി. എസ്‌. എതിര്‍ത്ത ചില കര്യങ്ങള്‍ നോക്കാം.
1. എ.ഡി.ബി.യില്‍നിന്ന് കണ്ണും പൂട്ടി കടമെടുക്കരുത്‌.
2. വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കരുത്‌.
3. അബ്ദുല്‍ നാസര്‍ മദനി, സുലൈമാന്‍ സേട്ട്‌ തുടങ്ങിയ വര്‍ഗീയവാദികളുമായി കൂട്ടു ചേരരുത്‌.
4. ലോട്ടറിമാഫിയയുമായുള്ള ബന്ധം നല്ലതിനല്ല. കോടികള്‍ കൊള്ളയടിക്കുന്ന അവരെ നാട്ടില്‍നിന്നോടിക്കണം
5. ഫാരിസ്‌ അബൂബക്കറിനെപ്പോലുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വെറുക്കപ്പെടേണ്ടവരാണ്‌.
6. ലാവലിന്‍ പോലുള്ള അഴിമതികള്‍ പാര്‍ട്ടിക്കകത്തുനിന്നയാലും അഴിമതി തന്നെയാണ്‌.
7. പി. ശശിയെപ്പോലുള്ള ഞരമ്പുരോഗികളെ പാര്‍ട്ടിക്കു പുറത്താക്കണം.
8. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള സ്ത്രീപീഡകരെ പാര്‍ട്ടി സഹായിക്കേണ്ടതില്ല.
9. ആഗോളവല്‍ക്കരണത്തെ നല്ല മനസ്സോടെ സമീപിച്ചാല്‍ ദേശത്തിനും ജനങ്ങള്‍ക്കും ഗുണപരമായി മാറ്റിയെടുക്കാനാവും.
10. പൊതുസ്വത്ത്‌ തീറെഴുതിക്കൊടുക്കാതെയും നാട്ടില്‍ വ്യവസായങ്ങള്‍ വരും
11 വനഭൂമി, റവന്യുഭൂമി എന്നിവ കൈയേറുന്നവരെ തടയേണ്ടതുണ്ട്‌. ഇങ്ങനെ പോകുന്നു.

ആഗോളവല്‍ക്കരണത്തിന്റെ സവിശേഷ സാമൂഹികാന്തരീക്ഷത്തില്‍ വി. എസ്‌. ഒരു രാഷ്ട്രീയപ്രതിഭാസമായിരുന്നു. നിലവിലുള്ള സാമൂഹ്യാവസ്ഥകളെ ക്രിയാത്മകമായി ഉപയൊഗപ്പെടുത്തിയും സ്വയം പരുവപ്പെട്ടുമാണ്‌ വി.എസ്‌. ഇത്തരത്തില്‍ മാറിയത്‌. എല്ലാം മാര്‍ക്കറ്റ്‌ തീരുമാനിക്കും എന്ന ആഗോളവല്‍ക്കരണയുക്തിയില്‍ യുവാക്കളും പൊതുമണ്ഡലംതന്നെയും അരാഷ്ട്രീയവാദത്തിലേക്ക്‌ വഴുതുമ്പോഴാണ്‌ രഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആവശ്യവും ആവേശവും വി.എസ്‌. ജനങ്ങളിലേക്കു പകരുന്നത്‌.

ഇടത്‌ വലത്‌ വ്യത്യാസമില്ലാതെ ജനങ്ങളെ ആവേശംകൊള്ളിച്ച വി.എസ്‌.പ്രഭാവം അവസാനിക്കുകയാണ്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ സി.പി.എം. ന്റെ വമ്പത്തരത്തിനും മണ്ടത്തരങ്ങള്‍ക്കും ബാലറ്റിലൂടെ മറുപടികൊടുത്ത ഇടതുപക്ഷപൊതുബോധം നിലയ്ക്കുനിന്നാല്‍ ഇടതു തുടര്‍ഭരണത്തിനു സഹായിക്കാം എന്ന മനസ്ഥിതിയിലായിരുന്നു. വി.എസി.നെ പടി കടത്തിയതോടെ ആയിരക്കണക്കിനാളുകള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യില്ലെന്ന് തീരുമാനമെടുത്തു കഴിഞ്ഞു. കേരളത്തിലെ ഇടതുനെതൃത്വം ചരിത്രത്തിലാദ്യമായി സംഭവിക്കുമായിരുന്ന ഇടതു തുടര്‍ഭരണം എന്ന സ്വപ്നത്തെ വലിയൊരു മണ്ടത്തരംകൊണ്ട്‌ തടഞ്ഞിരിക്കുകയാണ്‌.

തോറ്റു പോയ ആ മുദ്രാവാക്യത്തിന്റെ സൗന്ദര്യം ഒന്നുകൂടി നുണയാം