പേജുകള്‍‌

2012, ജൂൺ 30, ശനിയാഴ്‌ച

ടി.പി. ചന്ദ്രശേഖരന് തണുത്ത യാത്രകൊണ്ടൊരു രക്താ‍ഞ്ജലി


ടി.പി. ചന്ദ്രശേഖരന് തണുത്ത യാത്രകൊണ്ടൊരു രക്താ‍ഞ്ജലി




ജമ്മുവിൽ നിന്ന് കാശ്മീർ താഴ്വര ലക്ഷ്യമാക്കിയുള്ള ഒരു പകൽ നീളുന്ന യാത്രയുടെ തുടക്കത്തിൽ ഒരു പട്ടാളക്ക്യാമ്പിന്റെ മതിൽക്കെട്ടിനരികിലായി സ്ഥാപിച്ച ബോർഡിൽനിന്നാണ് ആദ്യത്തെ വെടിയുണ്ട ഹൃദയം തുളച്ച് അകത്തു കയറിയത്.  അതിങ്ങനെയായിരുന്നു.
RESPECT ALL
SUSPECT ALL
മെയ് നാലിന് രാത്രി കാശ്മീരിലെ ഞങ്ങളുടെ അവസാനരാത്രിയിൽ മനോഹരമായൊരു യാത്രകൊണ്ട് തരളിതമായ ഞങ്ങളുടെ മുഖങ്ങളിലേക്ക്  തുരുതുരാ വെട്ടുകളേറ്റു.  ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊല ചെയ്ത വാർത്തകളുമായി വന്ന സന്ദേശങ്ങളാണ് തണുത്തുറഞ്ഞ ആ രാത്രിയിൽ ഞങ്ങളെ മുറിവേൽപ്പിച്ചത്. ഞാനൊരു ആർ.എം.പി.ക്കാരനല്ല. പക്ഷെ, സഖാവ് ടി.പി. ചന്ദ്രശേഖരനായിരിക്കും മറ്റെന്തിനേക്കാളും ഈ യാത്രയുടെ സ്മരണയായി ഓർമ്മിക്കപ്പെടുക.
ജമ്മു കാശ്മീരിലെ ജനങ്ങളോടുള്ള പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും നയമാണ് ഓമനത്വം തുളുമ്പുന്ന മേൽസൂചിപ്പിച്ച ബോർഡിലെ പ്രഖ്യാപനത്തിൽ മുഴച്ചു നിൽക്കുന്നത്. വല്ലാത്തൊരു രാഷ്ട്രീയം ആ വാക്കുകളിലുണ്ട്. ആരെയും എപ്പോഴും എന്തും ചെയ്യാമെന്നുള്ള നിശ്ശബ്ദപ്രഖ്യാപനം വരികൾക്കടിയിലുണ്ട്. ടി.പി.യുടെ കൊലപാതകത്തെ ഉൾക്കൊള്ളാനുള്ള ദാർശനികപരിസരം രൂപപ്പെടുത്താൻ ഈ പട്ടാളശ്ലോകത്തിനായി.
കുങ്കുമം വിളയുന്ന പാടം


താൽ തടാകത്തിലെ ഒരു ദൃശ്യം














താൽ തടാകക്കരയിലെ മുഗൾഗാ‍ർഡനിൽ നിറതോക്കുമായി നിൽക്കുന്ന പട്ടാളക്കാരൻ വിനോദയാത്രികർക്ക് ഫോട്ടോയെടുക്കാൻ പുഞ്ചിരിയോടെ തോക്കു വിട്ടു കൊടുക്കുന്നതു കാണുമ്പോൾ മാത്രമാണ് വഴി നീളെ പട്ടാളം തീർക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവരുന്നത്. വിനോദയാത്രകൾ തോക്കിനെ കളിപ്പാട്ടമാക്കുന്നത് കൌതുകകരം തന്നെ.  കടുകുപാടത്തിന് നടുവിലും കവലകളിലെ ബങ്കറുകളിലും കെട്ടിടത്തിനു മുകളിലും ദുർഘടമായ മലയിടുക്കുകളിലും എന്തിന് എസി.ടി.ഡി.ബൂത്തിന് മുന്നിൽപ്പോലും യന്ത്രത്തോക്കുകളുമായി കാവൽ നിൽക്കുന്ന പട്ടാളക്കാരും  വഴി നീളെ കാണുന്ന പട്ടാളവാഹനങ്ങളും ടാങ്കുകളും പീരങ്കികളും കാശ്മീർ താഴ്വരയുടെ മനോഹരദൃശ്യങ്ങൾക്കുമേൽ വീഴ്ത്തുന്നത് ഭീതിയുടെ കരിനിഴലാണ്.  മുട്ടിന് മുട്ടിന് കാണുന്ന പട്ടാളക്കാരെ യൂണിഫോമിൽ നമുക്കു തിരിച്ചറിയാം. അവർ നേരിടാനൊരുങ്ങുന്ന ഭീകരരോ? അവർക്ക് ഹിന്ദി മലയാള സിനിമകളിൽക്കാണുന്നതുപോലെ യൂണിഫോം കാണില്ലല്ലോ.  ഉഗ്രവാദഭീതി മാറ്റി വച്ചാൽ കാശ്മീർ സുന്ദരമാണ്. കാശ്മീരികൾ സുന്ദരന്മാരും സുന്ദരിമാരുമാണ്.  പുരുഷന്മാരുടെ വെളുത്തതും കറുത്തതുമായ നീണ്ട താടികൾക്ക് എന്തു ഭംഗിയാണ്.  ഇരുകവിളുകളിലും ചുണ്ടിണകളിലും പ്രകൃതി കുങ്കുമച്ചാർത്തണിയിച്ച ഒത്ത വലിപ്പവും മഞ്ഞിന്റെ നിറവുമുള്ള കാശ്മീരിപ്പെണ്ണുങ്ങൾക്കും നല്ല ചന്തമാണ്. പക്ഷെ അവരുടെ മുഖങ്ങളൊന്നും ഉള്ളിൽ ആഹ്ലാദമുണ്ടെന്നു പറഞ്ഞില്ല. അവരുടെ കണ്ണുകളിൽ ആനന്ദത്തിന്റെ തുളുമ്പൽ കാണാനായില്ല.  ഇന്ത്യയോട് യുദ്ധം ചെയ്യാനുള്ള ഉൽക്കടദാഹങ്ങളല്ല അവരുടെ ആത്മഹർഷങ്ങളെ കെടുത്തിക്കളഞ്ഞതെന്ന് അവരോടടുത്തപ്പോൾ മനസ്സിലായി.  ലോകത്തെവിടെയും മനുഷ്യനെ കണ്ണീരണിയിക്കുന്ന തൊഴിലില്ലായ്മയും പരിവട്ടങ്ങളും തന്നെയാണ് അവരുടെയും നിറം കെടുത്തുന്നത്.  രാഷ്ട്രീയകരുനീക്കങ്ങളിലും പട്ടാളക്കാരുടെയും ഭീകരവാദികളുടെയും ഇടപെടലുകളിലും ലോകത്തെ സുന്ദരമായൊരു ജനത ആനന്ദവും ചൈതന്യവും കെട്ടുഴലുകയാണ്.  മഞ്ഞുമലകൾ കാവൽ നിൽക്കുന്ന വിശാലമായ താഴ്വരയും പ്രകൃതിദത്തമായ കുങ്കുമപ്പാടങ്ങളും കടുകുപാടങ്ങളും രാവും പകലും പ്രാണവായു പുറംതള്ളുന്ന ചിനാ‍ർ, ആപ്രിക്കോട്ട്, അക്രൂട്ട്, വീപ്പിംഗ് വില്ലോ തുടങ്ങിയ അപൂ‍ർവ്വ വൃക്ഷങ്ങൾ നിരന്നുനിൽക്കുന്ന വഴിത്താരകളും  ഹിമായലത്തിന്റെ കൌതുകങ്ങളിൽ അഭിരമിക്കാനെത്തുന്ന യാത്രികർക്ക് കാഴ്ചകളാകുന്നതു പോലെ ഈ പാവം മനുഷ്യരും കാഴ്ചവസ്തുക്കളാകുന്നു.  താൽതടാകക്കരയിൽ ‘ശിക്കാര’(തടാകത്തിലെ ചെറു തോണികൾ)യുടെ മാതൃകകൾ വിൽക്കുന്ന ഒരു മധ്യവയസ്കൻ പറഞ്ഞത് ഇത് താലിന്റെ സ്മരണമാത്രമല്ല, ഒരു നേരത്തെ ഭക്ഷണം കൂടിയാണ് എന്നായിരുന്നു.
കാശ്മീരിയുവാവ്-ജമ്മുവിൽനിന്നു്
മലനിരകളും താഴ്വരയും മഞ്ഞുറഞ്ഞും മരവിച്ചും പോകുന്ന 4-5 മാസങ്ങളിലേക്കു കൂടി ഇവർക്കു സമ്പാദിക്കണം.  താഴ്വര വിട്ട് ജമ്മുവിലേക്കും അന്യദേശങ്ങളിലേക്കും (കേരളത്തിലേക്കു പോലും ) പോകുന്നവർക്ക് കുഴപ്പമില്ല.  ഇടയൻമാരും മലനിരകളിലെ നാടോടിഗോത്രങ്ങളും മഞ്ഞുകാലത്തിന്റെ വരവറിയിച്ച് ചിനാർമരങ്ങളുടെ ഇലകൾ പഴുക്കുമ്പോൾ ജമ്മുവിലേക്കും ഹരിയാനയിലേക്കും ഹിമാചൽപ്രദേശിലേക്കും കൂട്ടത്തോടെ നീങ്ങും. കമ്പിളിയും കാ‍ർപ്പറ്റും നിർമ്മിക്കുന്നവർക്ക് മഞ്ഞുകാലം അവരുടെ ഉൽപ്പന്നങ്ങൾ മറുദേശങ്ങളിൽ വിൽക്കാനുള്ള കാലമാണ്.  കൃഷിക്കാരായ പാവങ്ങൾ താൽ തടാകം പോലും ഉറഞ്ഞുപോകുന്ന തണുപ്പിൽ കാശ്മീ‍ർ താഴ്വരയിൽ കുടുങ്ങും. ജീവൻ നിലനി‍ത്താൻ അവർക്ക് ഭക്ഷണം മാത്രം പോര, രാവും പകലും ചൂടു പകരാൻ വിറകും വേണം.  വെയിലുള്ള മാസങ്ങളിൽ തടാകത്തിലെ ഒഴുകുന്ന ചന്തയിലും അതിന്റെ കരയിലെ വിനോദസഞ്ചാരികളുടെ താവളങ്ങളിലും വിശാലമായ പാടശേഖരങ്ങളിലും അവർ വിശ്രമിക്കാതെ പണിയെടുക്കുന്നത്, കണ്ണുകൾ കൊണ്ട് യാചിക്കുന്നത് മഞ്ഞുകാലത്തേക്ക് അന്നവും വിറകും ശേഖരിക്കാനാണ്. ടൂറിസവും കൃഷിയുമല്ലാതെ മറ്റൊരു വരുമാനവും ഇവർക്കില്ല.
ഏപ്രിൽ 28 മുതൽ മെയ് 10 വരെ പന്ത്രണ്ട് ദിവസമായിരുന്നു ഞങ്ങളുടെ കാശ്മീ‍ർയാത്ര.  ജമ്മുവിൽനിന്ന് കാശ്മീർ താഴ്വരയിലേക്കും തിരിച്ചും രണ്ടു പകൽയാത്രകൾ. ശ്രീനഗറിൽ രണ്ടു പകലും രണ്ടു രാത്രിയും. 19 കുട്ടികളടക്കം 44 പേരടങ്ങുന്ന യാത്രാസംഘത്തിന്റെ കാശ്മീ‍ർ അനുഭവങ്ങൾ ഇത്രയും ദിവസങ്ങളിലൊതുങ്ങുന്നു.  ദില്ലിയിലും പഞ്ചാബിലും ജമ്മുവിലുമായി ചെലവഴിച്ച നാലു ദിനരാത്രങ്ങൾ ബോണസ്സാണ്.  ബാക്കി ദിനങ്ങൾ കൊങ്കണിലുടെയും ആന്ധ്രയിലൂടെയുമുള്ള രണ്ട് സെക്കന്റ് ക്ലാസ് തീവണ്ടി യാത്രകളിലൊടുങ്ങി. നാലുവയസ്സുകാരായ നാലു കുട്ടികളും അറുപതു കഴിഞ്ഞ രണ്ടു മുത്തശ്ശിമാരും പ്രായത്തിന്റെ രണ്ടറ്റത്തും നിൽക്കുന്ന ഈ സംഘത്തിന് ഇത് വെറുമൊരു യാത്രയല്ല.  സങ്കുചിത ചിന്തകളുടെ മനസ്സിടുക്കങ്ങൾക്കിടയിൽനിന്ന് തുറന്ന ആകാശങ്ങളിലേക്കുള്ള ചിറകു വീശൽകൂടിയാകുന്നു.  മുതിർന്ന യാത്രക്കാരായ രണ്ടു പേരിലൊരാളെ മറ്റുള്ളവർ അമ്മയെന്നും മറ്റെയാളെ ഉമ്മച്ചിയെന്നും വിളിച്ചു.  യാത്രക്കിടയിൽ കണ്ടു വണങ്ങിയ വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കു മുമ്പിൽ ഈ അമ്മമാ‍ർക്ക് ഒരേ ഭാവമായിരുന്നു.  കുട്ടികൾക്ക് ഒരുപാട് അച്ഛനമ്മമാ‍ർ, സഹോദരങ്ങൾ. മുതിർന്നവർക്ക് ഇഷ്ടം പോലെ മക്കൾ. മലയാളിയുടെ പഴംബോധത്തിലെ ആ മാവേലി മൻറം പോലെ ജാതിയും മതവുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. യാത്രയുടെ ചന്തവും ചൈതന്യവും അതായിരുന്നു.
2011 ലെ ഓണക്കാലത്ത് കുടുംബവും കുട്ടികളുമൊക്കെയായി ഞങ്ങളൊരു ഹിമാലയയാത്ര നടത്തിയിരുന്നു.  ഇക്കൊല്ലം കടലിലേക്കാവട്ടെ യാത്ര എന്ന് ആൻഡമാൻ തീരുമാനിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നടന്നില്ല.  മൂന്നുദിവസത്തെ കടൽയാത്രയും തിരിച്ചൊരു ആകാശയാത്രയും സ്വപ്നം കണ്ടവർക്ക് കാശ്മീരിൽ കുറഞ്ഞൊന്നും സ്വീകാര്യമാവില്ലായിരുന്നു.  ഓഗസ്റ്റിൽ നടക്കേണ്ട യാത്ര അങ്ങനെ മെയ് മാസത്തേക്ക് നീണ്ടു.  മലയാളികൾ കാശ്മീരിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളു.  വളരെ കുറച്ചു പേരെ മാത്രമാണ് ജമ്മുവിലും ശ്രീനഗറിലും കാണാൻ കഴിഞ്ഞത്. അവരിൽത്തന്നെ പാതിയിലധികം പട്ടാളക്കാരാണ്.  യാത്രക്കൊരുങ്ങുമ്പോൾ ഒരു സുഹൃത്ത് ചോദിച്ചത് കാശ്മീരിലേക്ക് പാസ്പോർട്ട് വേണ്ടേ എന്നാണ്.  വലിയ പഠിപ്പുള്ള, ധാരാളം യാത്ര ചെയ്ത ആ സുഹൃത്തിന്റെ സംശയം വെറും മണ്ടത്തരമല്ല,  കാശ്മീരിനെക്കുറിച്ച് മലയാളികൾക്ക് പൊതുവെയുള്ള അറിവില്ലായ്മയാണ്.
കടകൾക്ക് കാവൽനിൽക്കുന്ന പട്ടാളക്കാരൻ
 ഡൽഹിയിൽനിന്ന് ഒരു രാത്രിയാത്രകൊണ്ട് തീവണ്ടിയിൽ ജമ്മുവിലെത്താം.  പഞ്ചാബിലെ ചാണ്ഡീഗഢ് അമൃത്സർ വഴി പത്താൻകോട്ടിലൂടെയും ജമ്മുവിലെത്താം.  ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് ഏതാണ്ട് മുന്നൂറ് കിലോമീറ്ററോളം റോഡുമാർഗ്ഗം യാത്ര ചെയ്യണം.  ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് പ്രതിദിന വിമാനസർവ്വീസുണ്ടെങ്കിലും ഹിമാലയമലമടക്കുകളിൽ ഭൂമിയിലെ സ്വർഗ്ഗമെന്ന് ജവർലാൽ നെഹ്റു വിശേഷിപ്പിച്ച കാശ്മീർതാഴ്വര രൂപപ്പെടുന്നതെങ്ങനെയെന്ന് മനസ്സിലാവണമെങ്കിൽ ഈ റോഡുയാത്ര നിർബന്ധമാണ്.  മലമടക്കുകൾക്ക് തൊട്ടു താഴെയുള്ള പ്രദേശമാണ് ജമ്മു.   പഞ്ചാബിന്റെയും ഹരിയാനയുടെയും ഒരു തുടർച്ചയാണ് ഭാഷയിലും സംസ്കാരത്തിലും പ്രകൃതി ദൃശ്യങ്ങളിലും ജമ്മുവിൽ കാണാൻ കഴിയുക.
കാശ്മീർതാഴ്വരയിലെ ഒരു വഴിയോരദൃശ്യം
മല കയറാൻ തുടങ്ങിയാൽ പഠ്ണി ടോപ്പ് എന്ന മലയോര പട്ടണം വരെ ജമ്മുവിന്റെ സംസ്കാരം നീണ്ടു കിടക്കുന്നു.  അവിടെ നിന്ന് മുകളിലേക്ക് സഞ്ചരിക്കുമ്പോൾ ഹിമാലയൻ മലനിരകളുടെ അരുമകളായ പിരമിഡ് മരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പർവ്വതനിരകളുടെ ചരിവിനും കാറ്റിനും തണുപ്പിനുമനുസരിച്ച് പൈനും സുരയ് യും ദേവദാരുവിന്റെ കുടുംബക്കാരായ മറ്റു മരങ്ങളും ഒറ്റയ്ക്കും കൂട്ടായും നമ്മെ മോഹിപ്പിക്കാൻ തുടങ്ങും.  മനുഷ്യരും കെട്ടിടങ്ങളുടെ ശില്പഘടനയും മെല്ലെ മാറും. ഹിമാലയത്തിലെ ഗഡ് വാൾ മേഖലയിലേക്കുള്ള വഴികളിൽനിന്ന് വ്യത്യസ്തമായി പത്തിരുനൂറ് കിലോമീറ്റ‍ർ ചുരം കയറിയാൽ പിന്നെ ഇറക്കമാണ്.  നടന്നെത്താവുന്ന അകലത്തിൽ മഞ്ഞുമലകൾ കണ്ടുകൊണ്ട് ഇറങ്ങിച്ചെല്ലുക കാശ്മീർ താഴ്വരയിലേക്കാണ്.  നെല്ലും കടുകും ജീരകവും കുങ്കുമവും തഴച്ചുവളരുന്ന പാടങ്ങൾ.  പ്രകൃതി തട്ടി നിരപ്പാക്കിയതുപോലുള്ള താഴ്വര അവസാനിക്കുന്നത് പ‍ർവ്വതശ്രേഷ്ഠന്മാരുടെ കാൽക്കീഴിൽ.  നീലനിറത്തിൽ സഗൌരവം നിലയുറപ്പിച്ച ഈ മലനിരകൾക്കു തൊട്ടു പിറകിലായി തല നരച്ച മഞ്ഞുമലകൾ.  താഴ്വരയെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് നദികളും തടാകങ്ങളും. വീതിയേറിയ നിരത്തുകളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ബന്ധമില്ലെങ്കിലും റെയിൽവേയും ഇവിടെയുണ്ട്. (ശ്രീനഗർ-ജമ്മു റെയിൽപ്പാതയുടെ പണി പുരോഗമിക്കുന്നു.) വയലേലകൾ ചിലപ്പോഴെങ്കിലും ജെ.സി.ബി.കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കേരളത്തെ ഓർമ്മിപ്പിച്ചു.  വഴിനീളെ നല്ല മനുഷ്യർ.  നന്നായൊന്നു വിലപേശിയാൽ വേണമെങ്കിൽ വെറുതെയും തരാമെന്ന മട്ടിൽ കച്ചവടക്കാർ.  ചിനാർമരത്തണലിലും കടുകുപാടങ്ങളിലും അജ്ഞാതരായ ഭീകരന്മാരെ തോക്കുമായി കാത്തിരിക്കുന്ന പട്ടാളക്കാ‍ർ പക്ഷെ, ആ രംഗത്തിന് ചേരാത്തവരായി തോന്നി.  ശ്രീനഗറിൽ തങ്ങിയ രണ്ടു ദിനരാത്രങ്ങളിലും മുക്കിലും മൂലയിലും പരതിയെങ്കിലും ഒരു ഭീകരൻ പോലും ഞങ്ങളുടെ കണ്ണിൽ പെട്ടതുമില്ല. 
മകൾ മെഹർ
യാത്രാസംഘാംഗങ്ങൾ
ജമ്മു-കാശ്മീരിന് മൂന്നാമതൊരു തട്ടു കൂടിയുണ്ട്. ലഡാക്ക് മലനിരകളാണത്.  ലേ, ലഡാക്ക്, കാ‍ർഗിൽ തുടങ്ങി യുദ്ധവാ‍ർത്തകളിൽ മാത്രം കേട്ടു പരിചയമുള്ള പ്രദേശങ്ങൾ കാശ്മീ‍ർ താഴ്വരവിട്ട് പിന്നെയും ഉയരത്തിലാണ്.  വർഷം മുഴുവൻ മഞ്ഞിന്റെ സാന്നിധ്യമുള്ള ഇവിടങ്ങളിൽ കാശ്മീർതാഴ്വരയുടെ അഴകും സൌഭാഗ്യവുമില്ല.  ഗ്രാമിന് 200 രൂപയും അതിനുമുകളിലും വിലയുള്ള കുങ്കുമം വിളയാൻ താഴ്വരയിൽ വിശേഷിച്ച് ഒന്നും ചെയ്യേണ്ടതില്ല. മലമടക്കുകളിൽ മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും അതിജീവിച്ച് ഇത്തിരി നെല്ലും ഗോതമ്പും വിളയിക്കുക പെടാപാടു തന്നെയാണ്.  താഴ്വരയിൽ പാടശേഖരങ്ങൾ കണ്ണെത്താ ദൂരത്തേക്കു നീങ്ങുമ്പോൾ മലയിടുക്കുകളിൽ കൃഷിയിറക്കുന്ന തട്ടുകൾക്ക് ഏതാനും അടി മാത്രമാണ് വീതി.  ചെമ്മരിയാടുകളും കോവർക്കഴുതകളും കൂട്ടില്ലെങ്കിൽ കാര്യം കഷ്ടം തന്നെയാണ്.  എല്ലാവരെയും സംശയിക്കുന്ന പട്ടാളസാന്നിധ്യം തണുത്തുറഞ്ഞ മലനിരകളിൽ ജീവിതം ഒന്നുകൂടി ദുസ്സഹമാക്കുന്നു.  ശ്രീനഗറിൽനിന്ന് ഏതാണ്ട് എൺപതു കി.മി.മലനിരകളിലൂടെ ലേ-ലഡാക്ക് റൂട്ടിൽ ഞങ്ങൾ യാത്ര ചെയ്യുകയുണ്ടായി.  അമ‍ർനാഥ് യാത്രയുടെ ബെയ്സ് ക്യാമ്പിൽനിന്ന് 20 കി.മി. മാത്രം മാറിയുള്ള സോനാമാർഗ്ഗിലെ മഞ്ഞുമലയായിരുന്നു ലക്ഷ്യം.  ആവോളം മഞ്ഞിൽക്കളിച്ചതിനോടൊപ്പം അവിടുത്തെ പാവങ്ങളിൽ പാവങ്ങളായ ഗ്രാമീണരോടൊപ്പം ഇടപഴകാനും ഒരു ഹിമ-സാഗരബന്ധം തീർക്കാനും ഞങ്ങൾക്കായി.
സിന്ധു നദിക്കരയിൽ (ലേ, ലഡാക്ക് പാതക്കരികിൽ)
കാശ്മീരിൽ മൂന്നു ദിവസങ്ങളായിരുന്നു ഞങ്ങളുടെ പ്ലാൻ.  ലോഡ്ജിൽ താമസസൌകര്യം നിഷേധിക്കപ്പെട്ട് വണ്ടിയിൽ രാത്രി കഴിച്ചു കൂട്ടേണ്ടി വന്ന ഒരു ടാക്സി ഡ്രൈവർ തണുത്തു മരിച്ചു പോയതിൽ പ്രതിഷേധിച്ച് ഡ്രൈവർമാ‍ർ പണിമുടക്കിയതുകൊണ്ട് ഞങ്ങൾക്ക് മഞ്ഞുറഞ്ഞ ഗു‍ൽമാർഗ്ഗ് കാണാനായില്ല.   പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ട തലസ്ഥാനമാറ്റവും (ജമ്മു-കാശ്മീരിന് രണ്ടു തലസ്ഥാനങ്ങളാണ്. ജമ്മുവും ശ്രീനഗറും) ഞങ്ങളുടെ യാത്രയെ ബാധിച്ചു.  അധികമായി കിട്ടിയ ദിനങ്ങൾ പഞ്ചാബിലേക്കു തിരിച്ചു വിടാൻ നീണ്ട ചർച്ചകൾക്കു ശേഷം തീരുമാനമായി. പിറ്റേന്ന് അതിരാവിലെ മലയിറങ്ങാൻ തീരുമാനിച്ച് കാശ്മീരിലെ അവസാനരാത്രി ആസ്വദിക്കുമ്പോഴാണ് നാട്ടിൽനിന്ന് തുരുതുരാ എസ്.എം.എസുകൾ വരാൻ തുടങ്ങിയത്. 11.30ന് സുഹൃത്ത് റാഫിയുടെ സന്ദേശമാണ് ആദ്യമെത്തിയത്.  ഒഞ്ചിയത്തെ മാർക്സിസ്റ്റ് വിമതൻ ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മുകാർ വെട്ടിക്കൊന്നു എന്നായിരുന്നു സന്ദേശം.  തുടർന്ന് ഒരു പാർട്ടി സുഹൃത്തിന്റെ സന്ദേശം. സി.പി.എമ്മുകാർ എന്നതിനു പകരം ഒരു സംഘമാളുകൾ എന്നൊരു വ്യത്യാസം. തൊട്ടടുത്ത മുറികളിൽ പെട്ടിയൊരുക്കുന്നവരും ഉറങ്ങാൻ തുടങ്ങിയവരുമായ എല്ലവരെയും വിവരമറിയിച്ചു.  മലബാറുകാരായ ഞങ്ങളിൽ ചിലരുടെ ശരീരത്തിൽനിന്ന് ശ്രീനഗറിലെ തണുപ്പ് ഉരുകിപ്പോയി. താഴ്വരയുടെ സൌന്ദര്യ ലഹരിയും താൽതടാകവും ഹസ്രത്ത്ബാൽപള്ളിയും മഞ്ഞുമകളും ഒഴുകിപ്പോയി. രാത്രി ഒരു മണിയുടെ ശ്രീനഗർ തണുപ്പിൽ ലോഡ്ജിന്റെ മുറ്റത്ത് വാസുദേവൻമാഷും ബിനോയും ഉമ്മർമാഷും ഞാനും കേരളരാഷ്ട്രീയത്തിന്റെ വ‍ർത്തമാനവും ഭാവിയും ചർച്ച ചെയ്തു.  ടി.പി.യെ നേരിട്ടറിയില്ലെങ്കിലും ഏറാമലയുടെയും ഒഞ്ചിയത്തിന്റെയും രാഷ്ട്രീയ വർത്തമാനം ഞങ്ങൾക്ക് മനഃപാഠമായിരുന്നു.  ടി.പി. ഒരു പ്രതീക്ഷയായിരുന്നു.
  പിറ്റേന്ന് പഞ്ചാബിലെ ഗോതമ്പു പാടങ്ങളിലും സുവർണ്ണക്ഷേത്രത്തിലും ഞങ്ങൾ ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു തന്നെ പറഞ്ഞുകൊണ്ടിരുന്നു. ജാലിയൻവാലാബാഗിൽ ജനറൽ ഡയറിന്റെ വെടിയേറ്റ മതിലിൽ ചാരി ഞങ്ങൾ നാട്ടിലേക്കു വിളിച്ചുകൊണ്ടേയിരുന്നു. നൂറുക്കണക്കിന് രക്തസാക്ഷികളുടെ ചോരപുരണ്ട ആ മണ്ണിൽ ചവിട്ടി ഞങ്ങൾ നിൽക്കെ നാട്ടിൽ ടി.പി.യുടെ മൃതദേഹം വിലാപയാത്രക്കൊരുങ്ങുകയായിരുന്നു.  പത്രവും ചാനലുകളുമില്ലാതെ എസ്. എം. എസുകൾ വഴിയും ഫോൺവിളികളിലൂടെയും കിട്ടിയ ഇത്തിരി വാർത്തകളിൽ ഞങ്ങൾ വല്ലാതെ ഉരുകി.  ഞങ്ങളുടെ ഉള്ളുരുക്കം ഒരു ജനതയുടെ ആകെ ഉരുക്കമായിരുന്നുവെന്ന് അഞ്ചാംനാൾ മലയാളപത്രം കയ്യിൽ കിട്ടിയപ്പോഴാണറിഞ്ഞത്.


സോണാമാർഗ്ഗ് (മാനവ്)



പ്രിയപ്പെട്ട ടി.പി. ഈ യാത്ര താങ്കളുടെ രക്തസാക്ഷിത്വത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു.

1 അഭിപ്രായം:

  1. ഭാവുകങ്ങള്‍ ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്...... വായിക്കണേ....

    മറുപടിഇല്ലാതാക്കൂ