പേജുകള്‍‌

2011 മേയ് 19, വ്യാഴാഴ്‌ച

ഗോമതേശ്വരനോടൊപ്പം

യാത്രയേതായാലും കൃത്യമായ ലക്ഷ്യവും മുന്നൊരുക്കവും വേണമെന്നാണ് യാത്രകളെ സംബന്ധിച്ചുള്ള മുൻവിധി. ഒരുക്കത്തിന്റെ കുറവ് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ഇതൊന്നുമില്ലാത്ത യാത്രകൾക്കും സൗന്ദര്യമുണ്ട്. മുന്നിൽ വന്നുപെടുന്ന ഓരോ കാഴ്ചയും ഇത്തരം യാത്രകളിൽ പുതുമയാണ്. അനിശ്ചിതത്വവും യാദൃശ്ചികതയും ഇത്തരം യാത്രകളുടെ സൗന്ദര്യമാണ്. മെയ് 11, 12 ദിവസങ്ങളിൽ കർണ്ണാടകത്തിലെ മൈസൂർ, ഹാസൻ, കുടക് ജില്ലകളിലൂടെ ഞങ്ങൾ നടത്തിയ യാത്ര ഇത്തരത്തിലൊന്നായിരുന്നു. മലയാളികൾക്ക് ഏറെ പരിചിതനായ കന്നട എഴുത്തുകാരൻ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങൾ എന്ന നോവലിലൂടെ പരിചിതമായ ആലനഹള്ളി മാത്രമായിരുന്നു ഏകദേശ ലക്ഷ്യം.

പി. സുരേഷ്, ബൈജു, പ്രകാശ് വർമ്മ, ഗിരീഷ് ബാബു എന്നിവരാണ് കൂടെയുണ്ടായിരുന്നത്. എല്ലാവരും യാത്രാപ്രിയർ. സംഘത്തലവനായ സുരേഷ് മാഷിന്റെ കാറിലായിരുന്നു യാത്ര. രാവിലെ പുറപ്പെട്ട് കുറ്റ്യാടി ചുരം കയറി മാനന്തവാടിയെത്തി കാട്ടിക്കുളം വഴി അതിർത്തി കടന്നു. ബാവൊലി എന്ന ഗ്രാമത്തിലാണ് ആദ്യമെത്തിയത്. ബാവ അലി എന്ന മുസ്ളിം ദിവ്യന്റെ പേരിലുള്ള ഗ്രാമമാണത്. അവിടെനിന്ന് ഞങ്ങൾക്കു പോകേണ്ടത് എച്ച്.ഡി. കോട്ട എന്ന ഒരു അങ്ങാടി വഴിയാണ്. എളുപ്പവഴി തേടി ഒരു കാനനപാതയിലാണ് ചെന്നു പെട്ടത്. ഞങ്ങൾക്ക് വലിയ തിരക്കൊന്നുമില്ലതിരുന്നതുകൊണ്ട് വനവും വനത്തോടു ചേർന്ന കാർഷികഗ്രാമങ്ങളും ആസ്വദിച്ചായിരുന്നു യാത്ര. ഇടയ്ക്കു കണ്ട ആന സംരക്ഷണ കേന്ദ്രം വിസ്മയമായി. കുട്ടിയാനയോടു ചേർന്നു നിന്ന് ധൈര്യമുള്ളവരൊക്കെ ഫോട്ടോയെടുത്തു.

എച്ച്.ഡി. കോട്ടയിൽനിന്ന് ആലനഹള്ളി ലക്ഷ്യമാക്കി യാത്ര തുടർന്നു. മാന്തോപ്പുകളും കരിമ്പിൻ തോട്ടങ്ങളും പേരറിയാത്ത മറ്റു കൃഷിയിടങ്ങളും പിന്നിട്ടുള്ള യാത്രയിൽ ഒന്നു രണ്ടു ചെമ്മരിയാട്ടിൻപറ്റങ്ങളും ഞങ്ങളെ കടന്നുപോയി. വിജമായ വഴികളിലെ കരിമ്പും മാങ്ങയുമെല്ലാം രുചിച്ചുനോക്കുന്നതിനിടയിൽ ആലനഹള്ളി പിന്നിലായിപ്പോയി. കന്നടയല്ലാതെ മറ്റൊന്നുമറിയാത്ത ഗ്രാമീണരോട് ഒരു വാക്കു പോലും കന്നടയറിയാത്ത ഞങ്ങൾ വഴി ചോദിച്ച് ഒടുക്കം രണ്ടുമണിയോടെ ആലനഹള്ളിയിലെത്തി. ആലനഹളളി വിശേഷങ്ങൾ സുരേഷ് മാഷ് മനോഹോരമായി എഴുതിയിട്ടുണ്ട്. വായിക്കുവാൻ അദ്ദേഹത്തിന്റെ മഞ്ഞക്കിളി എന്ന ബ്ളോഗ് സന്ദർശിച്ചാൽ മതി.

ആലനഹളളിക്കു ശേഷം ഞങ്ങൾക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നില്ല. പാത നീണ്ടുകിടക്കുന്നത് മൈസൂരേക്കാണ്. കാളവണ്ടിയിലും ഗുഡ്സ് ഓട്ടോയിലും മറ്റുമായി ഹള്ളികളിൽനിന്ന് ഇളനീരും കരിന്പും മാന്പഴവുമെല്ലാം മൈസൂരേക്കു പോകുന്നു. ആലനഹള്ളിയിലെ കടയിൽനിന്ന് ഗ്രാമീണമായ ഊണു കഴിച്ച് ഞങ്ങളും മൈസൂരേക്കു തിരിച്ചു.

മൈസൂരേക്കു തിരിയാനുള്ള കവലയിൽ വിപരീതദിശയിൽ ഹളെബിഡു വിലേക്കുള്ള വഴിക്കുറിപ്പു കണ്ടു. വഴി, എത്താനുള്ള സമയം, താമസഭക്ഷണ സൗകര്യങ്ങൾ എന്നിവ അനിശ്ചിതത്വത്തിന്റെ സൗന്ദര്യത്തിനു വിട്ടുകൊടുത്ത് വണ്ടി അങ്ങോട്ടു തിരിച്ചു. 11-ആം നൂറ്റാണ്ടിലെ ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹാസൻ ജില്ലയിലെ ഹളെബിഡു. വഴിചോദിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോൾ ജൈനകേന്ദ്രമായ ശ്രാവണബലഗൊളയ്ക്കുള്ള വഴിക്കുറിപ്പു കണ്ടു. ഹളെബിഡുവിനെക്കാൾ 50 കിലോമീറ്റർ കുറവാണ് ശ്രാവണബലഗൊളയ്ക്ക്. അധികമാലോചിക്കാതെ ലക്ഷ്യം ശ്രാവണബലഗൊളയാക്കി.

ശ്രാവണബലഗൊള എന്ന പേരിനാധാരമായ കുളം
മൈസൂർ-ശ്രീരംഗപട്ടണം-കൃഷ്ണരാജ്പേട്ട് വഴിയോ ഹുൻസുർ വഴിയൊ എളുപ്പത്തിൽ എത്താമായിരുന്ന ശ്രാവണബലഗൊളയ്ക്ക് അറിയാത്ത വഴികളിലൂടെ ചുറ്റിക്കറങ്ങിയെത്തിയപ്പോഴേക്കും സന്ധ്യയായി. ഗോമതേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന വിന്ധ്യഗിരിയുടെ താഴ്വരയിലായി ഞങ്ങൾക്കു താമസസൗകര്യം കിട്ടി. മൂന്നാംനിലയിലെ ജനലിലൂടെ നോക്കിയാൽ വിന്ധ്യഗിരിയും ക്ഷേത്രവും കാണാം; വരാന്തയിൽനിന്ന് ലോക്കിയാൽ ബലഗൊളയും. ബല(വെളുത്ത) ഗൊള (കുളം). ശ്രാവണബലഗൊള എന്നാൽ ജൈനന്റെ കുളം എന്നർത്ഥം. ഗോമതേശ്വരപ്രതിഷ്ഠയ്ക്കു ശേഷം അഭിഷേകം ചെയ്ത പാലൊഴുകിവന്നാണ് കുളം രൂപപ്പെട്ടതെന്നാണ് ഐതിഹ്യം. കുളത്തിന്റെ പേര് പിന്നീട് ദേശനാമമായി.

ചന്ദ്രഗിരി, വിന്ധ്യഗിരി എന്നിങ്ങനെയുള്ള രണ്ടു കുന്നുകൾക്കിടയിലാണ് ശ്രാവണബലഗൊള എന്ന കൊച്ചു പട്ടണം. ജൈനസംസ്കൃതിയ്ക്കു പേരുകേട്ടതാണ് ഇവിടം. ചന്ദ്രഗുപ്തമൗര്യൽ രാജ്യമുപേക്ഷിച്ച് ഗുരുവായ ഭദ്രബാഹുവിനൊപ്പം എത്തിച്ചേർന്നത് ഇവിടെയാണത്രെ. അദ്ദേഹത്തിന്റെ പേരാണ് ചന്ദ്രഗിരിക്കു കിട്ടിയെതെന്നു പറയപ്പെടുന്നു. ഇരു കുന്നുകളിലും പരിസരങ്ങളിലുമായി നിരവധി ജൈന ബസതികളുണ്ട്. A.D. 600 നും1830 നും ഇടയിലുള്ള 800ഓളം ലിഖിതങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഗംഗാസാമ്രാജ്യത്തിലെ രാജാവായിരുന്ന രാജമല്ല നാലാമന്റെ മന്ത്രിയായിരുന്ന ചാമുണ്ഡരായനാണ് ഗോമതേശ്വരക്ഷേത്രവും ശില്പവും പണികഴിപ്പിച്ചത്. അരിഷ്ടനേമി എന്ന ശില്പിയാണ് A.D.981-ൽ 18 മീറ്റർ പൊക്കമുള്ള ഈ ഒറ്റക്കൽ ശില്പം തീർത്തത്. താങ്ങില്ലാതെ നിവർന്നുനിൽക്കുന്ന ശില്പങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ് ഗോമതേശ്വരപ്രതിമ. 30 കിലോമീറ്റർ അകലെനിന്നുവരെ പ്രതിമയുടെ മുകൾഭാഗം കാണാനാകും. ജൈനരുടെ ആദി തീർത്ഥങ്കരനായ ഋഷന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരസൂചകമായാണ് ക്ഷേത്രവും പ്രതിമയും സ്ഥാപിച്ചത്.

കരിങ്കല്ലിൽ തീർത്ത ശില്പഗോപുരം കടന്നാൽ കുന്നു കയറാനുള്ള പടികളായി. കരിമ്പാറയിൽ വെട്ടിയുണ്ടാക്കിയ 641 പടികളുണ്ട്. ആർക്കും അനായാസം കയറിപ്പോകാവുന്ന വിധമാണ് കല്പടികളുടെ നിർമ്മിതി. പുലർച്ചെ മുതൽ ആളുകൾ കയറിപ്പോകുന്നത് കാണാമായിരുന്നു. അപ്പോൾ തോന്നിയ കടുപ്പം നടന്നപ്പോൾ തോന്നിയില്ല. 7 മണിയോടെയാണ് ഞങ്ങൾ കയറ്റം തുടങ്ങിയത്. കയറിപ്പോകും തോറും ശ്രാവണബലഗൊള മുഴുവൻ ദൃശ്യമായി. വിന്ധ്യഗിരിയുടെ പിൻഭാഗത്ത് വിശാലമായ കൃഷിയിടങ്ങളാണ്.

കുന്നിന്റെ ഒത്ത മുകളിലായാണ് ഗോമതേശ്വരപ്രതിഷ്ഠ. പ്രധാനക്ഷേത്രത്തോടു ചേർന്നും അല്പം മാറിയും വേറെയും ബസതികളും കമാനങ്ങളും തൂണുകളുമുണ്ട്. എല്ലാം കരിങ്കല്ലിൽ തീർത്തവ. അനേകം പേരുടെ നിരവധി വർഷത്തെ അധ്വാനം ഓരോ ശില്പവിസ്മയത്തിനു പിന്നിലും തീർച്ചയായും ഉണ്ടായിരിക്കണം. ആയിരം വർഷം മുമ്പ് എങ്ങിനെയാണാവോ ഇതെല്ലാം സാധിച്ചിരിക്കുക! പലയിടത്തായി പല ഭാഷകളിൽ ലിഖിതങ്ങളുണ്ട്. കന്നട, തമിഴ്, മറാത്തി, സംസ്കൃതം, മാർവാരി, മഹാജനി ഭാഷകളിലായാണ് ലിഖിതങ്ങൾ. ഭാഷകളുടെ വളർച്ചാഘട്ടങ്ങളും വിവിധ സാമ്രാജ്യങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ ലിഖിതങ്ങളിലുണ്ട്.

ഭൂമിയിൽ കാലുറപ്പിച്ച് ശരീരത്തിൽ തൊടാതെ കൈകൾ താഴ്ത്തിയിട്ട് കണ്ണു തുറന്ന് പുഞ്ചിരിയോടെ നിവർന്നു നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.തുടകൾക്കുമേൽ ഒരു താങ്ങുമില്ലാതെയാണ് ശില്പത്തിന്റെ നില്പ്. ശരീരം വെടിയുന്നതിനു തൊട്ടുമുമ്പായുള്ള ഈ അവസ്ഥയെ ജൈനർ കയോത്സർഗ്ഗം എന്നാണ് പറയുന്നത് . പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന മഹാമസ്തകാഭിഷേകം പ്രസിദ്ധമാണ്. സംന്യാസിമാരും ഭക്തരുമായ ആയിരക്കണക്കിനാളുകൾ പ്രതിമയിൽ പാലും തൈരും വിലപിടിപ്പുള്ള രത്നങ്ങളും വരെ അഭിഷേകം ചെയ്യും. അടുത്ത മഹാമസ്തകാഭിഷേകം 2018 ലാണ് നടക്കുക.

വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു. മുകളിലെത്തിയതോടെ ഞങ്ങളുടെ സംഘം താൽപര്യമനുസരിച്ച് ഓരോ വഴിക്കു പിരിഞ്ഞു. ബുദ്ധസംന്യാസിമാരടങ്ങുന്ന ഒരു സംഘം ഞങ്ങൾ ചെന്നപ്പോൾ അവിടെയുണ്ടായിരുന്നു. ഗോമതേശ്വരപ്രതിമയ്ക്കു ചുറ്റും അർദ്ധവൃത്താകൃതിയിൽ വിന്യസിച്ച 24 തീർത്ഥങ്കരന്മാരുടെ ശില്പങ്ങളടങ്ങുന്ന കരിങ്കൽ ഇടനാഴി ബുദ്ധസംഘത്തിന് തുറന്നുകൊടുത്തു. ഞാനും സുരേഷ് മാഷും അവരോടൊപ്പം അകത്തു കയറി. തീർത്ഥങ്കരന്മാരെ ഒന്നൊന്നായി വണങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ഭാരതത്തെ ആഴത്തിൽ സ്വാധീനിച്ച ജൈനസംസ്കൃതിയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിഞ്ഞതിന്റെ നിർവൃതിയുണ്ടായിരുന്നു ഉള്ളിൽ.

രാവിലെയായതുകൊണ്ടാവാം വലിയ തിരക്കില്ലായിരുന്നു. ഭക്തരും കാഴ്ചക്കാരുമായി കുറച്ചു പേർ. ദിഗംഭരന്മാരായ രണ്ടു ജൈനസംന്യാസിമാരെയും കാണാനായി. ആയിരത്താണ്ടുകളായി മഞ്ഞും മഴയും വെയിലും ഭക്തരുടെ പലവിധ അഭിഷേകങ്ങളുമേറ്റുവാങ്ങി ഒരു കുഴപ്പവുമില്ലാതെ നില്പു തുടരുന്ന ഗോമതേശ്വരനെയും മഹാശില്പികളെയും വണങ്ങി പ്രകാശ് വർമ്മയുടെ നേതൃത്വത്തിൽ ഒരു പ്രദക്ഷിണവും നടത്തി ഞങ്ങൾ തിരിച്ചിറങ്ങി. മടക്കത്തിൽ ബസതിയിലെ മുഖ്യ പൂജാരിയെ കണ്ടു. വയനാട്ടിലെ ജൈനക്ഷേത്രത്തിൽ ജോലിചെയ്തതുകൊണ്ട് അദ്ദേഹത്തിന് നന്നായി മലയാളമറിയാമായിരുന്നു.

രുചികരമായ പ്രഭാതഭക്ഷണത്തിനു ശേഷം ഹളെബിഡു ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. യുനെസ്കോ പൈതൃ സ്വത്തായി പ്രഖ്യാപിച്ച ശ്രാവണബലഗൊളയെ അധികാരികളും നാട്ടുകാരും വേണ്ടത്ര പരിഗണിക്കുന്നില്ലേയെന്നൊരു ശങ്ക തോന്നി. അങ്ങോട്ടുള്ള വഴിക്കുറിപ്പുകളിലും വഴികളിലും അങ്ങിനെയൊരു വേണ്ടായ്മ അനുഭവപ്പെട്ടു. ഹളെബിഡുവിലെ വിസ്മയക്കാഴ്ചകളിലേക്കു താൽക്കാലികമായി മുഴുകുന്നതുവരെ ഗോമതേശ്വരൻ മഹാവിസ്മയമായി കൂടെയുണ്ടായിരുന്നു.

5 അഭിപ്രായങ്ങൾ:

  1. ഹളെബിഡു അനുഭവങ്ങൾ അടുത്തു തന്നെ വായിക്കാം

    മറുപടിഇല്ലാതാക്കൂ
  2. നന്നായി ലത്തീഫ്..വീണ്ടും പോയതുപോലെ.ഹലേബിഡു ഉടനെ വേണം

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിവരണം, ബാംഗ്ലൂരിലായിരുന്നപ്പോൾ പോയിട്ടുണ്ട് ശ്രവണബൽഗോളയിൽ...ആ കാലം ഓർമ്മ വന്നു

    മറുപടിഇല്ലാതാക്കൂ
  4. നല്ല എഴുത്ത്.പോവണം.അന്യരാജ്യങ്ങളില്‍ പലയിടത്തും കറങ്ങിയപ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ കറങ്ങാനുള്ള അവസരം കിട്ടിയില്ല ..........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. നല്ല യാത്ര വിവരണം .....കുറച്ചൂടെ ഫോട്ടോസ് ചേര്‍ക്കാമായിരുന്നു എന്ന് തോന്നി.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ